Showing posts with label Kerala News. Show all posts
Showing posts with label Kerala News. Show all posts

Friday, 5 August 2011

സിങ് വി ചെയ്തത് തെറ്റ്


കൊച്ചി

എന്‍ഡോസള്‍ഫാന്‍ കമ്പനി ഉടമകള്‍ക്കായി കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ് വി സുപ്രീംകോടതിയില്‍ ഹാജരായതു തെറ്റായി പോയെന്നു കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. സിങ് വി കോണ്‍ഗ്രസ് വക്താവാണെന്ന കാര്യം മറക്കുന്നു. അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്ന് ഇത്തരം നടപടിയുണ്ടായതു വേദനാജനകമാണ്. സംഭവത്തിലെ പ്രതിഷേധം നേരിട്ടറിയിക്കുമെന്നു ചെന്നിത്തല പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സംസ്ഥാനത്തിന്‍റെ നിലപാടു വ്യക്തമാണ്. എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം. ഇതിനെ മറികടന്നാണു സിങ് വി കോടതിയില്‍ ഹാജരായത്. അഭിഭാഷകന്‍ എന്ന നിലയില്‍ സിങ് വിക്കു കേസുകള്‍ ഏറ്റെടുക്കാം. ഉത്തരവാദിത്വപ്പെട്ട പദവിയില്‍ ഇരുന്നു കൊണ്ട് ഇതു ചെയ്യരുതെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതേസമയം സിങ് വിയെ വിമര്‍ശിച്ചു കൊണ്ടു കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.ഡി. സതീശന്‍ രംഗത്തെത്തി. അഭിഷേക് സിങ് വിയെ വക്താവു സ്ഥാനത്തു നിന്നു പുറത്താക്കണമെന്നു സതീശന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ വികാരം അറിയാത്ത ആള്‍ വക്താവായി ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

സന്ദര്‍ശനം മനുഷ്യത്വപരം


തിരുവനന്തപുരം

സിപിഎം പുറത്താക്കിയ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചതിനു ന്യായീകരണവുമായ വി.എസ്. അച്യുതാന്ദന്‍ രംഗത്ത്. സന്ദര്‍ശനം മനുഷ്യത്വപരമാണെന്നു വിഎസ് പറഞ്ഞു. മരണം, വിവാഹം, അസുഖം എന്നീ കാര്യങ്ങളില്‍ മനുഷ്യത്വപരമായ പെരുമാറ്റത്തിനു തെറ്റില്ല. പുറത്താക്കിയവരോ അല്ലാത്തവരോ എന്ന വേര്‍തിരിവില്ലാതെ സഹകരിക്കുകയാണു പാര്‍ട്ടിയുടെ പതിവ്. എന്നാല്‍ ഇക്കാര്യങ്ങള്‍ പലരും മറച്ചുവയ്ക്കുന്നു.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ മകളുടെ വിവാഹത്തില്‍ പാര്‍ട്ടി പുറത്താക്കിയ എം.വി. രാഘവനെ ക്ഷണിച്ചിരുന്നു. കൂത്തുപറമ്പില്‍ അഞ്ചുപേരെ വെടിവച്ചു കൊല്ലാന്‍ നേതൃത്വം നല്‍കിയ ആളാണ് എം.വി. രാഘവന്‍. താനും എം.എം ലോറന്‍സും എംവിആറിനൊപ്പം വിവാഹത്തില്‍ പങ്കെടുത്തു. ബിജെപി നേതാവ് സി.കെ. പത്മനാഭനും ക്ഷണമുണ്ടായിരുന്നു. അദ്ദേഹവും പങ്കെടുത്തു. പാര്‍ട്ടിയെ സംബന്ധിച്ച കാര്യങ്ങള്‍ പലരും പല തരത്തിലാണു വിലയിരുത്തിയതെന്ന് അദ്ദേഹം അറിയിച്ചു.

സ്വാശ്രയ മാനെജ്മെന്‍റുമായി ഒളിഞ്ഞും തെളിഞ്ഞും സംസ്ഥാന സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യം കടുത്ത പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tuesday, 26 July 2011

ഉന്നത ഉദ്യോഗസ്ഥര്‍ക്കു പങ്കില്ല


കൊച്ചി

സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ തെളിവില്ലെന്നു സിബിഐ. കേസില്‍ അന്വേഷണം തുടരുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുളള സാക്ഷിമൊഴികളില്‍ സംശയമുണ്ട്. എറണാകുളം സെഷന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സിബിഐ ഇക്കാര്യമറിയിച്ചത്.

പീഡനം നടന്ന സ്ഥലത്ത് എഡിജിപി മുഹമ്മദ് യാസിന്‍ എത്തിയതിനു വിശ്വനീയമായ സാക്ഷികളില്ല. കേസില്‍ സാക്ഷികളായ കനകരാജിന്‍റെയും മണികണ്ഠന്‍റെയും മൊഴികള്‍ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി.

ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്ത സിബിഐ ഇരട്ടത്താപ്പു നയം സ്വീകരിക്കുകയാണെന്നു ജഡ്ജി ബി. കെമാല്‍പാഷ വിമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു സിബിഐയുടെ വിശദീകരണം.

നേരത്തേ കേസില്‍ എഡിജിപി മുഹമ്മദ് യാസിന്‍, ഡിഐജി വിജയ് താക്കറെ, സിഐ വിപിന്‍ ദാസ് എന്നിവരെ സിബിഐ പ്രതി ചേര്‍ത്തു ജാമ്യമില്ലാ വോറന്‍റ് നേടിയിരുന്നു.

ബസ് ചാര്‍ജ് കൂടും


തിരുവനന്തപുരം

സംസ്ഥാനത്തു ബസ് ചാര്‍ജ് നിരക്കു വര്‍ധിക്കും. ഇതു സംബന്ധിച്ച വിദഗ്ധ സമിതി ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. നാളെ ഗതാഗതമന്ത്രി ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമുണ്ടാകും.

ഓര്‍ഡിനറി ബസിന്‍റെ മിനിമം ചാര്‍ജ് നാലു രൂപയില്‍ നിന്ന് അഞ്ചു രൂപയും ഫാസ്റ്റിന് അഞ്ചു രൂപയില്‍ നിന്ന് ഏഴു രൂപയും ആകും. മിനിമം ചാര്‍ജിന്‍റെ യാത്രാപരിധി രണ്ടര കിലോമീറ്ററില്‍ നിന്ന് അഞ്ചു കിലോമീറ്ററാക്കും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കിന്‍റെ കാര്യത്തില്‍ തീരുമാനമായില്ല.

മിനിമം ചാര്‍ജ് അഞ്ചു രൂപയില്‍ നിന്നും വര്‍ധിപ്പിക്കണമെന്ന ആവശ്യമാണു ബസ് ഉടമകള്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. വിദഗ്ധ സമിതി റിപ്പോര്‍ട്ട് തയാറാക്കിയ ശേഷം പലതവണ ഇന്ധനവില വര്‍ധിപ്പിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയാണിത്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കു കൂട്ടണമെന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

ഡോക്റ്റര്‍ സമരം നിര്‍ഭാഗ്യകരം


തിരുവനന്തപുരം
സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ സമരം പ്രഖ്യാപിച്ചതു നിര്‍ഭാഗ്യകരമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമരം പ്രഖ്യാപിച്ചത് ഏതു സാഹചര്യത്തിലെന്നു കെജിഎംഒഎ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഞായറാഴ്ച കൊച്ചിയില്‍ കെജിഎംഒഎ ഭാരവാഹികളുമായ നടത്തിയ ചര്‍ച്ച അനുകൂല ധാരണയിലാണു പിരിഞ്ഞത്. എന്നാല്‍ പുറത്തിറങ്ങിയ സംഘടന നേതാക്കള്‍ സമരവുമായി മുന്നോട്ടു പോകുമെന്നു മാധ്യമങ്ങളെ അറിയിച്ചു. ഇത് ഏതു സാഹചര്യത്തിലെന്നു നേതാക്കള്‍ സംഘടന അംഗങ്ങളോടെങ്കിലും വ്യക്തമാക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാണ്. ഇക്കാര്യത്തില്‍ ആരോടു സംസാരിക്കുന്നതിലും സര്‍ക്കാരിനു മടിയില്ല. എന്നാല്‍ ഡോക്റ്റര്‍മാരുമായി ഇനിയും ചര്‍ച്ച നടത്തുമോയെന്ന ചോദ്യത്തിനു മുഖ്യമന്ത്രി കൃത്യ മറുപടി നല്‍കിയില്ല.

ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. മദ്യനയം സംബന്ധിച്ച് എക്സൈസ് മന്ത്രി നല്‍കിയ കരട് അംഗീകരിച്ചു. തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ചെയ്യാന്‍ പൊതുമരാമത്തു മന്ത്രിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനാവശ്യമായ ഫണ്ട് മന്ത്രി ആവശ്യപ്പെടുന്നതനുസരിച്ചു നല്‍കും. ദേശീയപാത വികസനത്തിനു ഭൂമി വിട്ടുനല്‍കുന്നവര്‍ക്കുളള പാക്കേജ് സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ റെവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചാര്‍ജ് വര്‍ധന പരിഗണിച്ചേക്കും


തിരുവനന്തപുരം

ബസ് ചാര്‍ജ് വര്‍ധന ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനയ്ക്കു വന്നേക്കും. നിരക്കു വര്‍ധനവേണമെന്നു സ്വകാര്യ ബസ് ഉടമകളും കെഎസ്ആര്‍ടിസിയും ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.

ചാര്‍ജ് വര്‍ധനയെക്കുറിച്ചു പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ സമിതി റിപ്പോര്‍ട്ടാവും ഇന്നത്തെ യോഗം പരിഗണിക്കുക. മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണമെന്നാണ് സമിതി ശുപാര്‍ശ.

ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ചതിനെ തുടര്‍ന്നു സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. സ്വകാര്യ ബസ് ഉടമകളുമായി നാളെ നടത്തുന്ന ചര്‍ച്ചയ്ക്കു മുന്നോടിയായി ഒരു ധാരണയുണ്ടാക്കുന്നതിന്‍റെ ഭാഗമാണ് ഇന്നത്തെ മന്ത്രിസഭ ഇക്കാര്യം പരിഗണിക്കുന്നത്. എന്നാല്‍ ഇന്നുതന്നെ അന്തിമ തീരുമാനം ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല.

രണ്ടു പേര്‍ കൂടി പിടിയില്‍


കൊച്ചി

പറവൂര്‍ പീഡനക്കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. നേര്യമംഗലം സ്വദേശികളായ അനീഷ് മുരളി, ചിഞ്ചു എന്നിവരെയാണു കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. ഇടനിലക്കാരി ബീന വഴി പെണ്‍കുട്ടിയെ ഇവര്‍ മൂന്നാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടനിലക്കാരി ബീനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ലീഗ് മന്ത്രിമാരെ രക്ഷിക്കാന്‍ ശ്രമം


തിരുവനന്തപുരം

കാസര്‍ഗോഡ് വെടിവയ്പ്പ് അന്വേഷണ കമ്മിഷനെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു ലീഗ് മന്ത്രിമാരെ രക്ഷിക്കാനെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ ഇന്നത്തെ പല മന്ത്രിമാര്‍ക്കും തുടരാന്‍ കഴിയില്ല. അതുകൊണ്ടാണു സര്‍ക്കാര്‍ ഇത്തരം നടപടികളിലേക്കു നീങ്ങിതെന്ന് അദ്ദേഹം ആരോപിച്ചു. നിയമസഭയില്‍ കളളവോട്ടു ചെയ്തെന്ന ആരോപണം പരിശോധിച്ചു തെളിയിക്കേണ്ടതു സര്‍ക്കാരാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഇടുക്കിയില്‍ ഭൂചലനം


തൊടുപുഴ

ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം. നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.

ഇടുക്കി അണക്കെട്ടിന്‍റെ സമീപ പ്രദേശങ്ങളിലും കുളമാവ്, ഇലപ്പളളി, മൂലമറ്റം, പൂമാല, ഉടമ്പന്നൂര്‍, പന്നിമറ്റം തുടങ്ങിയ പ്രദേശങ്ങളിലാണു ഭൂചലനം അനുഭവപ്പെട്ടത്. രണ്ടു മുതല്‍ നാലു സെക്കന്‍ഡ് വരെ ഭൂചലനം നീണ്ടു നിന്നു. ഇടുക്കി അണക്കെട്ടിനു സമീപത്തുളള റിക്റ്റര്‍ സ്കെയിലില്‍ ഭൂചലനത്തിന്‍റെ തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ചു വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

കോട്ടയത്തു പാലാ അടിവാരത്തും വാഗമണ്ണിലും ഭൂചലനമുണ്ടായി. ഏഴു സെക്കന്‍ഡ് നീണ്ടു നിന്നു. ശക്തമായ ചലനം അനുവപ്പെട്ടെന്നു നാട്ടുകാര്‍.

പ്രവേശന പരീക്ഷ അസാധുവാക്കി


കൊച്ചി

സ്വാശ്രയ ദന്തല്‍ കോളെജുകള്‍ മാനെജ്മെന്‍റ് സീറ്റുകളിലേക്കു നടത്തിയ പ്രവേശന പരീക്ഷ ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റി അസാധുവാക്കി. അനുവാദമില്ലാതെ പരീക്ഷ നടത്തിയതിനാണു നടപടി. 10 ലക്ഷം രൂപ പിഴയായി സര്‍ക്കാരിന് അടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കൊച്ചിയില്‍ അതീവ രഹസ്യമായായിരുന്നു പരീക്ഷ നടന്നത്. ഇതു മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനെ തുടര്‍ന്നു കമ്മിറ്റി വിശദീകരണം ചോദിച്ചിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാലാണു നടപടി.

Wednesday, 20 July 2011

വില്ലെജ് ഓഫിസര്‍ക്ക് അധികാരം


തിരുവനന്തപുരം

2011ലെ നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്‍റെ ബഹിഷ്കരണത്തെത്തുടര്‍ന്ന് വോട്ടെടുപ്പില്ലാതെയാണ് ബില്‍ പാസാക്കിയത്. ആക്റ്റിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി ഉപയോഗിച്ച വാഹനങ്ങളോ ഉപകരണങ്ങളോ പിടിച്ചെടുക്കാനോ കണ്ടുകെട്ടാനോ ഉള്ള അധികാരം വില്ലെജ് ഓഫിസറുടെ പദവിയില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതാണ് പുതിയ ബില്ലിലെ പ്രധാനഭേദഗതി.

2008ലെ കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ ആക്റ്റിലെ 12ാം വകുപ്പില്‍ റവന്യൂ ഡിവിഷണല്‍ ഓഫിസറുടെ പദവിയില്‍ താഴെയല്ലാത്ത റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കാണ് നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ അധികാരമുള്ളത്.

പരിശോധനയ്ക്കും പരാതിയുള്ള സ്ഥലത്തു പ്രവേശിക്കുന്നതിനുമുള്ള അധികാരവും ഈ ഉദ്യോഗസ്ഥര്‍ക്കായിരുന്നു. അനധികൃത നികത്തല്‍ സാധാരണ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വില്ലെജ് ഓഫിസറുടെ മുന്നിലാണ്. വില്ലെജ് ഓഫിസര്‍ക്കോ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കോ തഹസില്‍ദാര്‍ക്കോ ഇപ്പോഴുള്ള നിയമപ്രകാരം നടപടി എടുക്കാനാവില്ല. കൂടാതെ ആക്റ്റിലെ 19ാം വകുപ്പ് പ്രകാരവും റവന്യൂ ഡിവിഷണല്‍ ഓഫിസറുടെ പദവിയില്‍ താഴെയുള്ള ഉദ്യോഗസ്ഥന് ഏതെങ്കിലും പരിസരത്ത് പ്രവേശിക്കാനും പരിശോധന നടത്താനും അധികാരമില്ല. പുതിയ ബില്ലിലൂടെ വില്ലെജ് ഓഫിസറുടെ പദവിയില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് ഇതിനുള്ള അധികാരം ലഭിക്കും.

ആക്റ്റിലെ 13ാം വകുപ്പ് പ്രകാരം നികത്തിയ നെല്‍വയല്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ഉചിതമായ നടപടി കൈക്കൊള്ളാനുള്ള അധികാരമേ കലക്റ്റര്‍ക്കുള്ളൂ. ഈ അധികാരം, രൂപപ്പെടുത്തിയ തണ്ണീര്‍ത്തടത്തിന്‍റെ കാര്യത്തില്‍ കൂടി നല്‍കാന്‍ ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. ബില്ലില്‍ പ്രതിപക്ഷത്തെ ബാബു എം. പാലിശേരി, സി.കെ. നാണു, എ. പ്രദീപ് കുമാര്‍, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ഭരണപക്ഷത്തെ അംഗബലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിച്ചതിനെത്തുടര്‍ന്ന് നേരത്തേ 2011ലെ വോട്ട് ഓണ്‍ അക്കൗണ്ട് രണ്ടാം നമ്പര്‍ ബില്ലും പാസായിരുന്നു.

K.S. രാധാകൃഷ്ണന്‍ ചെയര്‍മാന്‍


തിരുവനന്തപുരം

കാലടി ശ്രീ ശങ്കരാചാ ര്യ സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പിഎസ്സി ചെയര്‍മാനാകും. മന്ത്രിസഭാ യോഗമാണ് അദ്ദേഹത്തെ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. എഴുത്തുകാരന്‍. തത്വചിന്തകന്‍, പ്രാസംഗികന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. എറണാകുളം മഹാരാജാസ് കോളെജില്‍ ഫിലോസഫി വിഭാഗം റീഡറായിരുന്നു.

അദ്വൈത സിദ്ധാന്തം, ഗാന്ധിയന്‍ പഠനങ്ങള്‍, തത്വചിന്ത തുടങ്ങിയ വിഷയങ്ങളില്‍ പാണ്ഡ്യത്യമുണ്ട്. അധ്യാത്മ രാമായണത്തിലെ അദ്വൈത ദര്‍ശനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് 1994ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നു ഡോക്റ്ററേറ്റ് ലഭിച്ചത്. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ പബ്ലിക്കേഷന്‍ അസിസ്റ്റന്‍റ് ആയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അതിനുശേഷം കുറച്ചു നാള്‍ പത്രപ്രവര്‍ത്തകനുമായിരുന്നു.

തലശേരി ബ്രണ്ണന്‍ കോളെജിലും ചിറ്റൂര്‍ ഗവണ്‍മെന്‍റ് കോളെജിലും ഫിലോസഫി ലക്ചററായി. എംജി സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സര്‍വകലാശാല, കേരള സാഹിത്യ അക്കാഡമി എന്നിവയില്‍ റിസര്‍ച്ച് ഗൈഡായിരുന്നു. ഇന്ത്യന്‍ ജേര്‍ണല്‍ ഒഫ് സയന്‍സ് ആന്‍ഡ് റീലീജിയസ് പ്രസിദ്ധീകരിക്കുന്ന ഒമേഗയുടെ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. എറണാകുളം മുളവുകാട് സ്വദേശിയാണ്. ഭാര്യ: ശ്രീകുമാരി. മക്കള്‍: അശ്വതി, രേവതി.

വോട്ടെടുപ്പ്: കഷ്ടിച്ച് രക്ഷപെട്ടു


തിരുവനന്തപുരം
നിയമസഭയിലെ നേരിയ ഭൂരിപക്ഷം സര്‍ക്കാരിനെ ഇന്നലെ കടുത്ത പ്രതിസന്ധിയിലാക്കി. ധനകാര്യ ബില്ലിലെ വോട്ടെടുപ്പില്‍ തലനാരിഴയ്ക്കാണു സര്‍ക്കാര്‍ രക്ഷപെട്ടത്. ധനകാര്യ ബില്ലും വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കാന്‍ വോട്ടെടുപ്പ് വൈകിപ്പിച്ച് നിയമസഭയ്ക്കു പുറത്തുണ്ടായിരുന്ന അംഗങ്ങളെ സഭയിലെത്തിക്കേണ്ടി വന്നു. അതിനു കഴിഞ്ഞിരുന്നില്ലെങ്കില്‍ സര്‍ക്കാരിനു രാജിവയ്ക്കേണ്ടി വരുമായിരുന്നു.

അരമണിക്കൂര്‍ നാടകീയ മുഹൂര്‍ത്തങ്ങളോടെയാണു സഭയുടെ ഒന്നാം സമ്മേളനം അവസാനിച്ചത്. പ്രതിപക്ഷം വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുകയും സഭ ബഹിഷ്കരിക്കുകയും ചെയ്തു. സര്‍ക്കാര്‍ നടപടി തെറ്റാണെന്നും ജനാധിപത്യ വിരുദ്ധമായി പാസാക്കിയ ധനവിനിയോഗ ബില്ലിന് അനുമതി നല്‍കരുതെന്നും ഗവര്‍ണറെ കണ്ടു പ്രതിപക്ഷം ആവശ്യപ്പെട്ടു.

ധനവിനിയോഗ ബില്ലിന്‍റെ മൂന്നാം വായന സമയത്താണു പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടത്. ഈ സമയം ഭരണപക്ഷത്തു പ്രതിപക്ഷത്തെക്കാള്‍ അംഗബലം കുറവായിരുന്നു. രമേശ് ചെന്നിത്തല, ബെന്നി ബെഹനാന്‍, കെ. അച്യുതന്‍, വര്‍ക്കല കഹാര്‍, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, ടി.യു. കുരുവിള എന്നിവര്‍ ഈ സമയം നിയമസഭയില്‍ ഹാജരുണ്ടായിരുന്നില്ല. പ്രതിപക്ഷ അംഗം പുരുഷന്‍ കടലുണ്ടിയും സഭയില്‍ ഹാജരായിരുന്നില്ല. ഇതോടെ ഭരണപക്ഷത്ത് 65 അംഗങ്ങളും പ്രതിപക്ഷത്ത് 67 അംഗങ്ങളും എന്ന സ്ഥിതിയുണ്ടായി. ഇതു കണ്ടാണു പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടത്.

എന്നാല്‍ അപ്പോള്‍ത്തന്നെ വോട്ടിങ് നടത്താന്‍ സ്പീക്കര്‍ തയാറായില്ല. ബില്ലിന്‍റെ മൂന്നാം വായന കഴിഞ്ഞെങ്കിലും ധനമന്ത്രി പ്രസംഗം തുടര്‍ന്നു. പക്ഷേ, പിന്നീട് സീറ്റില്‍ ഇരിക്കാന്‍ തയാറായില്ല. മന്ത്രി സീറ്റില്‍ ഇരുന്നാല്‍ മാത്രമേ വോട്ടിങ് ആവശ്യപ്പെടാന്‍ കഴിയൂ. ഭരണപക്ഷ അംഗങ്ങളും മന്ത്രിമാരും ധനമന്ത്രിയോട് ഇരിക്കരുതെന്നാവശ്യപ്പെടുകയും പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയില്‍ പാലോട് രവി, ടി.എന്‍. പ്രതാപന്‍, വിഷ്ണുനാഥ് എന്നിവര്‍ നിയമസഭയ്ക്കുള്ളിലുണ്ടായിരുന്ന ഭരണപക്ഷ അംഗങ്ങളെ അസംബ്ലി ഹാളിലെത്തിക്കാന്‍ പുറത്തിറങ്ങി. ഇവരുടെ ശ്രമഫലമായി വര്‍ക്കല കഹാര്‍ ഒഴികെ സഭയിലുണ്ടായിരുന്നവര്‍ ഹാളിലെത്തി.

ഇതിനു ശേഷമാണു സ്പീക്കര്‍ വോട്ടിങ്ങിനു തയാറായത്. ഇതോടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളംവച്ചു. പക്ഷേ, വോട്ടിങ്ങില്‍ പങ്കെടുക്കാതെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. തുടര്‍ന്നു നടന്ന വോട്ടിങ്ങില്‍ 69 വോട്ടുകളോടെ ധനവിനിയോഗ ബില്ലും വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കി. വോട്ടെടുപ്പിനു സ്പീക്കര്‍ സാവകാശം നല്‍കിയിരുന്നില്ലെങ്കില്‍ സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമായിരുന്നു.

75 ലക്ഷം നഷ്ടപരിഹാരം നല്‍കണം


കൊച്ചി

മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു മാസത്തിനകം 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ഹൈക്കോടതി. അപകടത്തില്‍ മരിച്ച കാസര്‍ഗോഡ് കുമ്പള സ്വദേശി മുഹമ്മദ് റാഫിയുടെ കുടുംബാംഗങ്ങള്‍ കൊടുത്ത ഹര്‍ജി തീര്‍പ്പാക്കിയാണു ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍റെ ഉത്തരവ്. നേരത്തേ എയര്‍ ഇന്ത്യ പ്രഖ്യാപിച്ച 25 ലക്ഷം രൂപ നഷ്ടപരിഹാരം അപര്യാപ്തമാണെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി.

2010 മേയ് 22നായിരുന്നു 158 പേരുടെ മരണത്തിടയാക്കിയ വിമാനദുരന്തം. ദുബായില്‍നിന്ന് മംഗലാപുരത്തെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനു ലാന്‍ഡിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. 160 യാത്രക്കാരും ആറു വിമാന ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. എട്ടുപേര്‍ അദ്ഭുതകരമായി രക്ഷപെട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. അതില്‍ 10 ലക്ഷം രൂപ ഇടക്കാലാശ്വാസമായി നല്‍കി. തുടര്‍ന്ന് അപകടത്തെപ്പറ്റി അന്വേഷിച്ചശേഷം എയര്‍ ഇന്ത്യ നഷ്ടപരിഹാര വാഗ്ദാനത്തില്‍നിന്നു പിന്മാറി. ഇതിനെതിരേയാണ് റാഫിയുടെ പിതാവ് അബ്ദുള്‍ സലാം, മാതാവ് റംല, സഹോദരങ്ങള്‍ എന്നിവര്‍ ഹര്‍ജി നല്‍കിയത്.

രാജ്യാന്തര സര്‍വീസിനിടെ സംഭവിക്കുന്ന വിമാനാപകടങ്ങളില്‍ മരിക്കുന്ന യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് പ്രത്യേക ആനുകൂല്യാവകാശം ഉണ്ടെന്ന് 1999ലെ മോണ്‍ട്രിയാല്‍ ഉച്ചകോടി തിരുമാനിച്ചിരുന്നു. ചുരുങ്ങിയ നഷ്ടപരിഹാരമായി ഒരു ലക്ഷം എസ്ഡിആര്‍ കൊടുക്കണം. ഈ പ്രത്യേക ആനുകൂല്യാവകാശത്തില്‍ ഇന്ത്യയില്‍ ഒരു ലക്ഷം എസ്ഡിആറിനു വിലയിട്ടിരിക്കുന്നത് 75 ലക്ഷം രൂപയാണ്.

മരിച്ചവരുടെ വയസ്, കുടുംബവരുമാനം, ആശ്രിതരുടെ എണ്ണം എന്നിവ കണക്കാക്കിയുള്ള നഷ്ടപരിഹാരം ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ ഇന്‍ഷ്വറന്‍സ് കമ്പനിയും എയര്‍ ഇന്ത്യ കമ്പനിയും സംയുക്തമായി തീരുമാനിച്ച നഷ്ടപരിഹാരത്തുക കുറവായിരുന്നു.

അപകടത്തിനുശേഷം കണ്ടെടുത്ത ഫ്ളൈ റ്റ് ഡേറ്റാ റെക്കോര്‍ഡറിലും കോക്ക് പിറ്റ് റെക്കോര്‍ഡറിലും ഉണ്ടായിരുന്ന വിവരങ്ങള്‍ പരിശോധിച്ചാല്‍, പൈലറ്റ് ഉറങ്ങിപ്പോയതിനാല്‍ റണ്‍വേയുടെ മധ്യഭാഗത്താണു വിമാനം ഇറങ്ങിയതെന്നു വ്യക്തമായിരുന്നു. അതുകൊണ്ടാണ് വിമാനം എയര്‍പോര്‍ട്ടിനു പുറത്തുള്ള താഴ്ചയിലേക്ക് തകര്‍ന്നു വീണതെന്നും തെളിവുകളില്‍ വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ഇന്‍ഷ്വറന്‍സ് കമ്പനി എന്തുപറഞ്ഞാലും നഷ്ടപരിഹാരം കൊടുക്കാനുള്ള ബാധ്യത വിമാനക്കമ്പനിക്കു തന്നെയാണെന്നു കോടതി. അതേസമയം അപകടം സംഭവിച്ചത് കമ്പനിയുടെ വീഴ്ചകൊണ്ടല്ലെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാന്‍ ബാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി.

അപകടത്തില്‍പ്പെട്ട കോടീശ്വരന്മാര്‍ക്കൊപ്പം യാത്രചെയ്ത സാധാരണക്കാര്‍ക്കും നഷ്ടപരിഹാരത്തിന്‍റെ കാര്യത്തില്‍ തുല്യ പരിഗണന നല്‍കണമോയെന്നതായിരുന്നു നിയമപ്രശ്നം. ഇക്കാര്യത്തില്‍ തുല്യപരിഗണന നല്‍കണമെന്ന മോണ്‍ട്രിയാല്‍ ഉച്ചകോടിയില്‍ പാസാക്കിയ നിയമം ഇവിടെയും ബാധകമായിരിക്കുമെന്നും ഹൈക്കോടതി. മരിച്ചവരുടെ വയസ്, ജോലി, കുടുംബ വരുമാനം, ആശ്രിതരുടെ എണ്ണം എന്നിവ കണക്കാക്കി നിശ്ചയിക്കുന്നതിനു പകരം ഏകീകൃത നഷ്ടപരിഹാരം നല്‍കുകയാണ് അഭികാമ്യമെന്നും കോടതി.

ബദല്‍ ധവളപത്രം അനുവദിച്ചില്ല


തിരുവനന്തപുരം

ധനമന്ത്രി കെ.എം. മാണി പുറത്തിറക്കിയ ധവളപത്രത്തിനെതിരേ മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് തയാറാക്കിയ ബദല്‍ ധവളപത്രം നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ല. അംഗങ്ങള്‍ക്ക് എന്തെങ്കിലും രേഖകള്‍ സഭയുടെ മേശപ്പുറത്തു വയ്ക്കണമെങ്കില്‍ അതിനു ചെയറിന്‍റെ മുന്‍കൂര്‍ അനുമതി വേണമെന്നു സ്പീക്കര്‍ പറഞ്ഞു.

കേരള നിയമസഭയുടെ 285ാം ചട്ടപ്രകാരമാണ് മന്ത്രിമാര്‍ രേഖകള്‍ സഭയുടെ മേശപ്പുറത്തു വയ്ക്കുന്നത്. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകളും മറ്റു രേഖകളും ഇത്തരത്തില്‍ സഭയുടെ മേശപ്പുറത്തു വയ്ക്കാനാകും. ധനകാര്യ മന്ത്രിക്കു പോലും ധവളപത്രം മേശപ്പുറത്തു വയ്ക്കുന്നതിന് അനുവാദമില്ല. സര്‍ക്കാരിന്‍റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ധവളപത്രം വയ്ക്കാമെന്ന് ധനമന്ത്രി സഭയ്ക്ക് ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് താന്‍ അനുമതി നല്‍കിയതെന്ന് സ്പീക്കര്‍ അറിയിച്ചു.

അനൗദ്യോഗിക അംഗങ്ങള്‍ മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്‍പ് പേപ്പറിന്‍റെ ഫോട്ടോകോപ്പി സ്പീക്കര്‍ക്കു നല്‍കണം. തോമസ് ഐസക് തയാറാക്കിയ രേഖ സഭയുടെ മേശപ്പുറത്തു വയ്ക്കണമെങ്കിലും ചെയറിന്‍റെ അനുമതി വേണം. തോമസ് ഐസക്കിന്‍റെ ബദല്‍ ധവളപത്രം മേശപ്പുറത്തു വയ്ക്കുന്നതിന് അനുമതി നിഷേധിക്കുന്നുവെന്നും സ്പീക്കര്‍ വ്യക്തമാക്കി.

തന്‍റെ ധവളപത്രത്തിനു ബദല്‍കൊണ്ടുവരൂ എന്നുപറഞ്ഞ് പ്രതിപക്ഷത്തെ വെല്ലുവിളിച്ചശേഷം കെ.എം. മാണി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ബദല്‍ ധവളപത്രം കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം. തോമസ് ഐസക്കിന്‍റെ ബദല്‍ ധവളപത്രം വന്നതോടെ മാണിയുടെ വൈറ്റ് പേപ്പര്‍ ബ്ലാക്ക് പേപ്പറായെന്നു കോടിയേരി പരിഹസിച്ചു.

താന്‍ വെല്ലുവിളിച്ച സാഹചര്യത്തില്‍ തോമസ് ഐസക്കിനെ പേപ്പര്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെടാനുള്ള മര്യാദ മാണിക്കുണ്ടായോ എന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ചോദിച്ചു. ധനമന്ത്രിയല്ല, മുഖ്യമന്ത്രി ആവശ്യപ്പെട്ടാലും സ്പീക്കര്‍ക്ക് അനുവദിക്കാനാവില്ലെന്ന് ആര്യാടന്‍ മുഹമ്മദ്. ബദല്‍ ധവളപത്രം സഭയുടെ മേശപ്പുറത്തു വയ്ക്കാന്‍ അനുവദിക്കണമെന്ന തോമസ് ഐസക്കിന്‍റെ ആവശ്യം സഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിനും കാരണമായി

തട്ടിപ്പ്: ഇരകളായത് ലക്ഷം പേര്‍


കോഴിക്കോട്

തൊഴില്‍ തട്ടിപ്പ് സര്‍ക്കാര്‍ വകയും. തട്ടിപ്പിന്‍റെ ശേഷിപ്പായി സര്‍ക്കാര്‍ ഖജനാവില്‍ 126 കോടി രൂപ. സര്‍ക്കാര്‍ വാഗ്ദാനത്തില്‍ വിശ്വസിച്ച് വഞ്ചിതരായത് കേരളത്തിലെ ഒരുലക്ഷത്തിലേറെ യുവജനങ്ങള്‍. 1994ല്‍ കൃഷിവകുപ്പ് നടത്തിയ തൊഴില്‍ വാഗ്ദാനത്തില്‍ അംഗങ്ങളായവര്‍ക്ക് മൊത്തം നഷ്ടം 24 കോടി രൂപ.

1994ല്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച തൊഴില്‍ദാന പദ്ധതിയിലാണ് വഞ്ചന. കാര്‍ഷിക മേഖലയില്‍ ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു പദ്ധതി പ്രഖ്യാപിച്ചിരുന്നത്. കാര്‍ഷിക വൃത്തിയിലേക്ക് കൂടുതല്‍ പേരെ എത്തിക്കുക, കൃഷിപ്പണിക്ക് തൊഴിലാളികളെ കിട്ടാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുക എന്നിവ ലക്ഷ്യം വച്ചായിരുന്നു ഇത്.

1000 രൂപ നല്‍കി പദ്ധതിയില്‍ അംഗമായി ചേര്‍ന്നാല്‍ 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി അംഗങ്ങള്‍ക്ക് 1000 രൂപ പ്രതിമാസ പെന്‍ഷന്‍, 30,000 രൂപ മുതല്‍ 60,000 രൂപവരെ ഗ്രാറ്റുവിറ്റി, പൂര്‍ണമായും ശാരീരിക, മാനസിക അവശതകള്‍ സംഭവിക്കുന്നവര്‍ക്ക് 200 രൂപ മുതല്‍ 750 രൂപവരെ പെന്‍ഷന്‍, പദ്ധതിയില്‍ അംഗമാകുന്നയാള്‍ 60 വയസ് പൂര്‍ത്തിയാകുന്നതിനു മുന്‍പ് മരിച്ചാല്‍ അവകാശിക്ക് 25,000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ സഹായധനം എന്നിവയായിരുന്നു ആനുകൂല്യമായി പ്രഖ്യാപിച്ചിരുന്നത്. അഗംങ്ങള്‍ ആയിരം രൂപ നിക്ഷേപിക്കുമ്പോള്‍ സര്‍ക്കാരും 1000 രൂപ നിക്ഷേപിക്കും.

സംസ്ഥാനത്തെ കൃഷി ഭവനുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കിയത്. വാഗ്ദാനങ്ങളില്‍ വീണ് ലക്ഷക്കണക്കിനു തൊഴില്‍ രഹിതര്‍ പദ്ധതിയില്‍ അംഗമായി. അംഗങ്ങള്‍ക്ക് ഫോട്ടൊ പതിച്ച ഐഡന്‍റിറ്റി കാര്‍ഡും പണം പിരിച്ചതിന്‍റെ രസീതും കൃഷിവകുപ്പ് നല്‍കി.

അംഗത്വ ഫീസായി പിരിച്ചെടുത്ത 24 കോടി രൂപ സാമൂഹ്യ സുരക്ഷിതത്വ ഫണ്ടില്‍ 1994ല്‍ തന്നെ നിക്ഷേപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിഹിതവും പലിശയുമുള്‍പ്പെടെ ഈ തുകയിപ്പോള്‍ 126 കോടി രൂപ. എന്നാല്‍ അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയോ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയോ ചെയ്തിട്ടില്ല.

കൃഷി വകുപ്പ്, മൃഗ സംരക്ഷണം, മത്സ്യവികസനം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളില്‍ തൊഴില്‍ദാന പദ്ധതിയിലെ അംഗങ്ങള്‍ക്ക് തൊഴില്‍ നല്‍കാനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതും ലഭ്യമാക്കിയില്ല. പദ്ധതിയില്‍ അംഗങ്ങളായ നിരവധി പേര്‍ ഇതിനോടകം മരിച്ചു. പലരും അസുഖം ബാധിച്ചു കിടപ്പില്‍. പെന്‍ഷന്‍ പ്രായമായ 60 പിന്നിട്ടവരുമേറെ. എന്നാല്‍ ഇവര്‍ക്കൊന്നും ചില്ലിക്കാശ് പോലും ലഭിച്ചിട്ടില്ല.

കൃഷിവകുപ്പുമായി ഇവര്‍ നിരവധി തവണ ആനുകൂല്യത്തിനായി ബന്ധപ്പെട്ടെങ്കിലും അനുകൂല സമീപനമുണ്ടായില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞയാഴ്ച കൃഷിവകുപ്പ് അംഗങ്ങളുടെ യോഗം വിളിച്ചു. പദ്ധതിയുമായി ഇനി മുന്നോട്ടു പോകാനാവില്ലെന്നും അംഗങ്ങള്‍ 5000 രൂപ വാങ്ങി പിരിഞ്ഞു പോകണമെന്നും അന്ത്യശാസനം. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയതിനാല്‍ ഇനി തൊഴില്‍ ദാന പദ്ധതി നടപ്പിലാക്കാനോ ആനുകൂല്യങ്ങള്‍ നല്‍കാനോ ആവില്ലെന്നും കൃഷിവകുപ്പ്.

സര്‍ക്കാര്‍ പഖ്യാപിച്ച പദ്ധതിയായതിനാല്‍ ഏറെ വിശ്വാസത്തോടെ ചേര്‍ന്നവരെല്ലാം ഇപ്പോള്‍ വഞ്ചിതരായി. പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റില്ലെങ്കില്‍ അന്നേ പ്രഖ്യാപിക്കണമായിരുന്നു, 17 വര്‍ഷം പിന്നിട്ട് ഇപ്പോള്‍ പിരിഞ്ഞുപോകണമെന്നു പറയുന്നതില്‍ ന്യായമില്ലെന്ന് അംഗങ്ങള്‍. കൃഷിവകുപ്പിന്‍റെ നിലപാടിനെ നിയമപരമായി നേരിടാനുള്ള ഒരുക്കത്തിലാണിവര്‍.

വിപ്പ്: നേതാക്കള്‍ക്ക് അമര്‍ഷം


തിരുവനന്തപുരം

അരവിന്ദ്

ധനവിനിയോഗ ബില്ലിന്‍റെ വോട്ടിങ് വേളയില്‍ ഭരണപക്ഷ അംഗങ്ങള്‍ വിട്ടുനിന്നതില്‍ യുഡിഎഫ് നേതാക്കള്‍ക്ക് അമര്‍ഷം. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടിയായെന്നു മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു. മന്ത്രിസഭാ യോഗത്തിനു ശേഷം നേതാക്കളുടെ അനൗദ്യോഗിക യോഗം ചേര്‍ന്ന് സ്ഥിതി ചര്‍ച്ചചെയ്തു. ഇത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ അംഗങ്ങള്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കുന്നതിനും തീരുമാനിച്ചു.

നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോള്‍, എല്ലാ ദിവസവും സഭയില്‍ ഹാജരാകണമെന്നും വോട്ടിങ് അവസരങ്ങളില്‍ നിര്‍ബന്ധമായും സഭയിലുണ്ടാകണമെന്നും അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ പുതിയ അംഗങ്ങളും മുതിര്‍ന്ന അംഗങ്ങളും ധനവിനിയോഗ ബില്‍ പാസാക്കുന്ന വേളയില്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഗുരുതരമായ ഈ സ്ഥിതിയില്‍ ധനമന്ത്രി കെ.എം. മാണിയും യുഡിഎഫ് നേതാക്കളോട് അമര്‍ഷം രേഖപ്പെടുത്തി.

ഇതിനിടയില്‍ സഭയില്‍ വോട്ട് ചെയ്യാനെത്താത്ത അംഗങ്ങളെ സംബന്ധിച്ച ചര്‍ച്ചകളും സജീവമായി. ധനവിനിയോഗ ബില്‍ വേളയില്‍ ഹാജരായി വോട്ട് രേഖപ്പെടുത്തണമെന്ന് ചീഫ് വിപ്പ് ത്രീ ലൈന്‍ വിപ്പ് നല്‍കിയിരുന്നു. അടിയന്തര സാഹചര്യങ്ങളിലാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ ത്രീ ലൈന്‍ വിപ്പ് നല്‍കുന്നത്. മറ്റു വിപ്പുകളേക്കാള്‍ ഗൗരവമുള്ളതാണ് ത്രീ ലൈന്‍ വിപ്പ്. ഒരു തരത്തിലും ഈ വിപ്പ് ലംഘിക്കാന്‍ പാടില്ല.

അവിശ്വാസ പ്രമേയം, ബജറ്റ് പാസാക്കല്‍ പോലുള്ള അപൂര്‍വ അവസരങ്ങളിലാണ് ത്രീ ലൈന്‍ വിപ്പ് നല്‍കുന്നത്. കഴിഞ്ഞ ദിവസം തന്നെ ഭരണപക്ഷ അംഗങ്ങള്‍ക്കു ചീഫ് വിപ്പ് പി.സി. ജോര്‍ജ് ത്രീ ലൈന്‍ വിപ്പ് നല്‍കിയിരുന്നു. ഭരണ-പ്രതിപക്ഷ വ്യത്യാസം നേരിയതായാതുകൊണ്ടാണ് ത്രീലൈന്‍ വിപ്പ് നല്‍കിയത്. ഈ വിപ്പ് കൈപ്പറ്റിയ അംഗങ്ങളില്‍ മൂന്നുപേര്‍ വോട്ടിങില്‍നിന്നു വിട്ടുനിന്നു.

ഹൈബി ഈഡന്‍, വര്‍ക്കല കഹാര്‍, ടി.യു. കുരുവിള എന്നിവരാണ് വിട്ടുനിന്നത്. ഇതില്‍ കുരുവിളയും ഹൈബി ഈഡനും പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ അനുമതിയോടെയാണ് വിട്ടുനിന്നത്. അവര്‍ തലസ്ഥാനത്തുണ്ടായിരുന്നില്ല.

ത്രീ ലൈന്‍ വിപ്പ് കൈപ്പറ്റിയ ശേഷം വിട്ടുനിന്നാല്‍ അയോഗ്യത കല്‍പ്പിക്കാന്‍ ആവശ്യപ്പെടാവുന്നതാണ്. വര്‍ക്കല കഹാറാകട്ടെ ഇന്നലെ രാവിലെ മുതല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. ധനവിനിയോഗ ബില്‍ വോട്ടിനിടുമ്പോള്‍ സഭാ മന്ദിര പരിസരത്തുണ്ടായിരുന്ന ഇദ്ദേഹം സഭാ ഹാളിലെത്തിയില്ല. വോട്ടിങ് കഴിഞ്ഞ ശേഷമാണ് ഹാളിലെത്തിയത്. ഇതു ഗൗരവമായ വിപ്പ് ലംഘനമാണ്. ഇദ്ദേഹത്തിന് അയോഗ്യത കല്‍പ്പിക്കണമെന്ന് ആവശ്യപ്പെടാവുന്നതാണ്.

വിപ്പ് ലംഘിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെടേണ്ടത് ഭരണകക്ഷിയാണ്. മൂന്ന് അംഗങ്ങളുടെ മാത്രം ഭൂരിപക്ഷമുള്ളതിനാല്‍ ഇതുണ്ടാകില്ല. ഭൂരിപക്ഷം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നതുകൊണ്ടു മാത്രമാണ് വിപ്പ് ലംഘിച്ചിട്ടും നടപടിയെടുക്കാതിരിക്കുന്നത്. എന്നാല്‍ മൂന്നുപേരെയും യുഡിഎഫ് താക്കീത് ചെയ്യും. രണ്ടുപേരെ ബില്‍ പാസാക്കുന്ന ദിവസം അവധിയെടുക്കാന്‍ അനുവദിച്ചതിനെയും നേതാക്കള്‍ വിമര്‍ശിച്ചിട്ടുണ്ട്. സ്ഥലത്തുണ്ടായിട്ടും നിരുത്തരവാദപരമായി പെരുമാറിയതിന് കഹാറിനെ പാര്‍ട്ടി താക്കീത് ചെയ്യും.

പനി: ചികിത്സതേടി ആയിരങ്ങള്‍


തിരുവനന്തപുരം

സംസ്ഥാനത്ത് പനിക്കണക്കുകളില്‍ വര്‍ധന. കഴിഞ്ഞ ദിവസം എട്ടുപേര്‍ മരിച്ചു. ആലപ്പുഴ ജില്ലയില്‍ രണ്ടും, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ്, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി ഓരോരുത്തരുമാണ് മരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ആയിരക്കണക്കിനുപേരാണ് ചികിത്സതേടി എത്തുന്നത്.

മിക്ക ആശുപത്രികളിലും ആവശ്യത്തിന് ഡോക്റ്റര്‍മാരോ മരുന്നോ ഇല്ലാത്തത് സ്ഥിതി രൂക്ഷമാക്കുന്നുണ്ട്. എച്ച് 1 എന്‍ 1, ടൈഫോയ്ഡ്, വയറിളക്കം, പനി എന്നിവയ്ക്കു പിന്നാലെ ആലപ്പുഴ ജില്ലയില്‍ ചിക്കന്‍പോക്സും മഞ്ഞപ്പിത്തവും പടര്‍ന്നു പിടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പകര്‍ച്ചപ്പനി ബാധിച്ച് ആലപ്പുഴ ജില്ലയില്‍ 980 പേരും ഛര്‍ദിയും വയറിളക്കവും മൂലം 98 പേരും ചികിത്സതേടി.

എറണാകുളത്തും പനിബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ മൂവായിരത്തിലധികം പേര്‍ പകര്‍ച്ചപ്പനി ബാധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രികളില്‍ ചികിത്സ തേടി. മലേറിയയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയില്‍ എണ്ണൂറോളംപേരില്‍ പകര്‍ച്ചപ്പനി. പത്തനംതിട്ട ജില്ലയില്‍ 700 പേരിലും പനി പടര്‍ന്നുപിടിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലും പനി നിയന്ത്രണാതീതമാണ്.

എച്ച് 1 എന്‍ 1 രോഗബാധിതരുടെ എണ്ണത്തിലും കുറവില്ല. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഏഴുപേരില്‍ക്കൂടി രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നാലും ഇടുക്കി, ആലപ്പുഴ, കൊല്ലം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓരോന്നുവീതവും. ഒരു മാസത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എച്ച് 1 എന്‍ 1 രോഗികളുടെ എണ്ണം നൂറ് കവിഞ്ഞു. ഒരുമാസത്തിനിടെ 740 പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തിയിട്ടുണ്ട്. വീടുകളില്‍ ചികിത്സയില്‍ കഴിഞ്ഞത് 3,830 പേര്‍.

എച്ച് 1 എന്‍ 1 വ്യാപകമായ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്റ്റര്‍മാര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും പ്രത്യേക പരിശീലന പരിപാടി എച്ച് 1 എന്‍ 1 നോഡല്‍ ഏജന്‍സി നല്‍കുന്നുണ്ട്. രോഗികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനൊപ്പം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബോധവാന്മാരാക്കാനാണ് പരിശീലനം നല്‍കുന്നത്. വരുംദിവസങ്ങളില്‍ മറ്റ് ജില്ലകളില്‍ക്കൂടി പരിശീലനപരിപാടി വ്യാപിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

Tuesday, 19 July 2011

ടോള്‍ നിരക്ക് വര്‍ഷാവര്‍ഷം കൂട്ടും

ന്യൂഡല്‍ഹി
ടോള്‍ നിരക്ക് വര്‍ഷാവര്‍ഷം വര്‍ധിപ്പിക്കാന്‍ കരാറുകാര്‍ക്ക് അവസരം നല്‍കുന്ന പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. രാജ്യത്തെ 54,454 കിലോമീറ്റര്‍ റോഡിന്‍റെ നിര്‍മാണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണു പുറപ്പെടുവിച്ചത്. നാലു മെട്രൊകളെ ബന്ധിപ്പിക്കുന്ന സുവര്‍ണ ഇടനാഴി ഉള്‍പ്പെടെയുള്ളവയ്ക്കാണു മാര്‍ഗ നിര്‍ദേശം. സംസ്ഥാനത്തെ നാലു പ്രധാന റോഡുകളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാളയാര്‍-വടക്കഞ്ചേരി , തിരുവനന്തപുരം-തമിഴ്നാട് അതിര്‍ത്തി, കുറ്റിപ്പുറം-ഇടപ്പള്ളി, ചേര്‍ത്തല-ഓച്ചിറ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയോ ബിഒടി അടിസ്ഥാനത്തിലോ റോഡുകള്‍ നിര്‍മിക്കാം. ടോള്‍ നിരക്ക് പ്രതിവര്‍ഷം മൂന്നു ശതമാനം വീതം വര്‍ധിപ്പിക്കാം. മൊത്തവില സൂചികയില്‍ ഉണ്ടാകുന്ന വര്‍ധനവിന് അനുസരിച്ചു 40 ശതമാനം വരെ ടോള്‍ നിരക്ക് കൂട്ടാം. പഴയ റോഡുകളോട് ചേര്‍ന്നു പാലവും ടണലും നിര്‍മിക്കുമ്പോള്‍ നിര്‍മാണ ചെലവിന്‍റെ അടിസ്ഥാനത്തിലായിരിക്കും ടോള്‍ നിര്‍ണയിക്കുക. അഞ്ചു രൂപയുടെ ഗുണിതങ്ങളാകും ടോള്‍ നിരക്ക്. നേരത്തേ ഇത് ഒരു രൂപയുടെ ഗുണിതങ്ങളായിരുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും പുതിയ റോഡുകള്‍ക്കുള്ള കരാറുകള്‍ ക്ഷണിക്കുകയെന്നു മന്ത്രാലയം അറിയിച്ചു.

കൈവെട്ട്: ഒരാള്‍ കൂടി അറസ്റ്റില്‍

ആലുവ

ന്യൂമാന്‍ കോളെജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 44ാം പ്രതി അലിയാണ് എന്‍ഐഎയുടെ പിടിയിലായത്. ആലുവ കുഞ്ഞുണ്ണിക്കരയില്‍ വച്ച് എസ് പി രാജ്മോഹന്‍റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്.