Wednesday, 20 July 2011

തട്ടിപ്പ്: ഇരകളായത് ലക്ഷം പേര്‍


കോഴിക്കോട്

തൊഴില്‍ തട്ടിപ്പ് സര്‍ക്കാര്‍ വകയും. തട്ടിപ്പിന്‍റെ ശേഷിപ്പായി സര്‍ക്കാര്‍ ഖജനാവില്‍ 126 കോടി രൂപ. സര്‍ക്കാര്‍ വാഗ്ദാനത്തില്‍ വിശ്വസിച്ച് വഞ്ചിതരായത് കേരളത്തിലെ ഒരുലക്ഷത്തിലേറെ യുവജനങ്ങള്‍. 1994ല്‍ കൃഷിവകുപ്പ് നടത്തിയ തൊഴില്‍ വാഗ്ദാനത്തില്‍ അംഗങ്ങളായവര്‍ക്ക് മൊത്തം നഷ്ടം 24 കോടി രൂപ.

1994ല്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച തൊഴില്‍ദാന പദ്ധതിയിലാണ് വഞ്ചന. കാര്‍ഷിക മേഖലയില്‍ ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു പദ്ധതി പ്രഖ്യാപിച്ചിരുന്നത്. കാര്‍ഷിക വൃത്തിയിലേക്ക് കൂടുതല്‍ പേരെ എത്തിക്കുക, കൃഷിപ്പണിക്ക് തൊഴിലാളികളെ കിട്ടാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുക എന്നിവ ലക്ഷ്യം വച്ചായിരുന്നു ഇത്.

1000 രൂപ നല്‍കി പദ്ധതിയില്‍ അംഗമായി ചേര്‍ന്നാല്‍ 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി അംഗങ്ങള്‍ക്ക് 1000 രൂപ പ്രതിമാസ പെന്‍ഷന്‍, 30,000 രൂപ മുതല്‍ 60,000 രൂപവരെ ഗ്രാറ്റുവിറ്റി, പൂര്‍ണമായും ശാരീരിക, മാനസിക അവശതകള്‍ സംഭവിക്കുന്നവര്‍ക്ക് 200 രൂപ മുതല്‍ 750 രൂപവരെ പെന്‍ഷന്‍, പദ്ധതിയില്‍ അംഗമാകുന്നയാള്‍ 60 വയസ് പൂര്‍ത്തിയാകുന്നതിനു മുന്‍പ് മരിച്ചാല്‍ അവകാശിക്ക് 25,000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ സഹായധനം എന്നിവയായിരുന്നു ആനുകൂല്യമായി പ്രഖ്യാപിച്ചിരുന്നത്. അഗംങ്ങള്‍ ആയിരം രൂപ നിക്ഷേപിക്കുമ്പോള്‍ സര്‍ക്കാരും 1000 രൂപ നിക്ഷേപിക്കും.

സംസ്ഥാനത്തെ കൃഷി ഭവനുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കിയത്. വാഗ്ദാനങ്ങളില്‍ വീണ് ലക്ഷക്കണക്കിനു തൊഴില്‍ രഹിതര്‍ പദ്ധതിയില്‍ അംഗമായി. അംഗങ്ങള്‍ക്ക് ഫോട്ടൊ പതിച്ച ഐഡന്‍റിറ്റി കാര്‍ഡും പണം പിരിച്ചതിന്‍റെ രസീതും കൃഷിവകുപ്പ് നല്‍കി.

അംഗത്വ ഫീസായി പിരിച്ചെടുത്ത 24 കോടി രൂപ സാമൂഹ്യ സുരക്ഷിതത്വ ഫണ്ടില്‍ 1994ല്‍ തന്നെ നിക്ഷേപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിഹിതവും പലിശയുമുള്‍പ്പെടെ ഈ തുകയിപ്പോള്‍ 126 കോടി രൂപ. എന്നാല്‍ അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയോ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയോ ചെയ്തിട്ടില്ല.

കൃഷി വകുപ്പ്, മൃഗ സംരക്ഷണം, മത്സ്യവികസനം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളില്‍ തൊഴില്‍ദാന പദ്ധതിയിലെ അംഗങ്ങള്‍ക്ക് തൊഴില്‍ നല്‍കാനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതും ലഭ്യമാക്കിയില്ല. പദ്ധതിയില്‍ അംഗങ്ങളായ നിരവധി പേര്‍ ഇതിനോടകം മരിച്ചു. പലരും അസുഖം ബാധിച്ചു കിടപ്പില്‍. പെന്‍ഷന്‍ പ്രായമായ 60 പിന്നിട്ടവരുമേറെ. എന്നാല്‍ ഇവര്‍ക്കൊന്നും ചില്ലിക്കാശ് പോലും ലഭിച്ചിട്ടില്ല.

കൃഷിവകുപ്പുമായി ഇവര്‍ നിരവധി തവണ ആനുകൂല്യത്തിനായി ബന്ധപ്പെട്ടെങ്കിലും അനുകൂല സമീപനമുണ്ടായില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞയാഴ്ച കൃഷിവകുപ്പ് അംഗങ്ങളുടെ യോഗം വിളിച്ചു. പദ്ധതിയുമായി ഇനി മുന്നോട്ടു പോകാനാവില്ലെന്നും അംഗങ്ങള്‍ 5000 രൂപ വാങ്ങി പിരിഞ്ഞു പോകണമെന്നും അന്ത്യശാസനം. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയതിനാല്‍ ഇനി തൊഴില്‍ ദാന പദ്ധതി നടപ്പിലാക്കാനോ ആനുകൂല്യങ്ങള്‍ നല്‍കാനോ ആവില്ലെന്നും കൃഷിവകുപ്പ്.

സര്‍ക്കാര്‍ പഖ്യാപിച്ച പദ്ധതിയായതിനാല്‍ ഏറെ വിശ്വാസത്തോടെ ചേര്‍ന്നവരെല്ലാം ഇപ്പോള്‍ വഞ്ചിതരായി. പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റില്ലെങ്കില്‍ അന്നേ പ്രഖ്യാപിക്കണമായിരുന്നു, 17 വര്‍ഷം പിന്നിട്ട് ഇപ്പോള്‍ പിരിഞ്ഞുപോകണമെന്നു പറയുന്നതില്‍ ന്യായമില്ലെന്ന് അംഗങ്ങള്‍. കൃഷിവകുപ്പിന്‍റെ നിലപാടിനെ നിയമപരമായി നേരിടാനുള്ള ഒരുക്കത്തിലാണിവര്‍.

No comments:

Post a Comment