Showing posts with label National News. Show all posts
Showing posts with label National News. Show all posts

Friday, 5 August 2011

വക്താവും അഭിഭാഷകനും രണ്ട്


ന്യൂഡല്‍ഹി
പാര്‍ട്ടി വക്താവും അഭിഭാഷകനും രണ്ടാണെന്നു പി.സി. ചാക്കോ എംപി. വക്താവായി പറയുന്ന കാര്യത്തിനു മാത്രമെ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുള്ളൂ. അഭിഭാഷകനായി പറയുന്ന കാര്യം നേരിട്ടു ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ കമ്പനിക്കു വേണ്ടി മനു അഭിഷേക് സിങ് വി ഹാജരായതിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ചാക്കോയുടെ മറുപടി.

Tuesday, 26 July 2011

ശിവരാജ് പുതിയ ലോകായുക്ത


ബംഗളൂരു
കര്‍ണാടകയിലെ പുതിയ ലോകായുക്തയായി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ശിവരാജ് വി പാട്ടീലിനെ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ ഗവര്‍ണര്‍ എച്ച്. ആര്‍. ഭരദ്വാജ് ഒപ്പിട്ടു. സന്തോഷ് ഹെഗ്ഡെയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത്.

71കാരനായ പാട്ടീല്‍ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 2001-2009 കാലത്തെ സ്പെക്ട്രം ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ അന്വേഷണ സമിതിയംഗമായിരുന്നു.

ഓഗസ്റ്റ് രണ്ടിനാണു ഹെഗ്ഡെയുടെ കാലാവധി അവസാനിക്കുന്നത്. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരെയുളള ഖനന റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൊണ്ടാണു ഹെഗ്ഡെ സ്ഥാനം ഒഴിയുന്നത്.

സര്‍വകക്ഷിയോഗം വിളിക്കും


ന്യൂഡല്‍ഹി

കശ്മീര്‍ പ്രശ്നം പരിഹാരം പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ആഭ്യന്ത്രമന്ത്രി പി. ചിദംബരം. കശ്മീര്‍ താഴ് വരയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നു കഴിഞ്ഞ സെപ്റ്റംബറിലാണു സമിതിയെ നിയോഗിച്ചത്. ഒന്നരമാസം മുമ്പ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ദിലീപ് പഡ്ഗോണ്‍കര്‍, അക്കാദമിക് രംഗത്തെ പ്രമുഖ രാധാകുമാര്‍, മുന്‍ വ ിവരാവകാശ കമ്മിഷണര്‍ എം.എ. അന്‍സാരി എന്നീ മൂന്നംഗ സംഘത്തെയാണു നിയോഗിച്ചിരിക്കുന്നത്. കശ്മീരിലെ 50,000ത്തോളം ജനങ്ങള്‍, നയതന്ത്രജ്ഞര്‍, പാര്‍ട്ടി നേതാക്കള്‍, വിഘടന നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ വിഭാഗത്തെയും നേരില്‍ക്കണ്ടാണു റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

അസീസിനെതിരേ CBI അന്വേഷണം


അലിഗഡ്

അലിഗഡ് മുസ് ലിം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.കെ. അബ്ദുള്‍ അസീസിനെതിരെയുളള സാമ്പത്തിക ക്രമക്കേടു സിബിഐ അന്വേഷിക്കുമെന്നു സര്‍വകലാശാല അധികൃതര്‍. അന്വേഷണത്തിനു 48 ഫയലുകള്‍ ഹാജരാക്കാന്‍ മാനവശേഷി വികസന മന്ത്രാലയം ആവശ്യപ്പെട്ടതായി രജിസ്ട്രാര്‍ വി.കെ. അബ്ദുല്‍ ജലീല്‍ പറഞ്ഞു.

അതേസമയം അസീസ് വിസി സ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നു സര്‍വകലാശാല ടീച്ചേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

നേപ്പാള്‍ സ്വദേശി അറസ്റ്റില്‍


കാഠ്മണ്ഡു

ജൂലൈ 13നുണ്ടായ മുംബൈ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടു നേപ്പാള്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. മുഹമ്മദ് സാഹിര്‍ എന്നയാളെയാണു നേപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് ഇയാളുടെ അറസ്റ്റ് രേപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല.

മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇയാള്‍ ചില ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയെന്നും എസ്എംഎസ് അയച്ചതായും കണ്ടെത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപം വാടകയ്ക്കെടുത്ത അപ്പാര്‍ട്ട്മെന്‍റിലാണ് ഇയാള്‍ താമസിച്ചിരുന്നത്.

സവേരി ബാര്‍, ഓപ്പറ ഹൗസ്, ദാദര്‍ വെസ്റ്റ് എന്നിവിടങ്ങളിലുണ്ടായ സ്ഫോടന പരമ്പരകളില്‍ 25 പേരാണു മരിച്ചത്.

പ്രധാനമന്ത്രി രാജി വയ്ക്കണം


ബംഗളൂരു

2ജി സ്പെക്ട്രം ഇടപാടുകളുമായി ബന്ധപ്പെട്ട മുന്‍ ടെലികോം മന്ത്രി എ. രാജയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി രാജി വയ്ക്കണമെന്നു കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ആഭ്യന്തര മന്ത്രി പി. ചിദംബരവും രാജി വയ്ക്കണം. ഇരുവര്‍ക്കും പദവികളില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി സ്ഥാനം അനിശ്ചിതാവസ്ഥയിലിരിക്കെയാണു യെദിയൂരപ്പയുടെ പ്രതികരണം.

മന്‍മോഹന്‍ കുടുക്കില്‍


ന്യൂഡല്‍ഹി

2ജി സ്പെക്ട്രം കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും ആഭ്യന്തര മന്ത്രി പി. ചിദംബരത്തെയും ഉള്‍പ്പെടുത്തണമെന്നു മുന്‍ ടെലികോം മന്ത്രി എ. രാജ കോടതിയില്‍ ആവശ്യപ്പെട്ടു. സ്പെക്ട്രം ലൈസന്‍സ് നേടിയവര്‍ ഓഹരി വില്‍ക്കുന്നതിനെക്കുറിച്ച് ഇരുവരുമായും ആലോചിച്ചിരുന്നു എന്നാണ് വാദം. അന്ന് ധനമന്ത്രിയായിരുന്നു ചിദംബരം.

2ജി സ്പെക്ട്രം ലേലം ചെയ്യേണ്ടെന്ന തന്‍റെ തീരുമാനത്തില്‍ ഒരു തെറ്റുമില്ലായിരുന്നു എന്നും, മുന്‍ഗാമികളുടെ നയം അനുവര്‍ത്തിക്കുക മാത്രമാണു ചെയ്തതെന്നും സ്പെഷ്യല്‍ സിബിഐ ജഡ്ജ് ഒ.പി. സെയ്നിക്കു മുന്നില്‍ രാജ വാദിച്ചു.

വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണ് ലൈസന്‍സ് ഉടമകള്‍ ഓഹരി വില്‍ക്കുന്നതെന്നും അതു കമ്പനി കൈമാറ്റമാകുന്നില്ലെന്നുമാണ് ചിദംബരം പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നത്. ഓഹരി വില്‍ക്കുന്നതു ലൈസന്‍സ് മറിച്ചുകൊടുക്കലല്ല. അതില്‍ ലാഭവും ഉണ്ടാകുന്നില്ല. അതിനാല്‍ അഴിമതിക്കു സാധ്യതയുമില്ല. ഈ സാഹചര്യത്തില്‍ രാജ സ്പെക്ട്രം വിതരണത്തില്‍ അഴിമതി കാട്ടിയെന്നു പറയാനാകില്ലെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍ കുമാര്‍ പറഞ്ഞു.

ഒരു നയം പിന്തുടര്‍ന്നതിനാണ് രാജയെ പ്രോസിക്യൂട്ട് ചെയ്യുന്നതെങ്കില്‍ 1993 മുതലുള്ള എല്ലാ ടെലികോം മന്ത്രിമാരെയും അദ്ദേഹത്തിനൊപ്പം ജയിലിലടയ്ക്കണം. അരുണ്‍ ഷൂരി 26 ലൈസന്‍സും ദയാനിധി മാരന്‍ 25 ലൈസന്‍സും രാജ 122 ലൈസന്‍സും വിതരണം ചെയ്തിട്ടുണ്ട്. അക്കങ്ങള്‍ ഇവിടെ പ്രസക്തമല്ല. ഇവയില്‍ ഒന്നു പോലും ലേലം ചെയ്യുകയായിരുന്നില്ല എന്നതാണു പ്രധാനം. ലേലം വേണ്ടെന്ന 2003ലെ ക്യാബിനറ്റ് തീരുമാനം അനുസരിക്കുക മാത്രമാണ് രാജ ചെയ്തത്. നിയമം അനുസരിക്കുന്നവരെ വിചാരണ ചെയ്യുകയല്ല, ആദരിക്കുകയാണു വേണ്ടത്.

സ്പെക്ട്രം വിതരണം വഴി പൊതു ഖജനാവിനു നഷ്ടമുണ്ടായിട്ടുണ്ടോ എന്നു കണക്കാക്കാന്‍ സിബിഐക്ക് അധികാരമില്ല. സര്‍ക്കാരാണ് അതു പറയേണ്ടത്. സ്വാന്‍ ടെലികോമിന് ഡിബി റിയല്‍റ്റി ഓഹരി നല്‍കിയതിനെ വില്‍പ്പനയായാണ് സിബിഐ കണക്കാക്കുന്നത്. യൂണിടെക്കിന്‍റെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിക്കുന്നു. ആ നിലയ്ക്ക്, ടാറ്റാ ടെലി സര്‍വീസസ് വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണ് ഓഹരി കൈമാറിയതെന്നും അതു വില്‍പ്പനയല്ലെന്നും സിബിഐക്ക് എങ്ങനെ പറയാന്‍ കഴിയും.

യൂണിടെക് 6,120 കോടി രൂപയ്ക്ക് 67% ഓഹരി വിറ്റു. ടാറ്റ 13,973 കോടിക്ക് 27% മാത്രം വിറ്റു. ആരാണു മികച്ച വ്യവസായി, രത്തന്‍ ടാറ്റയോ സഞ്ജയ് ചന്ദ്രയോ? ഒരു ലോണ്‍ ട്രാന്‍സാക്ഷന്‍ മാത്രം മുന്‍നിര്‍ത്തിയാണ് ചന്ദ്ര ഗൂഢാലോചന നടത്തിയതായി സിബിഐ ആരോപിക്കുന്നത്. വിദേശത്തു നിന്ന് ബന്ധങ്ങള്‍ ഉപയോഗിച്ച് നിക്ഷേപം നടത്തിച്ചതു മാത്രമാണ് ഡിബി റിയല്‍റ്റിയും യൂണിടെക്കും ചെയ്ത കുറ്റം. യൂണിടെക്കും സ്വാന്‍ ടെലികോമും ലാഭമുണ്ടാക്കിയതിനെ സിബിഐ ചോദ്യം ചെയ്യുമ്പോള്‍ എസ്-ടെല്‍ സമ്പാദിച്ച ലാഭം കണ്ടില്ലെന്നു നടിക്കുന്നു എന്നും രാജയുടെ അഭിഭാഷകന്‍ ആരോപിച്ചു.

അതേസമയം, രാജ അവകാശപ്പെടുന്നതു പോലെ മുന്‍ഗാമികളുടെ നയം അനുവര്‍ത്തിക്കുകയല്ല ചെയ്തിരിക്കുന്നതെന്നു സിബിഐ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. മുന്‍പേ വരുന്നവര്‍ക്കു മുന്‍ഗണനാക്രമമാണ് മുന്‍ഗാമികള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, രാജ ഇത് അട്ടിമറിച്ചു എന്നാണ് സിബിഐയുടെ കണ്ടെത്തല്‍. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനു വേണ്ടി മാത്രം ഓഹരി വിറ്റതായി സിബിഐ വിലയിരുത്തുന്ന കമ്പനികളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, ഡിബി റിയല്‍റ്റിയും യൂണിടെക്കും ഭൂരിപക്ഷം ഓഹരികള്‍ വിദേശ സ്ഥാപനങ്ങള്‍ക്കു വിറ്റതു വഴി കമ്പനി കൈമാറ്റം തന്നെയാണ് ഫലത്തില്‍ സംഭവിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മന്‍മോഹന്‍ രാജിവയ്ക്കണം


ന്യൂഡല്‍ഹി

2ജി സ്പെക്ട്രം വിതരണത്തിന്‍റെ നടപടിക്രമങ്ങളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിനു പങ്കുണ്ടെന്ന് എ. രാജ കൊടതിയില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാണെന്നു ബിജെപി. ഇരുവര്‍ക്കും തല്‍സ്ഥാനങ്ങളില്‍ തുടരാന്‍ നിയമപരമോ രാഷ്ട്രീയമോ ധാര്‍മികമോ ആയ അവകാശമില്ലെന്നും ഉടന്‍ രാജിവയ്ക്കണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു.

അഴിമതിയോടു വിട്ടുവീഴ്ചയില്ലെന്നു പറയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മന്‍മോഹനും ചിദംബരത്തിനുമെതിരേ എന്തു നടപടിയെടുക്കണമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും ഗഡ്കരി പറഞ്ഞു.

മന്‍മോഹനും ചിദംബരവും രാജിവയ്ക്കണമെന്ന് ജനതാദള്‍ യു ജനറല്‍ സെക്രട്ടറി ജാവേദ് റാസയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബിമന്‍ ബോസും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സ്വാന്‍ ടെലികോമും യൂണിടെക്കും ഓഹരി വിറ്റഴിക്കുകയാണോ (ഡൈവെസ്റ്റ്മെന്‍റ്) പുതിയ ഓഹരികള്‍ പുറപ്പെടുവിക്കുകയാണോ (ഡൈല്യൂഷന്‍) എന്ന വിഷയം മാത്രമാണു താന്‍ ധനമന്ത്രിയായിരിക്കുമ്പോള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുള്ളതെന്ന് പി. ചിദംബരം വ്യക്തമാക്കി. എന്‍ട്രി ഫീ 2001ലെ അവസ്ഥയില്‍ നിലനിര്‍ത്തണമെന്നു ടെലികോം മന്ത്രാലയം വാദിച്ചപ്പോള്‍, ലേലം നടത്തണമെന്നാണു ധന മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ കോടതിയില്‍ നല്‍കിയ മൊഴിയോടു തനിക്കു പ്രതികരിക്കാന്‍ കഴിയില്ലെന്നും ചിദംബരം പറഞ്ഞു.

രാജ കോടതിയില്‍ നടത്തിയ വാദം തെളിവായി കാണാനാകില്ലെന്നായിരുന്നു ബിജെപിയുടെ ആവശ്യത്തോടു ടെലികോം മന്ത്രി കപില്‍ സിബലിന്‍റെ പ്രതികരണം. സ്വാനും യൂണിടെക്കും ഓഹരി വിറ്റഴിക്കുകയായിരുന്നില്ല, പുതിയ ഓഹരികള്‍ പുറപ്പെടുവിക്കുകയായിരുന്നു എന്ന് സിബലും വ്യക്തമാക്കി.

Wednesday, 20 July 2011

ജിസാറ്റ് ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക്


ബംഗളുരു

ഇന്ത്യയുടെ അതിവേഗ വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് ഭൂസ്ഥിര ഭ്രമണപഥത്തിനരികെ. ഭൂമിയില്‍ നിന്ന് 36000 കിലോമീറ്റര്‍ അകലെയാണ് ജി സാറ്റിന്‍റെ ഭൂസ്ഥിര ഭ്രമണപഥം. പേലോഡുകള്‍ ടെസ്റ്റ് ചെയ്യുന്നതിനു മുന്‍പ് ആന്‍റിനകള്‍ വിടര്‍ത്തുമെന്ന് ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഇസ്രൊ) വൃത്തങ്ങള്‍. പി എസ് എല്‍ വി സി 17ല്‍ ജൂലൈ 15നാണ് 1410 കിലോഗ്രാം ഭാരം വരുന്ന ഉപഗ്രഹം വിക്ഷേപിച്ചത്. ഉപഗ്രഹം പൂര്‍ണ പ്രവര്‍ത്തനസജ്ജമെന്ന് ഇസ്രൊ. വാര്‍ത്താ വിനിമയത്തിനു പുറമെ ടെലിമെഡിസിന്‍, വിദൂരവിദ്യാഭ്യാസം എന്നിവയ്ക്കുതകുന്ന 12 ട്രാന്‍സ്പോണ്ടറുകളുണ്ട് ഉപഗ്രഹത്തില്‍.

2ജി കേസില്‍ ഇന്നു വാദം


ന്യൂഡല്‍ഹി

2ജി സ്പെക്ട്രം അഴിമതിക്കേസില്‍ വാദം നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുന്‍ ടെലികോം മന്ത്രി എ. രാജയും മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹുറയും നല്‍കിയ ഹര്‍ജി ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. മുന്‍ നിശ്ചയപ്രകാരം ഇന്നു കുറ്റപത്രത്തില്‍ വാദം തുടങ്ങുമെന്നു ജഡ്ജി ഒ.പി. സെയ്നി വ്യക്തമാക്കി.

മൂന്നാം അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചശേഷമേ വാദം തുടങ്ങാവൂ എന്നായിരുന്നു രാജയും ബെഹുറയും ആവശ്യപ്പെട്ടത്. എന്നാല്‍, വാദം നീട്ടിവയ്ക്കുന്നതുള്‍പ്പെടെ കേസ് നടപടികളില്‍ ഇടപെടാന്‍ പ്രതികള്‍ക്ക് അവകാശമില്ലെന്ന് സിബിഐ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 18ന് രാജയുള്‍പ്പെടെ മൂന്നു പ്രതികളെ സിബിഐ ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നതിനു വ്യക്തമായ തെളിവാണിതെന്നു പ്രതിഭാഗം വാദിച്ചു. അന്വേഷണം പൂര്‍ത്തിയായെങ്കില്‍ എന്തിനാണു ചോദ്യം ചെയ്യുന്നതെന്നും രാജയുടെ അഭിഭാഷകന്‍ രമേഷ് ഗുപ്ത ചോദിച്ചുവെങ്കിലും കോടതി ഇതു മുഖവിലയ്ക്കെടുത്തില്ല.

അന്വേഷണം അഹമ്മദാബാദിലേക്ക്


മുംബൈ

സ്ഫോടന പരമ്പരയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചെന്ന് മഹരാഷ്ട്ര എടിഎസ്. സ്ഫോടനമുണ്ടായ സ്ഥലങ്ങളില്‍ നിന്നുള്ള ഒന്നരലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം. ഇതില്‍ ആറു നമ്പരുകള്‍ സംശയാസ്പദമെന്നു കണ്ടെത്തി. അഹമ്മദാബാദില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമാണ് ഈ ഫോണ്‍ സന്ദേശങ്ങളെന്നും വ്യക്തമായിട്ടുണ്ട്.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ അലംജെബ് അഫ്രീദി, തൗസിഫ് എന്നിവര്‍ നിരീക്ഷണത്തില്‍. സംശയിക്കുന്ന ആറു ഫോണ്‍കോളുകളില്‍ ഒന്ന് മധ്യപ്രദേശില്‍ നിന്നാണ്. ശേഷിക്കുന്നവ അഹമ്മദാബാദിലെ വെജല്‍പുര്‍ ടവറിനു കീഴില്‍ നിന്ന്. ജുഹപുര മേഖലയിലാണ് ഈ ഫോണ്‍ നമ്പരിന്‍റെ ഉടമയെന്നു കരുതുന്നു. നിരീക്ഷണത്തിലുള്ള അലംജെബ് അഫ്രീദിയും തൗസിഫും അടുത്തിടെ മധ്യപ്രദേശ് സന്ദര്‍ശിച്ചിരുന്നു. ജുഹപുര സ്വദേശികളെന്നാണ് അവിടെ ഇവര്‍ പരിചയപ്പെടുത്തിയതെന്നും മഹരാഷ്ട്ര എടിഎസ്.

പ്രതി മധ്യ ഇന്ത്യയിലേ ഉത്തരേന്ത്യയിലോ ഉള്ള ആളാണെന്ന് രേഖാ ചിത്രം പരിശോധിച്ചപ്പോള്‍ വ്യക്തമായെന്നും എടിഎസ്. രേഖാചിത്രം വിവിധ സംസ്ഥാനങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ക്ക് അയച്ചുകൊടുത്തിരുന്നു.

വനിതാ ഭീകരരുടെ സാന്നിധ്യം


ശ്രീനഗര്‍

ജമ്മു കശ്മീരില്‍ വനിതാ ഭീകരരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍. സോപോറിലെ ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത വനിതയില്‍നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഭീകരര്‍ക്കിടയില്‍ സന്ദേശങ്ങള്‍ കൈമാറാനും ആയുധങ്ങളെത്തിക്കാനും മറ്റും വനിതകളുടെ വന്‍ ശൃംഖലതന്നെ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. ബരാമുള്ളയിലെ സോപോര്‍ പൊലീസ്സ്റ്റേഷന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് 22 കാരിയ കുറത്ത് ഉല്‍ ഐന്‍ എന്ന യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. പാക് ഭീകരസംഘടന ലഷ്കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തകയാണ് കുറത്ത് എന്ന് വെളിപ്പെട്ടതായി പൊലീസ്. എന്നാല്‍ ഇവര്‍ തനിച്ചല്ല, കൂടുതല്‍ വനിതാ ഭീകരര്‍ ആക്രമണത്തില്‍ പങ്കെടുത്തതായി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭീകരബന്ധമുണ്ടെന്നു സംശയിക്കുന്ന ഏഴു പെണ്‍കുട്ടികളെ കൂടി പൊലീസ് ചോദ്യം ചെയ്തു.

Tuesday, 19 July 2011

ഷാരൂഖിന് 1.5 ലക്ഷം രൂപ പിഴ

മുംബൈ

ബാഗുകള്‍ക്കു നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നു ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് 1.5 ലക്ഷം രൂപ പിഴ. മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണു സംഭവം. ലണ്ടനിലും ഹോളണ്ടിലും കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിച്ചു തിരിച്ചെത്തിയ കിങ് ഖാന്‍റെ ബാഗുകള്‍ കസ്റ്റംസ് നികുതി അടയ്ക്കാത്തതിനാല്‍ പിടിച്ചെടുക്കുകയായിരുന്നു. നികുതി അടയ്ക്കാത്ത 20 ബാഗുകളാണ് ഉണ്ടായിരുന്നത്. കുടുംബാംഗങ്ങളെ പോകാന്‍ അനുവദിച്ചെങ്കിലും പിഴ അടച്ചതിനു ശേഷമാണു ഖാനെ വിട്ടയച്ചത്.

വജ്രങ്ങള്‍ കണ്ടെടുത്തു

മുംബൈ

മുംബൈ സ്ഫോടനം നടന്ന ഓപ്പറ ഹൗസിന്‍റെ പരിസരത്തു നിന്ന് 65 വജ്രങ്ങള്‍ കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തകരാണ് ഇതു കണ്ടത്. 25 കോടി വിലമതിക്കുന്നവയാണിവ. മുംബൈയിലെ പ്രമുഖ രത്നവ്യാപാര കേന്ദ്രമാണ് ഓപ്പറ ഹൗസ്. ഗുജറാത്തില്‍ നിന്നുളള വ്യാപാരികളുടേതാകാം വജ്രമെന്നു നിഗമനം.

മൊറാനിയുടെ ജാമ്യാപേക്ഷ തളളി

ന്യൂഡല്‍ഹി
2ജി സ്പെക്ട്രം അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന സിനിമാ നിര്‍മാതാവ് കരിം മൊറാനിയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തളളി. ഹൃദ്രോഗിയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ മൊറാനിയുടെ ആരോഗ്യനില തൃപ്തികരമെന്നു സിബിഐ വാദിച്ചു. ഇതു സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും സിബിഐ വാദിച്ചു. ഇതു പരിഗണിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

ആസൂത്രണം ഹൈദരാബാദില്‍

ഹൈദരാബാദ്

മുംബൈ സ്ഫോടന പരമ്പരയുടെ ആസൂത്രകര്‍ തങ്ങിയതു ഹൈദരാബാദിലെന്നു പൊലീസ്. കോല്‍ക്കത്തയില്‍ അറസ്റ്റിലായ ഹാറൂണ്‍ ജൂണില്‍ ഹൈദരാബാദ് സന്ദര്‍ശിച്ചെന്നു കണ്ടെത്തി. ഇവിടെ ഇന്ത്യന്‍ മുജാഹിദീന്‍ റിക്രൂട്ട് ഏജന്‍റ് ഡാനിഷ് റിയാസുമായി പദ്ധതി ആസൂത്രണം ചെയ്തെന്നാണു സൂചന.

ജൂണ്‍ ആദ്യയാഴ്ചയാണു ഹാറൂണ്‍ എത്തിയത്. ഡാനിഷിന്‍റെ ടോലിചൗക്കിലെ വാടക വീട്ടിലായിരുന്നു പദ്ധതി തയാറാക്കിയത്. ബന്‍ജാര ഹില്‍സിലെ ചെറിയ ഐടി സ്ഥാപനത്തില്‍ ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്ററായി ജോലി നോക്കുകയായിരുന്നു ഡാനിഷ്. പൊലീസിന്‍റെ കണ്ണുവെട്ടിക്കാനാണു ഹൈദരാബാദിലേക്കു മാറിയത്.

സഹപ്രവര്‍ത്തകരെയും വീട്ടുടമയെയും പൊലീസ് ചോദ്യം ചെയ്തു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകളും മറ്റും പരിശോധിച്ചു വരുന്നു.

ബംഗളൂരുവില്‍ നിന്നു അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. മൂന്നു പേരെ കൂടുതല്‍ ചോദ്യം ചെയ്യലിനു മുംബൈയിലെത്തിച്ചു. ഇതില്‍ ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടുപേരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. പൊലീസ് കസ്റ്റഡിയില്‍ മരിച്ച ഫയസ് ഉസ്മാനി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ബംഗളൂരുവിലെ ഇന്ത്യന്‍ മുജാഹിദീന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിവരം ലഭിച്ചത്.

വീണ്ടും സ്വത്തു കണ്ടെടുത്തു

ഹൈദരാബാദ്

സായി ആശ്രമത്തില്‍ നിന്നു വീണ്ടും കോടികളുടെ സ്വത്തുക്കള്‍ കണ്ടെടുത്തു. ബാബ താമസിച്ചിരുന്ന പ്രശാന്തി നിലയത്തിലെ യജുര്‍ മന്ദിറില്‍ നിന്ന് 59 കോടിയുടെ സ്വത്തുക്കളാണു ചൊവ്വാഴ്ച കണ്ടെടുത്തത്. ജൂലൈ മാസത്തില്‍ മൂന്നാം തവണയാണു സ്വത്തുക്കള്‍ കണ്ടെടുക്കുന്നത്.

സ്വര്‍ണ കങ്കണങ്ങള്‍, കുണ്ഡലങ്ങള്‍ എന്നിവയും വെള്ളിക്കോപ്പകള്‍, പാത്രങ്ങള്‍, കയിലുകള്‍, പൂജാ പാത്രങ്ങള്‍, വിലയേറിയ വസ്ത്രങ്ങള്‍, മറ്റു സമ്മാനങ്ങള്‍ എന്നിവയും പണവുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 34.5 കിലോഗ്രാം സ്വര്‍ണവും 340 കിലോഗ്രാം വെള്ളിയും 1.90 കോടി രൂപയുമാണു ലഭിച്ചത്.

തിങ്കളാഴ്ച പകല്‍ 10.45 നു തുടങ്ങിയ കണക്കെടുപ്പു 12 മണിക്കൂറോളം നീണ്ടു. അനന്തപുര്‍ കലക്റ്റര്‍ ദുര്‍ഗാദാസിന്‍റെ നേതൃത്വത്തില്‍ നടന്ന കണക്കെടുപ്പില്‍ സത്യ സായി ബാബ കേന്ദ്ര ട്രസ്റ്റ് പ്രതിനിധികളും പങ്കെടുത്തു.

ഇതുവരെ 71.36 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടെടുത്തു. ഇതിനു പുറമെ ഇവിടെ നിന്നു കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തിരുന്നു. പ്രശാന്തി നിലയത്തില്‍ ഇനിയും തുറക്കാത്ത മുറികളും രഹസ്യ അറകളുമുണ്ടാകാമെന്ന് ഉദ്യോഗസ്ഥര്‍.

Monday, 18 July 2011

25 പൈസ









മടിപിടിച്ചിരിക്കുന്നവരെക്കുറിച്ച് പറയാറുണ്ട് കാല്‍ക്കാശിനു കൊള്ളില്ലെന്ന്. എന്നാല്‍ കാല്‍ക്കാശ് അഥവാ കാലണ ഇനി കൗതുകത്തിനല്ലാതെ ഒന്നിനും കൊള്ളാത്തതാകുന്നു. ജൂലൈ ഒന്നുമുതല്‍ കേന്ദ്രസര്‍ക്കാര്‍ 25 പൈസ പിന്‍വലിക്കുകയാണ്. അങ്ങനെ പുരാവസ്തുക്കളുടെ കൂട്ടത്തില്‍ 25 പൈസയും സ്ഥാനംപിടിക്കും. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത് സ്റ്റാമ്പ്ശേഖരണം (ഫിലാറ്റലി) ആണെങ്കിലും രാജാക്കന്മാരുടെ ഹോബി എന്നറിയപ്പെടുന്നത് നാണയശേഖരണം(നുമിസ്മാറ്റിക്സ്) തന്നെ. ഇനി 25 പൈസയ്ക്കും നാണയശേഖരത്തില്‍ ഒരിടം കരുതിവയ്ക്കാം. 1478-1545 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഷേര്‍ഷാ സൂരി ചക്രവര്‍ത്തിയാണ് "റുപ്യ" എന്ന നാണയം ഇന്ത്യയില്‍ ആദ്യമായി ഇറക്കിയത്. കേരളത്തിലെ പല രാജാക്കന്മാര്‍ക്കും അവരുടേതായ നാണയങ്ങള്‍ ഉണ്ടായിരുന്നു. വിദേശികളുമായി കച്ചവടബന്ധം സ്ഥാപിച്ചതുമുതലാകണം നാണയങ്ങള്‍ പ്രചരിച്ചത്. പരശുരാമന്‍ രാശി, പൊന്‍പണം തുടങ്ങിയവ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നവയാണ്. തിരുവിതാംകൂര്‍ , കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങള്‍ക്ക് വെവ്വേറെ നാണയങ്ങള്‍ ഉണ്ടായിരുന്നു. കാശ്, ചക്രം, വരാഗം തുടങ്ങിയ നാണയങ്ങള്‍ തിരുവിതാംകൂറിലും ഒറ്റപുത്തന്‍ , ഇരട്ടപുത്തന്‍ എന്നിവ കൊച്ചിയിലും സുല്‍ത്താന്‍ , കാശ്, രാശി, ചെമ്പുകാശ് എന്നിവ മലബാറിലും നാണയങ്ങളായിരുന്നു. 1758-98 കാലത്ത് തിരുവിതാംകൂര്‍ ഭരിച്ച ധര്‍മരാജ എന്നറിയപ്പെടുന്ന കാര്‍ത്തിക തിരുനാളാണ് അനന്തരായന്‍ പണം, ചിന്നപണം, ചക്രം എന്നിവ പുറത്തിറക്കിയത്. 1816ല്‍ പാര്‍വതിബായി 16, 8, 4, 2 എന്നിങ്ങനെയുള്ള നാണയങ്ങളും പുറത്തിറക്കി. ഇതിനുശേഷമാണ് പണത്തിനെ കാശ് എന്നു വിളിച്ചുതുടങ്ങിയത്. 16 കാശ് 1 ചക്രം, 4 ചക്രം 1 പണം, 7 പണം അല്ലെങ്കില്‍ 28 ചക്രം 1 രൂപ എന്നിങ്ങനെയായിരുന്നു അന്നത്തെ വിനിമയനിരക്ക്. 1880-85 വരെ ഭരിച്ച വിശാഖം തിരുന്നാളാണ് വരാഗം എന്ന സ്വര്‍ണനാണയം ഇറക്കിയത്. 1906 മുതല്‍ കോയിനേജ് ആക്ട് അനുസരിച്ചാണ് നാണയങ്ങള്‍ അടിക്കുന്നത്. മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിലാണ് കമ്മട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കാശ്, മുക്കാല്‍ , അണ, അരയണ, ഒരണ, അരക്കാല്‍ രൂപ, കാല്‍ രൂപ, അര രൂപ, ഒരു രൂപ എന്നിവയാണ് ആദ്യം ഇറങ്ങിയ നാണയങ്ങള്‍ . ഇവയില്‍ നടുവില്‍ ദ്വാരമുള്ള ഓട്ടമുക്കാല്‍ എന്ന കൗതുകനാണയവും ഉണ്ടായിരുന്നു. 1956ല്‍ അണസമ്പ്രദായം അവസാനിച്ചപ്പോള്‍ പൈസ നിലവില്‍ വന്നു. 1, 2, 3, 5, 10, 20 തുടങ്ങി എല്ലാ പൈസകളും ഇന്ത്യാ ഗവണ്‍മെന്റ് പുറത്തിറക്കിയിട്ടുണ്ട്. അതിനുമുമ്പ് 25 പൈസയുടെ മൂല്യമുള്ള കാല്‍ അണ വെള്ളിനാണയമാണ് നിലവിലുണ്ടായിരുന്നത്. പിന്നീട് 1957-60ല്‍ നിക്കലില്‍ നിര്‍മിച്ച നാണയങ്ങള്‍ ഇറക്കിയിട്ടുണ്ട്. 1980ല്‍ ഗ്രാമീണ വനിതകളുടെ മുന്നേറ്റം, 1981ലെ ഭക്ഷ്യദിനം, 1982ലെ ഏഷ്യന്‍ ഗെയിംസ്, 1985ലെ വനവല്‍കരണം എന്നീ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിവിധയിനം 25 പൈസകള്‍ പുറത്തിറക്കി. കാണ്ടാമൃഗത്തിന്റെ ചിത്രമുള്ള 25 പൈസയാണ് ഇക്കൂട്ടത്തില്‍ അവസാനത്തേത്. ഇത് സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് നിര്‍മിച്ചിരിക്കുന്നത്. രാജാക്കന്മാരുടെ തലയുടെ ചിത്രമുള്ള നാണയങ്ങള്‍ ധര്‍മരാജയുടെ കാലംമുതലാണ് കേരളത്തില്‍ വന്നുതുടങ്ങിയത്. 1946 മുതല്‍ ദേശീയ നേതാക്കളെയും നവോത്ഥാന നായകരെയും ആദരിച്ച് നാണയങ്ങള്‍ ഇറക്കാന്‍ തുടങ്ങി. ഇതിനകം ഇങ്ങനെ 30 വ്യക്തികളുടെ ചിത്രമുള്ള നാണയങ്ങള്‍ ഇറങ്ങി. മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവര്‍ക്കൊപ്പം ശ്രീനാരായണഗുരുവും അല്‍ഫോന്‍സാമ്മയും നാണയങ്ങളില്‍ ആദരിക്കപ്പെട്ടു. 1-20 പൈസയുടെ നാണയങ്ങള്‍ ഔദ്യോഗികമായി നിര്‍ത്തലാക്കിയിട്ടില്ലെങ്കിലും ഇവ പുരാവസ്തുക്കളില്‍ സ്ഥാനംപിടിച്ചത് നാണയത്തിന്റെ വിലയ്ക്ക് ലഭിക്കുന്ന സാധനങ്ങള്‍ ഇല്ലാതാവുകയും ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സ്റ്റെയിന്‍ലെസ് സ്റ്റീലിന് നാണയത്തിന്റെ മൂല്യത്തേക്കാള്‍ വിലയാവുകയും ചെയ്തതോടെയാണ്. നിരോധം ഏര്‍പ്പെടുത്തുന്നു എന്ന വാര്‍ത്ത പരന്നതോടെ ബസുകളിലും കടകളിലും 25 പൈസ എടുക്കാതെയായി. ക്രയവിക്രയങ്ങളില്‍ 25 പൈസയ്ക്കു പകരം 50 പൈസയും ഒരുരൂപയുമാണ് ഉപയോഗിക്കുന്നത്. നിര്‍ത്തലാക്കുന്ന പൈസകള്‍ ദേശസാല്‍കൃത ബാങ്കുകളില്‍ മാറ്റി വാങ്ങാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കിയിരുന്നു. ജൂലൈ ഒന്നുമുതല്‍ ഇവ എവിടെയും സ്വീകരിക്കില്ല.

താലിബാന്‍സഹകരണം തേടി

Monday, July 18, 2011

അഹമ്മദാബാദ്

രാജ്യത്തു ഭീകരപ്രവര്‍ത്തനം നടത്താന്‍ തീവ്രവാദി സംഘടന ഇന്ത്യന്‍ മുജാഹിദീന്‍, ഭീകരസംഘടനയായ താലിബാനുമായി കൈകോര്‍ത്തെന്നു മൊഴി. ഗുജറാത്ത് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ മുജാഹിദീന്‍ അംഗം ഡാനിഷ് റിയാസ് ആണു മൊഴി നല്‍കിയത്. ഇന്ത്യന്‍ മുജാഹിദീന്‍റെ റിക്രൂട്ടിങ് ഏജന്‍റാണിയാള്‍.

വഡോദര സ്റ്റേഷനില്‍ നിന്നു ജൂണിലാണ് ഇയാളെ പിടികൂടിയത്. 2008- മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതികള്‍ക്കു ഝാര്‍ഖണ്ഡില്‍ അഭയം നല്‍കിയ കേസിലും ഇയാള്‍ പ്രതിയാണ്. ഇയാളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന കോല്‍ക്കത്ത സ്വദേശി ഹാറൂണില്‍ നിന്നു ലഭിച്ച ഇ- മെയിലുകളില്‍ അതിര്‍ത്തിക്കപ്പുറത്തേക്കു തീവ്രവാദത്തിനു യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതടക്കമുള്ള വിവരങ്ങളാണു ലഭിച്ചത്. 10 യുവാക്കളെയാണു താലിബാന്‍റെ പ്രത്യേക പരിശീലനത്തിന് അയച്ചത്.

റിയാസിനു കിട്ടിയ ഇ- മെയിലുകളില്‍ തീവ്രവാദിയാക്രമണങ്ങള്‍ നടത്തിയ പത്തോളം പേരുടെ സന്ദേശങ്ങളും കണ്ടെടുത്തു. 2008- മുംബൈ സ്ഫോടന പരമ്പരയില്‍ ബന്ധമുണ്ടെന്നു സംശയിക്കുന്നയാളാണു ഹാറൂണ്‍. ഇയാള്‍ക്കു താലിബാന്‍ നേതാക്കളുമായി ബന്ധമുണ്ടെന്നു പൊലീസ്
.

ദിഗ് വിജയിനു കരിങ്കൊടി

Monday, July 18, 2011

ഷജാപുര്‍ (മധ്യപ്രദേശ്)

കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെതിരെയുണ്ടായ സംഘ് പരിവാര്‍ പ്രതിഷേധം അക്രമാസക്തമായി. ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദിഗ് വിജയിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കാറില്‍ നിന്നിറങ്ങിയ അദ്ദേഹത്തിനു നേരെ കരിങ്കൊടികളും മുദ്രാവാക്യവുമായി ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചാടി വീഴുകയായിരുന്നു. ആര്‍എസ്എസ് ബോംബ് ഫാക്റ്ററിയാണെന്നും മുംബൈ സ്ഫോടന പരമ്പരയില്‍ ഹിന്ദു തീവ്രവാദികളുടെ പങ്ക് അന്വേഷിക്കണമെന്നുമുള്ള പരാമര്‍ശത്തിനെതിരെയാണു പ്രതിഷേധം. പൊലീസ് തടയാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാര്‍ അക്രമാസക്തരായി. ഇവരെ നേരിടാന്‍ പൊലീസ് ലാത്തി വീശി.