Tuesday, 26 July 2011

ഡോക്റ്റര്‍ സമരം നിര്‍ഭാഗ്യകരം


തിരുവനന്തപുരം
സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ സമരം പ്രഖ്യാപിച്ചതു നിര്‍ഭാഗ്യകരമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമരം പ്രഖ്യാപിച്ചത് ഏതു സാഹചര്യത്തിലെന്നു കെജിഎംഒഎ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഞായറാഴ്ച കൊച്ചിയില്‍ കെജിഎംഒഎ ഭാരവാഹികളുമായ നടത്തിയ ചര്‍ച്ച അനുകൂല ധാരണയിലാണു പിരിഞ്ഞത്. എന്നാല്‍ പുറത്തിറങ്ങിയ സംഘടന നേതാക്കള്‍ സമരവുമായി മുന്നോട്ടു പോകുമെന്നു മാധ്യമങ്ങളെ അറിയിച്ചു. ഇത് ഏതു സാഹചര്യത്തിലെന്നു നേതാക്കള്‍ സംഘടന അംഗങ്ങളോടെങ്കിലും വ്യക്തമാക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാണ്. ഇക്കാര്യത്തില്‍ ആരോടു സംസാരിക്കുന്നതിലും സര്‍ക്കാരിനു മടിയില്ല. എന്നാല്‍ ഡോക്റ്റര്‍മാരുമായി ഇനിയും ചര്‍ച്ച നടത്തുമോയെന്ന ചോദ്യത്തിനു മുഖ്യമന്ത്രി കൃത്യ മറുപടി നല്‍കിയില്ല.

ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. മദ്യനയം സംബന്ധിച്ച് എക്സൈസ് മന്ത്രി നല്‍കിയ കരട് അംഗീകരിച്ചു. തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ചെയ്യാന്‍ പൊതുമരാമത്തു മന്ത്രിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനാവശ്യമായ ഫണ്ട് മന്ത്രി ആവശ്യപ്പെടുന്നതനുസരിച്ചു നല്‍കും. ദേശീയപാത വികസനത്തിനു ഭൂമി വിട്ടുനല്‍കുന്നവര്‍ക്കുളള പാക്കേജ് സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ റെവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

No comments:

Post a Comment