Showing posts with label Editorial. Show all posts
Showing posts with label Editorial. Show all posts

Friday, 5 August 2011

ഇളവുകളെല്ലാം അതിസമ്പന്നര്‍ക്ക്


ഇതു സബ്സിഡി വിരോധത്തിന്‍റെ കാലഘട്ടം. ജനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഇളവുകള്‍ ഒഴിവാക്കുന്നതു പരിഷ്കാര കേമത്തമായി വാഴ്ത്തുന്നവരുടെ ലോകം. ഇന്ധന, ഭക്ഷ്യ, വളം സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നും അങ്ങനെ ധനക്കമ്മി കുറയ്ക്കണമെന്നും സര്‍ക്കാരിനെ ഉപദേശിക്കുന്നവര്‍ക്കു പഞ്ഞമില്ല. ഇവയ്ക്കൊക്കെ ഒറ്റയടിക്ക് എടുത്താല്‍ പൊങ്ങാത്ത വിലയായാല്‍ അധികാരത്തിനു പുറത്താവുമെന്ന ഭീതി കേന്ദ്രം ഭരിക്കുന്നവര്‍ക്ക് ഇല്ലായിരുന്നെങ്കില്‍ എന്നേ നടപ്പായേനേ സബ്സിഡിരഹിത ഇന്ത്യ.

ആറു ലക്ഷത്തിലധികം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സബ്സിഡി നിരക്കില്‍ പാചകവാതകം നല്‍കരുതെന്നാണ് പാര്‍ലമെന്‍ററി പാനലിന്‍റെ ശുപാര്‍ശ. സബ്സിഡി നിരക്കില്‍ 395 രൂപ വിലയുള്ള എല്‍പിജി സിലിണ്ടര്‍ 642 രൂപ നല്‍കി ആറുലക്ഷക്കാര്‍ വാങ്ങട്ടെ. ഓരോ വീടിനും സബ്സിഡി നിരക്കില്‍ വര്‍ഷം നാലു സിലിണ്ടര്‍ നല്‍കിയാല്‍ മതി എന്നു നേരത്തേ നിര്‍ദേശം ഉയര്‍ന്നിരുന്നു. ആദായ നികുതി അടയ്ക്കുന്നവര്‍ക്കു സബ്സിഡി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും പറഞ്ഞു കേട്ടിരുന്നു. ഏതു തലത്തിലൊക്കെയാണ് എല്‍പിജി സബ്സിഡി ഇല്ലാതാവുകയെന്ന് കണ്ടറിയേണ്ട അവസ്ഥ.

അതിനൊപ്പം ഇതാ പുതിയൊരു നിര്‍ദേശം കൂടി വെളിപ്പെടുത്തിയിരിക്കുന്നു സര്‍ക്കാര്‍. സ്വകാര്യ കാര്‍ ഉടമകള്‍ക്കു ഡീസല്‍ സബ്സിഡി ഒഴിവാക്കിയേക്കുമത്രേ. ഒരു ലിറ്റര്‍ ഡീസലിന് 6.08 രൂപ സബ്സിഡി നല്‍കുന്നുണ്ട് സര്‍ക്കാര്‍. രാജ്യത്തെ ഡീസല്‍ ഉപയോഗത്തിന്‍റെ 15 ശതമാനത്തോളവും സ്വകാര്യ ഡീസല്‍ കാറുകളുടേത്. സര്‍ക്കാര്‍ മോഹം നടപ്പായാല്‍ വന്‍ ഭാരമാണു പൊതു ഖജനാവിനൊഴിയുക. ആറു ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവരെപ്പോലെ സമ്പന്നരാണ് ഡീസല്‍ കാര്‍ ഉള്ളവരും എന്നാവുമല്ലോ സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍.

ആറു ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള കുടുബം ഇന്നു സമ്പന്നരുടെ ഗണത്തില്‍ വരുമോ? അതില്ലാത്ത ജനങ്ങള്‍ കോടിക്കണക്കിനുണ്ടെന്നും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അവര്‍ പെടാപ്പാടു പെടുന്നു എന്നുമുള്ള വസ്തുത വിസ്മരിക്കാതെ തന്നെ പരിശോധിക്കേണ്ടതാണ്. പ്രതിമാസം അമ്പതിനായിരം രൂപ വരുമാനമുള്ള വന്‍ നഗരങ്ങളിലെ കുടുംബങ്ങള്‍ക്ക് എന്തുണ്ടാവും ഇന്നത്തെ ജീവിതനിലവാരം വച്ച് മെച്ചം വയ്ക്കാന്‍? ഉപ്പുതൊട്ടു കര്‍പ്പൂരം വരെ കഴുത്തറപ്പന്‍ വില നല്‍കി വാങ്ങേണ്ടവര്‍, വീട്ടുവാടകയ്ക്കും വാഹന ഇന്ധനത്തിനും ആരോഗ്യ പരിപാലനത്തിനും ഓരോ മാസവും നല്ലൊരു തുക നീക്കിവയ്ക്കേണ്ടവര്‍, പലിശയേറിയേറി ബാങ്കുകളുടെ പ്രതിമാസത്തവണകള്‍ കുന്നുപോലെ വളരുന്നവര്‍...ഇത്തരം ഇടത്തരക്കാരെയാണോ ടാറ്റയ്ക്കും ബിര്‍ളയ്ക്കും അംബാനിമാര്‍ക്കുമെല്ലാമൊപ്പം സര്‍ക്കാര്‍ ലിസ്റ്റിടുന്നത്...!

അതിവേഗം തഴച്ചുവളരുകയാണ് ഇന്ത്യന്‍ വാഹന വിപണി. ഒരു കാര്‍ കണ്ടാല്‍ ചുറ്റും കുട്ടികള്‍ ഓടിക്കൂടുന്ന കാലമൊക്കെ എന്നേ പോയ്മറഞ്ഞു. ഏത് ഇടത്തരക്കാരനും പ്രാപ്യമാണിന്നു കാറുകള്‍, പുതിയതല്ലെങ്കില്‍ യൂസ്ഡ്. യുസ്ഡ് കാര്‍ വിപണിയില്‍ കടുത്ത മത്സരം തന്നെയുണ്ടിന്ന്. യാത്രാപ്രശ്നങ്ങളില്‍ നിത്യവും നട്ടം തിരിയുന്നവന്‍ അങ്ങനെയൊരു കാര്‍ വല്ല വിധേനെയും തരപ്പെടുത്തിയാല്‍ അവന്‍ സമ്പന്നനായോ? അവനുള്ള ഡീസലിന് അധികവില നല്‍കണമെന്നു പറയുന്നതില്‍ എന്തു ന്യായം? ആധുനിക നഗരങ്ങളിലെ സാധാരണക്കാരനും ഇടത്തരക്കാരനും എവിടെ, എങ്ങനെ എന്നു കാണാത്തവരും അറിയാത്തവരുമാണോ പട്ടികകള്‍ തയാറാക്കുന്നത്.

ഇനി ഇവരൊക്കെ അതിസമ്പന്നര്‍ എന്നു തന്നെ കരുതുക. അത്യാഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ എന്നും നിര്‍വചിക്കുക. അങ്ങനെയായാലും ഈ വേര്‍തിരിവിനു പ്രസക്തിയുണ്ടോ. ആറു ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ വര്‍ഷം നാല്‍പ്പതിനായിരം രൂപയിലേറെ ആദായ നികുതി നല്‍കുന്നു. ഒരു ലക്ഷം രൂപയുടെ നികുതിയിളവ് നിക്ഷേപങ്ങളും മറ്റ് നികുതി ആനുകൂല്യങ്ങളും ഉപയോഗിച്ചാലും ആയിരക്കണക്കിനു രൂപ സര്‍ക്കാര്‍ ഖജനാവിനു നല്‍കുന്നുണ്ട് അവര്‍. വരുമാനം കൂടുന്നതിനനുസരിച്ച് നികുതിയും കൂടുന്നു. വാഹനങ്ങള്‍ വാങ്ങുമ്പോഴും അത് ഓടിക്കുമ്പോഴുമെല്ലാം നല്‍കുന്നുണ്ട് നികുതി. അതിനു ശേഷവും ഈ വേര്‍തിരിവ് വേണോ. നികുതിദായകനായത് സര്‍ക്കാര്‍ പരിഗണന ലഭിക്കാതിരിക്കാനുള്ള മാനദണ്ഡമാവുന്നത് അനീതിയല്ലേ.

സ്വകാര്യ കാറുകള്‍ക്ക് ഒരു വിലയും മറ്റു വാഹനങ്ങള്‍ക്കു മറ്റൊരു വിലയും എന്ന നയം പെട്രോള്‍ പമ്പുകളില്‍ എങ്ങനെ പ്രായോഗികമായി നടപ്പാക്കും എന്നതും ആലോചിക്കേണ്ട വിഷയം. കരിഞ്ചന്ത വര്‍ധിപ്പിക്കാനും ഉതകും ഇങ്ങനെയൊരു തീരുമാനം നടപ്പായാല്‍. പെട്രോള്‍ വില നിയന്ത്രണം ഉപേക്ഷിച്ച ശേഷം ഡീസല്‍ കാറുകള്‍ക്കു ഡിമാന്‍ഡ് കൂടുന്നു എന്നതു ശരി. മൊത്തം കാര്‍ വില്‍പ്പനയില്‍ മുപ്പതു ശതമാനത്തോളം ഡീസല്‍ കാറുകളായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതെങ്കിലും തരത്തില്‍ ലാഭം നോക്കുന്നവരെ വിടാതെ പിടികൂടുകയാണു ലക്ഷ്യമെന്നു വരുന്നതു ഭൂഷണമല്ല ഒരു സര്‍ക്കാരിനും.

ജനങ്ങളുടെ സബ്സിഡിക്കു പിന്നാലെ പോകാതെ വന്‍ കോര്‍പ്പറേറ്റുകള്‍ക്കു നല്‍കുന്ന ഇളവുകള്‍ വെട്ടിക്കുറയ്ക്കട്ടെ. പ്രമുഖ ഐടി കമ്പനികള്‍ക്കു തന്നെ ബഹുകോടിക്കണക്കിനു രൂപയുടെ ഇളവുകള്‍ നല്‍കുന്നുണ്ട് സര്‍ക്കാര്‍. പൊതുഖജനാവിനു ലഭിക്കേണ്ട സഹസ്ര കോടികള്‍ ഉന്നതതലങ്ങളില്‍ അറിഞ്ഞ് നല്‍കാതിരിക്കുന്നുണ്ട് വന്‍കിട കോര്‍പ്പറേറ്റുകള്‍. റിലയന്‍സിന് ഇളവു നല്‍കിയെന്ന കുറ്റത്തിനാണ് മുരളി ദേവ്റ കേന്ദ്ര മന്ത്രിസഭയില്‍നിന്നു പുറത്താക്കപ്പെട്ടത്. അതേ “സേവന’ത്തിനു പാരിതോഷികമാണ് ദേവ്റയുടെ മകനു സിദ്ധിച്ച കേന്ദ്ര മന്ത്രിസഭാ പ്രവേശം. വമ്പന്‍മാര്‍ക്കുള്ള ഇളവുകള്‍ക്ക് യാതൊരു നിയന്ത്രണവും കൊണ്ടുവരാന്‍ താത്പര്യമോ മനക്കരുത്തോ കാണിക്കുന്നില്ല. ജനങ്ങളുടെ ചുമലില്‍ ഭാരം കയറ്റുന്നതാണ് എളുപ്പം.

പെട്രോളിന്‍റേതു പോലെ ഡീസല്‍, എല്‍പിജി വില നിയന്ത്രണവും ഉപേക്ഷിക്കാന്‍ എണ്ണക്കമ്പനികള്‍ സര്‍ക്കാരില്‍ തുടരെ സമ്മര്‍ദം ചെലുത്തുന്നുണ്ട്. വൈകാതെ ആ ലക്ഷ്യത്തിലേക്ക് എത്താമെന്ന പ്രതീക്ഷയും കാണും കമ്പനികള്‍ക്ക്. അതോടെ ആഗോള വിപണി വിലയ്ക്ക് അനുസൃതമായി ഇവിടെയും വില നിശ്ചയിക്കപ്പെടും. ഇപ്പോള്‍ പെട്രോളിനു കാണുന്നതുപോലെ ഇടക്കിടെ വില വര്‍ധിച്ചുകൊണ്ടിരിക്കും. അതുവരെയേയുള്ളൂ ഇന്ധനക്കാര്യത്തില്‍ സമ്പന്നരും പാവങ്ങളുമെന്ന തരംതിരിവു പോലും. ഇളവുകളില്ലാത്ത ലോകത്തേക്ക് മുണ്ടുമുറുക്കിയുടുത്തു നടന്നുകയറുക തന്നെ.

Tuesday, 26 July 2011

എല്ലാവരും സംശയങ്ങള്‍ക്ക് അതീതരാവണം


കോളിളക്കം സൃഷ്ടിച്ച 2ജി സ്പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയുടെ വെളിപ്പെടുത്തല്‍ രാജ്യത്തു പുതിയൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതിനു ടെലികോം മന്ത്രി എന്ന നിലയില്‍ തനിക്ക് അന്നത്തെ ധനമന്ത്രി പി. ചിദംബരത്തിന്‍റെ അനുമതി ലഭിച്ചെന്നും അതാവട്ടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ സാന്നിധ്യത്തിലാണെന്നുമാണ് സിബിഐ കോടതിയില്‍ ഇന്നലെ രാജ മൊഴി നല്‍കിയത്. കോടതി അക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. സിവിലോ ക്രിമിനലോ ആയ ഏതെങ്കിലും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരാള്‍ നല്‍കുന്ന മൊഴികളില്‍ മറ്റാരുടെയെങ്കിലും പേര് ഉള്‍പ്പെട്ടാല്‍ അവരെക്കൂടി കേസില്‍ ഉള്‍പ്പെടുത്താനോ നിരാകരിക്കാനോ ഉള്ള വിവേചനാധികാരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കോടതികള്‍ക്കുമുണ്ട്. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരേ രാജ ഉന്നയിച്ച ആരോപണങ്ങള്‍ ആ നിലയ്ക്ക് അതീവ ഗുരുതരം തന്നെ. രണ്ടു പരമോന്നത പദവികള്‍ വഹിക്കുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഏതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലോ നീതിപീഠങ്ങള്‍ക്കു മുന്നിലോ ഹാജരാകേണ്ട അവസ്ഥ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല.

അഴിമതിക്കേസില്‍ കുടുങ്ങി തിഹാര്‍ ജയിലില്‍ കഴിയുന്ന ആളാണ് എ. രാജ. യുപിഎ നേതൃത്വവും, ഒരു പരിധിയോളം ഡിഎംകെയും അദ്ദേഹത്തെ കൈവിട്ടു. തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ രാജ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന നിലയിലാണു കാര്യങ്ങള്‍. അങ്ങനെയൊരാള്‍ പറയുന്നതെല്ലാം അതേപടി വിശ്വസിക്കാനാവില്ല. കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയും കേന്ദ്ര മന്ത്രി കപില്‍ സിബലും പറയുന്നത് അതാണ്. പിടിക്കപ്പെട്ടവന്‍റെ തത്രപ്പാടുകള്‍ക്കപ്പുറം രാജയുടെ പ്രസ്താവനയ്ക്കു കഴമ്പില്ലെന്നാണു കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നു വ്യക്തം. രാജ്യം ഇന്നോളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസ് ആണു 2ജി സ്പെക്ട്രം ഇടപാട്. എ.ബി. വാജ്പേയി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ തുടങ്ങിയ ഏര്‍പ്പാടാണ് ആകാശക്കച്ചവടത്തിന്‍റെ പിന്നാമ്പുറത്തുള്ളത്. അതിനു പിന്നില്‍ ഒരു രാജ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നു പറയുന്നത് അതേപടി വിഴുങ്ങാന്‍ സാമാന്യജനങ്ങള്‍ ബുദ്ധിമുട്ടും. എ. രാജ, കനിമൊഴി തുടങ്ങി വിരലിലെണ്ണാന്‍ മാത്രമുള്ള വന്‍തോക്കുകള്‍ മാത്രമേ ഇതുവരെ കുടുങ്ങിയിട്ടുള്ളൂ. പക്ഷേ, ഇനിയും പലരും മറയ്ക്കു പിന്നിലുണ്ടെന്ന വസ്തുത ആര്‍ക്കും മൂടിവയ്ക്കാനാവില്ല.

ഒന്നേ മുക്കാല്‍ ലക്ഷം കോടി രൂപ എന്നാല്‍ ചെറിയ സംഖ്യയല്ല. ഇത്രയും വലിയ തുക ഏതെങ്കിലും ചില വ്യക്തികളോ സ്ഥാപനങ്ങളോ പ്രസ്ഥാനങ്ങളോ മാത്രമായി ചെലവാക്കിത്തീര്‍ക്കാനും സാധ്യതയില്ല. ഓരോ പൊതു തെരഞ്ഞെടുപ്പിന്‍റെയും പണമൊഴുക്കിന്‍റെ പിന്നാമ്പുറങ്ങളില്‍ സ്പെക്ട്രം അഴിമതി സജീവമാണ്. ഇടതുപക്ഷ പാര്‍ട്ടികളൊഴികെയുള്ളവര്‍ക്കെല്ലാം അതില്‍ പങ്കുണ്ടെന്നും ആരോപണങ്ങളുണ്ട്. വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന അരുണ്‍ ഷൂരിയുടെ കാലത്ത് 26 ഉം, കഴിഞ്ഞ യുപിഎ മന്ത്രിസഭയില്‍ ദയാനിധി മാരന്‍റെ കാലത്ത് 25 ഉം ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ട്. 1993 ലെ മന്ത്രിസഭാ തീരുമാനം അംഗീകരിച്ചായിരുന്നു ഈ നടപടികള്‍. ആദ്യം വരുന്നവര്‍ക്ക് ആദ്യപരിഗണന എന്നതായിരുന്നു തുടക്കത്തില്‍ കൈക്കൊണ്ട നയം. എ. രാജയുടെ കാലത്ത് അത് അട്ടിമറിക്കപ്പെട്ടെന്നും സ്വന്തം സാമ്പത്തിക നേട്ടം ലക്ഷ്യംവച്ച് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്കു ലൈസന്‍സ് അനുവദിച്ചു എന്നുമാണ് സിബിഐ വാദിക്കുന്നത്.

ഇതിലെ വാദപ്രതിവാദങ്ങള്‍ അവിടെ നില്‍ക്കട്ടെ. ഒരു സാമ്പത്തിക നേട്ടവുമില്ലാതെയാണു ലൈസന്‍സ് അനുവദിച്ചതെന്ന വാദം വരെ അംഗീകരിച്ചാലും ഒരു കാര്യം വ്യക്തം. പൊതുഖജനാവിലേക്കു ലഭിക്കേണ്ട ലക്ഷക്കണക്കിനു കോടികള്‍ ചോര്‍ന്നൊഴുകാന്‍ അറിവോടെയായാലും അറിവില്ലാതെയായാലും ഒരു ഭരണാധികാരിയും അനുവദിക്കരുതായിരുന്നു. അരുണ്‍ ഷൂരിയുടെ കാലത്തു തുടങ്ങിയ ഈ കച്ചവടം മുളയിലേ നുള്ളിയിരുന്നെങ്കില്‍ ഈ രാജ്യത്തിന്‍റെ ധനസ്ഥിതി മറ്റൊന്നാവുമായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ പ്രതിച്ഛായയിലല്ല, രണ്ടാം മന്‍മോഹന്‍ മന്ത്രിസഭ. അഴിമതിയുടെ കരാളഹസ്തങ്ങള്‍ പലവഴിക്കു നീളുന്നു. ആരോപണങ്ങളെ വാക്കുകള്‍ കൊണ്ടു പ്രതിരോധിക്കുമ്പോഴും അതിനെതിരേ പ്രയോഗിക്കാന്‍ പറ്റിയ തെളിവുകള്‍ കൈവശമില്ലാതെ ഉരുണ്ടുകളിക്കുകയാണ് യുപിഎ നേതൃത്വം. ഈ ഉരുണ്ടുകളി, “ഡെന്മാര്‍ക്കിലെന്തോ ചീഞ്ഞു നാറുന്നതിന്‍റെ’ സൂചന നല്‍കുന്നു. എ. രാജ പറഞ്ഞതു കളവാണെന്ന കോണ്‍ഗ്രസ് വിശദീകരണം അതേപടി അംഗീകരിച്ചാല്‍, ഈ രാജ്യത്തെ കേസ് അന്വേഷണങ്ങളുടെ ഗതി മാറും. ഒരു കേസില്‍ ഒരാളെ പിടികൂടിയാല്‍ അന്വേഷണം അവിടം കൊണ്ട് അവസാനിപ്പിക്കാന്‍ നിയമപാലകര്‍ നിര്‍ബന്ധിതരാകും. പിടിക്കപ്പെടുന്നവന്‍റെ മൊഴിയില്‍ മറ്റാരുടെയെങ്കിലും പേരു പറഞ്ഞാല്‍ അതു കുറ്റവാളിയുടെ ജല്‍പ്പനമെന്നു രേഖപ്പെടുത്തി കേസ് ഫയല്‍ ക്ലോസ് ചെയ്യേണ്ടി വരും. ഇന്നോളം വിധിച്ച പല കേസുകളുടെയും വിധിതന്നെ അതു മാറ്റിക്കുറിക്കും. എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പു വരുത്തുന്ന ഭരണഘടന നിലനില്‍ക്കുന്ന ഒരു രാജ്യത്ത്, എ. രാജയ്ക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്കു വേറേ നീതിയും നടപ്പാക്കുന്നതെങ്ങനെ?

Tuesday, 19 July 2011

ഹൈവേ വികസനം ഇനിയും അമാന്തിക്കരുത്

കേരളത്തിലെ രണ്ടു പ്രധാന നാഷനല്‍ ഹൈവേ വികസനത്തിനു സംസ്ഥാന സര്‍ക്കാര്‍ പുതിയ പാക്കെജ് തയാറാക്കുന്നു. കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ ആയിരം കോടി രൂപയുടെ അധിക ബാധ്യത വരുത്തി വയ്ക്കുന്ന പാക്കെജ് നിര്‍ദിഷ്ട റോഡുകള്‍ക്കു വേണ്ടി സ്ഥലവും വീടും വിട്ടുകൊടുക്കുന്നവര്‍ക്ക് കൂടുതല്‍ സ്വീകര്യമാവാനാണു സാധ്യത. ചതുഷ്കോണ സുവര്‍ണ പാതകളടക്കം രാജ്യത്തിന്‍റെ സുപ്രധാന റോഡുകള്‍ അയല്‍ സംസ്ഥാനങ്ങള്‍ വരെ എത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗതാഗതം ആരംഭിച്ചിച്ചിട്ടും കേരളത്തിലെ നാഷനല്‍ ഹൈവേകളില്‍ കിലോമീറ്റര്‍ നീണ്ട വാഹന നിരയും മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കും അപകടങ്ങളുമാണ് പതിവു കാഴ്ച. ചതുഷ്കോണ പദ്ധതിപ്രകാരം ദേശീയ പാതകള്‍ക്കു നൂറു മീറ്റര്‍ വീതി വെണമെന്നാണു ചട്ടം. മറ്റു ദേശീയ പാതകളുടെ വീതി ശരാശരി അറുപതു മീറ്റര്‍ എങ്കിലുമായിരിക്കണമെന്നും തീരുമാനിക്കപ്പെട്ടു. എന്നാല്‍ കേരളം, ഗോവ തുടങ്ങി ജനസാന്ദ്രതയേറിയ സ്ഥലങ്ങളില്‍ ഇത്രയും വീതി അപ്രായോഗികമാണെന്നും സ്ഥലപരിമിതി പരിഗണിച്ചു ചില ഇളവുകള്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ദേശീയ പാതകള്‍ക്കു 30 മീറ്റര്‍ മാത്രം വീതി മതിയെന്നു ന്യൂഡല്‍ഹിയിലെത്തി കേന്ദ്രസര്‍ക്കാരിനെയും നാഷനല്‍ ഹൈവേ അഥോരിറ്റിയെയും അറിയിക്കുന്ന കാര്യത്തില്‍ അന്നത്തെ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുതന്നെ ഔത്സുക്യം കാട്ടി.

കേരളത്തെപ്പോലെ ഇത്രയധികം ജനനിബിഡവും വാഹനസാന്ദ്രതയുമുള്ള ഒരു സംസ്ഥാനത്ത് മുപ്പതു മീറ്റര്‍ വീതിയില്‍ ദേശീയ പാത നിര്‍മിക്കാനാവില്ലെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ഉറച്ചു നിന്നു. ഏറ്റവും കുറഞ്ഞത് 45 മീറ്റര്‍ എങ്കിലും വീതിയില്ലെങ്കില്‍ അത്തരം റോഡുകള്‍ക്കു ദേശീയ പാതയുടെ അംഗീകരാമോ സാമ്പത്തിക സഹായമോ ലഭിക്കെല്ലെന്നു ദേശീയ പാത അഥോറിറ്റി കട്ടായം പറഞ്ഞതോടെയാണു സംസ്ഥാനം നിലപാടു മാറ്റിയത്. എന്നിട്ടും ദേശീയ പാത വികസനം ഇന്നും എങ്ങുമെത്തിയില്ല. സ്ഥലമെടുപ്പ് എന്ന കടമ്പയില്‍ത്തട്ടി കുരുങ്ങിത്തന്നെ കിടപ്പാണ് എന്‍എച്ച് 17, എന്‍എച്ച് 47 എന്നീ ഹൈവേകള്‍. രണ്ടു ഹേവേകളുടെയും വശങ്ങളില്‍ താമസിക്കുകയും ഈ റോഡുകള്‍ ആധാരമാക്കി ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്ത പതിനായിരക്കണക്കിന് ആളുകളെ വഴിയാധാരമാക്കാതെ എങ്ങനെ സ്ഥലം ഏറ്റെടുക്കാമെന്നാണ് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന ഉന്നതാധികാര സമിതി ആലോചിച്ചത്.

ഇതിനായി സ്ഥലത്തിന്‍റെ മാര്‍ക്കറ്റ് വില നിശ്ചയിക്കാന്‍ ബന്ധപ്പെട്ട ജില്ലാ കലക്റ്റര്‍മാരെ ചുമതലപ്പെടുത്തും. ഇവരുടെ നേതൃത്വത്തില്‍ നഷ്ടപരിഹാരം നിശ്ചയിച്ച ശേഷം ആദ്യം പുനരധിവാസം നടപ്പാക്കും. അതിനുശേഷം മാത്രമേ, സ്ഥലം ഉടമകളെ അവര്‍ ഇപ്പോള്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് ഇറക്കിവിടൂ. നേരത്തേ, കേരളത്തില്‍ നടപ്പാക്കിയ കെഎസ്ടിപി, മൂലമ്പിള്ളി പുനരധിവാസ പാക്കെജുകളിലെ ഗുണകരമായ വ്യവസ്ഥകള്‍ സ്വീകരിക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. വികസന വേഗത്തില്‍ പുതിയ മാനം കണ്ടെത്തിയ ഗുജറാത്തിന്‍റെ മാതൃകയും ഇക്കാര്യത്തില്‍ നമുക്കുണ്ട്. റോഡ് വികസനം, തുറമുഖ നിര്‍മാണം, വ്യാവസായിക നിക്ഷേപം തുടങ്ങിയവയ്ക്കെല്ലാം വലിയ തോതില്‍ അവിടെ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഇതിനായി സ്ഥലം വിട്ടുകൊടുത്ത ഒരാള്‍ക്കു പോലും കാര്യമായ പരാതിയുണ്ടായതുമില്ല.

വികസനം ഏതൊരു നാടിന്‍റെയും സ്വപ്നമാണ്. എന്നാല്‍ മറ്റു വല്ലവരുടെയും ചെലവില്‍ തങ്ങള്‍ക്കു വികസനം എന്ന മനോഭാവം ഒരു ജനതയ്ക്കും ചേര്‍ന്നതല്ല. വികസനത്തിനു വേണ്ടി സ്ഥലം വിട്ടുകൊടുക്കുന്നവരാണു പദ്ധതിയുടെ ആദ്യ ഗുണഭോക്താവ് എന്നതാണ് ഇപ്പോഴത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഈ നിലപാടാണ് അവര്‍ മൂലമ്പിള്ളിയില്‍ നടപ്പാക്കിയതും. നിര്‍ദിഷ്ട ദേശീയ പാത വികസന പദ്ധതിയിലും ഈ നിലപാട് ആവര്‍ത്തിക്കുമെന്ന് ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടിവരുന്ന പണം മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പാക്കെജ് പ്രകാരം ഈ തുക ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുമോ എന്ന സംശയവും ബാക്കിയുണ്ട്. അങ്ങനെ വന്നാല്‍ പുനരധിവാസത്തിനു വേണ്ടി വരുന്ന ആയിരം കോടിയുടെ അധിക ബാധ്യത സംസ്ഥാനം തന്നെ ഏറ്റെടുക്കണമെന്നും ഉന്നത തല യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യങ്ങള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി അടുത്ത 27 നു ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഫാസ്റ്റ് ട്രാക്കില്‍ പെടുത്താനും ധാരണയായി. അന്താരാഷ്ട്ര നിലവാരത്തിലും വളരെ താഴെയാണു കേരളത്തിലെ ദേശീയ പാതകള്‍. വല്ലാര്‍പാടം ടെര്‍മിനല്‍ കമ്മിഷന്‍ ചെയ്തതോടെ അന്തര്‍ സംസ്ഥാന ചരക്കു നീക്കവും വളരെ വര്‍ധിച്ചിട്ടുണ്ട്. സമയബന്ധിതമായി ദേശീയപാത വികസനം യാഥാര്‍ഥ്യമായില്ലെങ്കില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ കേരളത്തിലെ റോഡ് ഗതാഗതം വാഹനത്തിരക്കില്‍ കുടുങ്ങി നിശ്ചലമാകും. അതിനു കാത്തു നില്ക്കാതെ കൂടുതല്‍ വേഗത പ്രാപിക്കട്ടെ, നിര്‍ദിഷ്ട പുനരധിവാസവും ഹൈവേ വികസനവും.

Sunday, 17 July 2011

വീതം വയ്ക്കാനുള്ളതല്ല വിസി സ്ഥാനം

സ്വയംഭരണാധികാരമുള്ള ഭരണഘടനാ സ്ഥാപനങ്ങളാണു സര്‍വകലാശാലകള്‍. നേരത്തേ ഹയര്‍ സെക്കന്‍ഡറി തലം മുതല്‍ ഗവേഷണ വിഭാഗം വരെ ഉള്‍പ്പെട്ട അതി വിപുലമായ വിദ്യാഭ്യാസ സംവിധാനമായിരുന്നു അത്. ഹയര്‍ സെക്കന്‍ഡറി കോഴ്സുകളുടെ ബാഹുല്യവും വിദ്യാര്‍ഥികളുടെയും അധ്യാപകരുടൈയും ഇതര ജീവനക്കാരുടെയും എണ്ണവും മറ്റും ചേര്‍ന്ന് സര്‍വകലാശാലകളുടെ സമയവും സമ്പത്തും പാഴാക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തെ സര്‍വകലാശാലകളില്‍ നിന്നു വേര്‍പെടുത്തി പ്രത്യേക ബോര്‍ഡിനു കീഴിലാക്കിയത്. ഇതിലൂടെ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണങ്ങള്‍ക്കും മാത്രമായി സര്‍കലാശാലകളെ മാറ്റിയെടുത്തു. സര്‍കലാശാലകളിലും അവയ്ക്കു കീഴില്‍ വരുന്ന കോളെജുകളിലും യൂനിവേഴ്സിറ്റി ഗ്രാന്‍റ് കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്ന സേവന വേതന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. അധ്യാപകരുടെയും ഇതര ജീവനക്കാരുടെയും വേതനത്തില്‍ ഗണ്യമായ മാറ്റം സംഭവിച്ചതല്ലാതെ, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അതു കാര്യമായ മെച്ചമൊന്നും ഉണ്ടാക്കില്ല. നേരം കൊല്ലാനും പണം അപഹരിക്കാനും പറ്റുന്ന ചില ഗവേഷണ കശപിശകളല്ലാതെ, നാടിനും നാട്ടുകാര്‍ക്കും ഗുണകരമായ നല്ലൊരു ഗവേഷണ പ്രബന്ധം കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് അടുത്തകാലത്തൊന്നും ഉണ്ടായിട്ടുമില്ല.

ഇതിനെല്ലാം മീതേയാണു സര്‍വകലാശാലകളെ അടിമുടി വിഴുങ്ങിയ രാഷ്ട്രീയ അതിപ്രസരം. നിയമസഭയോളം ബൃഹത്തായ സെനറ്റ്-സിന്‍ഡിക്കറ്റ് സംവിധാനമാണു സര്‍വകലാശാലകളെ നിയന്ത്രിക്കുന്നത്. സെനറ്റിലും സിന്‍ഡിക്കറ്റിലും തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ബഹുഭൂരിഭാഗവും അക്കാഡമിക് നിലവാരം പുലര്‍ത്തുന്നവരല്ല. രാഷ്ട്രീയ പരിഗണന മാത്രമാണ് ഈ നിയമനങ്ങളുടെ ഏക മാനദണ്ഡം.

അപ്പോഴും സര്‍വകലാശാലകളുടെ തലപ്പത്തുള്ള വിസി സ്ഥാനത്ത് യോഗ്യതയും കഴിവുമുള്ള പ്രഗത്ഭരെ കണ്ടെത്തി നിയമിക്കാന്‍ മിക്ക സര്‍ക്കാരുകള്‍ക്കും മുന്‍പ് കഴിഞ്ഞിട്ടുണ്ട്. കേരളത്തിനു പുറത്തു നിന്നു പോലും വിദ്യാഭ്യാസ വിചക്ഷണന്മാരെ കണ്ടെത്തി ഇവിടുത്തെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരാക്കിയിട്ടുണ്ട്. അവരുടെ സാന്നിധ്യം കൊണ്ട് അലംകൃതമായിരുന്നു നമ്മുടെ പല സര്‍വകലാശാലകളും. എന്നാല്‍ ഈ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി, എല്ലാ മറയും നീക്കി വിസി നിയമനത്തില്‍ രാഷ്ട്രീയം കടന്നുവന്നതിന്‍റെ നാണംകെട്ട കഥകളാണ് ഈ ദിവസങ്ങളില്‍ കോഴിക്കോട് സര്‍വകാലാശാലയുടെ പേരില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. സംസ്ഥാനത്തെ പുരാതന സര്‍വകലാശാലകളില്‍ ഒന്നാണു കോഴിക്കോട്. എല്ലാ മതങ്ങളിലും പെട്ട ഒട്ടേറെ ശ്രേഷ്ഠന്മാര്‍ അവിടെ വൈസ് ചാന്‍സലര്‍മാരായി ഇരുന്നിട്ടുണ്ട്. അവിടേക്കാണ്, അക്കാഡമിക് യോഗ്യതകളൊന്നും പരിഗണിക്കാതെ ഒരു സ്കൂള്‍ അധ്യാപകനെ വിസിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പു ഭരിക്കുന്ന മുസ്ലിം ലീഗ് മുന്നോട്ടു വന്നത്. മുസ്ലിം സമുദായത്തില്‍ നിന്നു വരെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെട്ട് ലീഗിന്‍റെ ലിസ്റ്റ് മരവിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെക്കൂടിയ മുസ്ലിം ലീഗ് സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ച് ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ നല്‍കിയ മറുപടി രസകരമാണ്. കോഴിക്കോട് സര്‍വകലാശാല വിസി സ്ഥാനത്തേക്ക് അക്കാഡമിക് പാരമ്പര്യവും ഉയര്‍ന്ന യോഗ്യതയുമുള്ള മറ്റൊരാളെ മുസ്ലിം ലീഗ് കണ്ടെത്തുമത്രേ. അത്യന്തം അപകടകരമാണ് ഇത്തരം പ്രസ്താവനകള്‍ പോലും. വിസി സ്ഥാനത്തേക്ക് തങ്ങളുടെ രാഷ്ട്രീയ നോമിനികളെ പരസ്യമായി നിര്‍ദേശിക്കാന്‍ ലീഗും കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടുമൊക്കെ മുന്നോട്ടു വന്നാല്‍ തകര്‍ന്നടിയുന്നത്, നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല തന്നെയാണ്.

വൈസ് ചാന്‍സലര്‍ നിയമനത്തിലെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ നിരവധി ഉന്നത പഠനങ്ങള്‍ തന്നെ നടത്തിയിട്ടുണ്ട്. കേന്ദ്ര മാനവ ശേഷി വികസന വകുപ്പ് നിയോഗിച്ച പ്രൊഫ. എന്‍. ആര്‍. മാധവ മേനോന്‍ കമ്മിറ്റി വളരെ വിപുലവും സമഗ്രവുമായ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. വിസി നിയമനത്തിലെ രാഷ്ട്രീയ ഇടപെടലും അഴിമതിയും കര്‍ശനമായി ഒഴിവാക്കണമെന്നാണ് ഈ കമ്മിറ്റി നിര്‍ദേശിച്ചത്. അക്കാഡമിക് നിലവാരം മാത്രം അടിസ്ഥാന യോഗ്യതയാക്കി നിശ്ചയിച്ച് വിദേശത്തു നിന്നു പോലും ഉന്നത വിദ്യാഭ്യാസ വിദഗ്ധരെ ഈ സ്ഥാനത്തേക്കു പരിഗണിക്കാമെന്നും ശുപാര്‍ശയുണ്ട്. കുറഞ്ഞതു പത്തു വര്‍ഷമെങ്കിലും അധ്യാപന പരിചയമുള്ള സര്‍വകലശാലാ പ്രൊഫസര്‍മാര്‍, അത്രയും വര്‍ഷത്തെ ഉന്നത അക്കാഡമിക് പരിജ്ഞാനമുള്ള ഗവേഷകര്‍, ഭരണമികവ്, ഉന്നത വിദ്യാഭ്യാസത്തിലെ പരിജ്ഞാനം തുടങ്ങിയവയാണു വിസിമാരുടെ അടിസ്ഥാന യോഗ്യതകള്‍. ആ സ്ഥാനത്താണ് സ്കൂള്‍ അധ്യാപകനായ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ കോഴിക്കോട് വിസിയായി നിയമിക്കാനുള്ള മുസ്ലിം ലീഗിന്‍റെ കരുനീക്കവും എതിര്‍പ്പുമൂലം പിന്നീടുണ്ടായ പിന്മാറ്റവും.

ഏതെങ്കിലും ജാതിക്കോ സമുദായത്തിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ വീതം വയ്ക്കാനുള്ളതല്ല സര്‍വകലാശാല മേധാവിത്വം. കഴിവും യോഗ്യതയുമുള്ള നിരവധി പ്രഗത്ഭര്‍ എല്ലാ ജാതിയിലും സമുദായത്തിലുമുണ്ട്. അവരുടെ കഴിവും യോഗ്യതയും മാത്രം പരിഗണിച്ച് സര്‍വകലാശാല ഭരണം അവരെ ഏല്‍പ്പിച്ചുകൊടുക്കണം. സെനറ്റ്, സിന്‍ഡിക്കറ്റ് തെരഞ്ഞടുപ്പു പോലും അക്കാഡമിക് നിലവാരം മാത്രം പരിഗണിച്ചു മതി. അടിമുടി രാഷ്ട്രീയത്തില്‍ മുങ്ങിപ്പോയ സര്‍വകലാശാലകള്‍ അഴിമതിയുടെ കൂത്തരങ്ങുകളാണ്. കേരള സര്‍വകലാശാല അസിസ്റ്റന്‍റ് നിയമനത്തില്‍ കണ്ടെത്തിയ ക്രമക്കേടു മാത്രം മതി ഈ യാഥാര്‍ഥ്യത്തിന് അടിവരയിടും. എത്രയോ തലമുറകളുടെ ഭാവി കരുപ്പിടിപ്പിക്കേണ്ട സര്‍വകലാശാലകളെയെങ്കിലും രാഷ്ട്രീയമുക്തമാക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ് സാമാന്യബോധമുള്ള എല്ലാവരും. അതു യാഥാര്‍ഥ്യമായാല്‍ മാത്രമേ ഉന്നത വിദ്യഭ്യാസത്തിന് ഉദ്ദേശിക്കുന്ന നിലവാരവളര്‍ച്ച ഉണ്ടാകൂ.

അടിച്ചമര്‍ത്തിയാല്‍ അമരില്ല, മാധ്യമ പ്രവര്‍ത്തനം

മാധ്യമ പ്രവര്‍ത്തകരുടെ നേര്‍ക്ക് ഇന്നലെ തിരുവനന്തപുരത്തുണ്ടായ അക്രമങ്ങള്‍ എത്രയും അപലപനീയം. കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളെജ് -എല്‍എംഎസ് സെക്യൂരിറ്റി ജീവനക്കാരും അവരുടെ സഹായത്തിനെത്തിയ ചില പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏതാനും മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ടു മര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമ സംഭവങ്ങള്‍ ചിത്രീകരിച്ച ടെലിവിഷന്‍ ക്യമറമാനെ അടിച്ചു വീഴ്ത്തി ക്യാമറ തട്ടിയെടുത്തു നിലത്തടിച്ചു നശിപ്പിച്ചു. സംഭവത്തിന്‍റെ ഏറ്റവും പ്രധാന തെളിവായിരുന്ന ടേപ്പ് തട്ടിയെടുത്ത അക്രമികള്‍, അതിലെ ദൃശ്യങ്ങള്‍ മായ്ച്ചു കളയുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ആറു മണിക്കൂറോളം മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തിയിട്ടും അക്രമികള്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല എന്നതു ഗുരുതരമായ വീഴ്ചയാണ്.

ലെജിസ്ലേറ്റിവ്, എക്സിക്യൂട്ടിവ്, ജുഡീഷ്യറി എന്നീ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ സ്ഥാനം. രാജ്യത്തെ ഗ്രസിച്ചിട്ടുള്ള പുഴുക്കുത്തുകള്‍ക്കെതിരേ മുന്‍പറഞ്ഞ എല്ലാ നെടുംതൂണുകളും പരാജയപ്പെടുകയോ മൗനം പാലിക്കുകയോ ചെയ്തപ്പോഴൊക്കെ ഇവിടത്തെ മാധ്യമങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. അതെല്ലാം ഉദ്ദേശിച്ച ഫലം ചെയ്തിട്ടുമുണ്ട്. രാജ്യത്തിന്‍റെ മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രമേ വരൂ മലയാളികള്‍. പക്ഷേ, ലോകത്തു തന്നെ മറ്റേതു സമൂഹത്തെക്കാള്‍ വേഗത്തില്‍ മാധ്യമസ്വാധീനത്തിനു വഴിപ്പെടുന്നവരാണു മലയാളികള്‍ എന്ന കാര്യവും മറക്കരുത്. ജനങ്ങളില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന വാര്‍ത്താശേഖരണരീതിയല്ല കേരളത്തിലുള്ളത്. ഓരോ മലയാളിയും വാര്‍ത്തയുടെ പങ്കാളിയാണ്. ഭരണകൂടത്തോടും ജുഡീഷ്യറിയോടും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളോടും പറയാന്‍ മടിക്കുന്നത് ജനങ്ങള്‍ മാധ്യമശ്രദ്ധയില്‍ കൊണ്ടു വരും. പലചരക്കുകടയിലെ കൊള്ളലാഭം മുതല്‍ സ്വാശ്രയ കോളെജുകളിലെ തീവെട്ടിക്കൊള്ള വരെ വാര്‍ത്തകള്‍ക്കു വിഭവങ്ങളാണ്. സ്ത്രീ പീഡനങ്ങള്‍ മുതല്‍ മണി ചെയ്ന്‍ തട്ടിപ്പു വരെയുള്ള കൊള്ളരുതായ്മകള്‍ മാധ്യമ ചര്‍ച്ചയിലൂടെ തിരുത്താന്‍ കഴിയുന്നു. കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളെജിലെ മുഴുവന്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നു പ്രവേശനം നടത്താന്‍ ഇന്നലെ വൈകുന്നേരം കോളെജ് മാനെജ്മെന്‍റ് കൈക്കൊണ്ട തീരുമാനത്തിനു പിന്നിലെ വാര്‍ത്താമൂല്യവും അതുതന്നെ.

സാമൂഹിക നീതിയുടെ പേരു പറഞ്ഞാണു കാരക്കോണമടക്കമുള്ള സ്വകാര്യ സ്വാശ്രയ പ്രൊഫഷനല്‍ കെളെജുകള്‍ സ്ഥാപിതമായത്. എന്നാല്‍, പ്രവേശന പരീക്ഷ പോലും നടത്താതെ അവിടെ മുഴുവന്‍ സീറ്റുകളും ലക്ഷങ്ങള്‍ കോഴ വാങ്ങി മറിച്ചു വിറ്റു എന്ന വാര്‍ത്ത ഒരു ചാനല്‍ പുറത്തു കൊണ്ടുവന്നു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പരിയാരം സഹകരണ മെഡിക്കല്‍ കോളെജിലെ മെഡിക്കല്‍ പിജി പ്രവേശനത്തിനു പിന്നിലെ തട്ടിപ്പ് പുറത്തു കൊണ്ടു വന്നതും മാധ്യമങ്ങള്‍ തന്നെ. കഴിഞ്ഞ ആറേഴു വര്‍ഷങ്ങളായി സര്‍ക്കാരും നീതിപീഠങ്ങളും ശ്രമിച്ചിട്ടു പരിഹരിക്കാന്‍ കഴിയാതിരുന്ന സാമൂഹിക പ്രശ്നങ്ങളാണ് ഇപ്പോള്‍ ശക്തമായ മാധ്യമ ഇടപെടലിലൂടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളെജ് അര്‍ഹതപ്പെട്ട സീറ്റുകള്‍ സര്‍ക്കാരിനു വിട്ടു കൊടുക്കാന്‍ തീരുമാനിച്ചു. കാരക്കോണം മെഡിക്കല്‍ കോളെജില്‍ 15% എന്‍ആര്‍ഐ സീറ്റ് ഒഴികെയുള്ള സീറ്റുകളില്‍ പൊതുപ്രവേശന കമ്മിഷണര്‍ നടത്തിയ പരീക്ഷയിലെ റാങ്ക് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാനും തീരുമാനമെടുത്തിരിക്കുന്നു. ഈ രണ്ടു തിരുത്തലുകളും എല്ലാവര്‍ക്കും പാഠമാകേണ്ടതാണ്.

അതിശക്തമായ മാധ്യമ മത്സരമാണു കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. അത്യാധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളും മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തിനുണ്ട്. പാശ്ചാത്യ നാടുകളിലെ പാപ്പരാസി പത്രപ്രവര്‍ത്തനവും മഞ്ഞപ്പത്ര പ്രവര്‍ത്തനവും കേരളത്തില്‍ അധികം വിലപ്പോകില്ല. ആ വഴിക്കു നീങ്ങുന്നവരെ വളരെ വേഗം കണ്ടെത്താനും പിടികൂടാനും കുറ്റവിചാരണ നടത്താനും ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും കഴിയുമെന്നും തെളിയക്കപ്പെട്ടിട്ടുണ്ട്. ജനാധിപത്യ സംരക്ഷണത്തിനു മാധ്യമ സ്വാതന്ത്ര്യം നിലനിന്നേ തീരൂ, അത് ആര്‍ക്കു തന്നെ രുചിച്ചാലും ഇല്ലെങ്കിലും. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ രാജ്യത്തിന്‍റെ ജനാധിപത്യം ഏതു പടുപാതാളത്തിലേക്ക് ആണ്ടുപോകുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് അടിയന്തരാവസ്ഥ. ഈ യാഥാര്‍ഥ്യം ഭരണാധികാരികള്‍ തിരിച്ചറിയണം. അപ്രിയ വാര്‍ത്തകളോട് അസഹിഷ്ണുത പുലര്‍ത്തുന്നവര്‍ 2ജി സ്പെക്ട്രം മുതല്‍ കാരക്കോണം വരെയുള്ള അഴിമതികളെക്കുറിച്ചും അവയ്ക്കു മാധ്യമ ഇടപെടലുകളിലൂടെ ഉണ്ടാകുന്ന പരിഹാരങ്ങളെക്കുറിച്ചും ഓര്‍ക്കുന്നതു നന്ന്. ഇന്നലെ തിരുവനന്തപുരത്തു മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേയുണ്ടായ അക്രമങ്ങള്‍ക്ക് ഉത്തരവാദികളായവരെ എത്രയും പെട്ടെന്നു നിയമത്തിന്‍റെ മുന്നില്‍ കൊണ്ടു വന്ന് പരമാവധി ശിക്ഷ ഉറപ്പു വരുത്തണം. ഒരു പരാതിക്കുവേണ്ടി കാത്തു നില്‍ക്കാതെ നേരിട്ട് ചെയ്യാവുന്ന നടപടി, ഒരു നിമിഷം പോലും വച്ചു താമസിപ്പിക്കാതെ പൂര്‍ത്തിയാക്കട്ടെ, സംസ്ഥാന സര്‍ക്കാര്‍.