Wednesday, 20 July 2011

ബദല്‍ ധവളപത്രം അനുവദിച്ചില്ല


തിരുവനന്തപുരം

ധനമന്ത്രി കെ.എം. മാണി പുറത്തിറക്കിയ ധവളപത്രത്തിനെതിരേ മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് തയാറാക്കിയ ബദല്‍ ധവളപത്രം നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ല. അംഗങ്ങള്‍ക്ക് എന്തെങ്കിലും രേഖകള്‍ സഭയുടെ മേശപ്പുറത്തു വയ്ക്കണമെങ്കില്‍ അതിനു ചെയറിന്‍റെ മുന്‍കൂര്‍ അനുമതി വേണമെന്നു സ്പീക്കര്‍ പറഞ്ഞു.

കേരള നിയമസഭയുടെ 285ാം ചട്ടപ്രകാരമാണ് മന്ത്രിമാര്‍ രേഖകള്‍ സഭയുടെ മേശപ്പുറത്തു വയ്ക്കുന്നത്. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകളും മറ്റു രേഖകളും ഇത്തരത്തില്‍ സഭയുടെ മേശപ്പുറത്തു വയ്ക്കാനാകും. ധനകാര്യ മന്ത്രിക്കു പോലും ധവളപത്രം മേശപ്പുറത്തു വയ്ക്കുന്നതിന് അനുവാദമില്ല. സര്‍ക്കാരിന്‍റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ധവളപത്രം വയ്ക്കാമെന്ന് ധനമന്ത്രി സഭയ്ക്ക് ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് താന്‍ അനുമതി നല്‍കിയതെന്ന് സ്പീക്കര്‍ അറിയിച്ചു.

അനൗദ്യോഗിക അംഗങ്ങള്‍ മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്‍പ് പേപ്പറിന്‍റെ ഫോട്ടോകോപ്പി സ്പീക്കര്‍ക്കു നല്‍കണം. തോമസ് ഐസക് തയാറാക്കിയ രേഖ സഭയുടെ മേശപ്പുറത്തു വയ്ക്കണമെങ്കിലും ചെയറിന്‍റെ അനുമതി വേണം. തോമസ് ഐസക്കിന്‍റെ ബദല്‍ ധവളപത്രം മേശപ്പുറത്തു വയ്ക്കുന്നതിന് അനുമതി നിഷേധിക്കുന്നുവെന്നും സ്പീക്കര്‍ വ്യക്തമാക്കി.

തന്‍റെ ധവളപത്രത്തിനു ബദല്‍കൊണ്ടുവരൂ എന്നുപറഞ്ഞ് പ്രതിപക്ഷത്തെ വെല്ലുവിളിച്ചശേഷം കെ.എം. മാണി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ബദല്‍ ധവളപത്രം കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം. തോമസ് ഐസക്കിന്‍റെ ബദല്‍ ധവളപത്രം വന്നതോടെ മാണിയുടെ വൈറ്റ് പേപ്പര്‍ ബ്ലാക്ക് പേപ്പറായെന്നു കോടിയേരി പരിഹസിച്ചു.

താന്‍ വെല്ലുവിളിച്ച സാഹചര്യത്തില്‍ തോമസ് ഐസക്കിനെ പേപ്പര്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെടാനുള്ള മര്യാദ മാണിക്കുണ്ടായോ എന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ചോദിച്ചു. ധനമന്ത്രിയല്ല, മുഖ്യമന്ത്രി ആവശ്യപ്പെട്ടാലും സ്പീക്കര്‍ക്ക് അനുവദിക്കാനാവില്ലെന്ന് ആര്യാടന്‍ മുഹമ്മദ്. ബദല്‍ ധവളപത്രം സഭയുടെ മേശപ്പുറത്തു വയ്ക്കാന്‍ അനുവദിക്കണമെന്ന തോമസ് ഐസക്കിന്‍റെ ആവശ്യം സഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിനും കാരണമായി

No comments:

Post a Comment