Showing posts with label International. Show all posts
Showing posts with label International. Show all posts

Tuesday, 26 July 2011

അഫ്ഗാനില്‍ തീവ്രവാദി ആക്രമണം


കാബൂള്‍

അഫ്ഗാന്‍ വിമാനത്താവളത്തില്‍ താലിബാന്‍ ആക്രമണം. കിഴക്കന്‍ പ്രവിശ്യയിലെ ജലാലബാദ് വിമാനത്താവളത്തിലാണു ഭീകരാക്രമണം ഉണ്ടായത്.

ആയുധധാരികളായ തീവ്രവാദികള്‍ വിമാനത്താവളത്തിന്‍റെ പ്രധാന കവാടത്തിനു നേരെ ഗ്രനേഡ് എറിയുകയായിരുന്നു. തുടര്‍ന്നു തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ മണിക്കൂറോളം ഏറ്റുമുട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാബൂളില്‍ നിന്നു 120 കിലോമീറ്റര്‍ അകലെയാണു സംഭവം

ഭക്ഷണം ആകാശമാര്‍ഗം


മൊഗദിഷു

വരള്‍ച്ച രൂക്ഷമായ സൊമാലിയയില്‍ ആകാശമാര്‍ഗം ഭക്ഷണം എത്തിക്കും. ഐക്യരാഷ്ട്ര സഭ റോമില്‍ വിളിച്ച അടിയന്തര യോഗത്തിലാണു തീരുമാനം. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍റെ ആഭിമുഖ്യത്തിലാണു അടിയന്തര യോഗം വിളിച്ചത്. വരള്‍ച്ച നേരിടാന്‍ ഐക്യരാഷ്ട്ര സഭ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണു യോഗം. വരള്‍ച്ച ബാധിച്ച രാജ്യങ്ങള്‍ക്ക് സഹായം നല്‍കാന്‍ അംഗരാജ്യങ്ങളോട് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. ലോകത്തെ ബാധിച്ച ഏറ്റവും വലിയ ദുരന്തമാണ് ഇതെന്ന് എഫ്എഒ ഡയറക്റ്റര്‍ ജാക്വിസ് ഡിയോസ് പറഞ്ഞു. സഹായം ലഭിച്ചില്ലെങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണി കിടന്നു മരിക്കുമെന്നു സൊമാലിയന്‍ ഉപപ്രധാനമന്ത്രി മുഹമ്മദ് ഇബ്രാഹിം യോഗത്തില്‍ പറഞ്ഞു.

Tuesday, 19 July 2011

മര്‍ഡോക്കിന്‍റെ ചരമ വാര്‍ത്ത

ലണ്ടന്‍

സണ്‍ ദിനപ്പത്രത്തില്‍ ഉടമസ്ഥന്‍ റൂപര്‍ട്ട് മര്‍ഡോക്കിന്‍റെ വ്യാജ മരണവാര്‍ത്ത. മര്‍ഡോക്കിന്‍റെ മൃതദേഹം പൂന്തോട്ടത്തില്‍ കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത. സണ്ണിന്‍റെ ഓണ്‍ലൈന്‍ പതിപ്പില്‍ വാര്‍ത്ത വായിച്ചവര്‍ ഞെട്ടി. സണ്ണിന്‍റെ വെബ്സൈറ്റില്‍ നുഴഞ്ഞു കയറിയ ഹാക്കര്‍മാരുടെ വേലയായിരുന്നു ഇത്.

ദ് സണ്‍ ടാബ്ലോയ്ഡ് വെബ്സൈറ്റിന്‍റെ ഹോംപേജ് തിരുത്തി മരണവാര്‍ത്ത പ്രധാന വാര്‍ത്തയായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ലുള്‍ സെക്യൂരിറ്റി എന്ന ട്വിറ്റര്‍ അക്കൗണ്ടുകാര്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സണ്‍ ടാബ്ലോയ്ഡിന്‍റെ ഓണ്‍ലൈന്‍ പതിപ്പു സ്വന്തമാക്കിയെന്ന് ഇവര്‍ അവകാശപ്പെട്ടു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ന്യൂസ് ഇന്‍റര്‍ നാഷണല്‍ വെബ്സൈറ്റ് പുനഃസ്ഥാപിച്ചു.

മര്‍ഡോക്കിന്‍റെ ന്യൂസ് ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പും തങ്ങള്‍ സ്വന്തമാക്കിയെന്ന് ഇവര്‍ അവകാശപ്പെട്ടു. സ്ഥാപനത്തിലെ പ്രമുഖരുടെ ഇ-മെയിലും പാസ് വേഡും ഫോണ്‍ നമ്പറും പുറത്താക്കുമെന്നും ഇവര്‍ പറഞ്ഞു. അറസ്റ്റിലായ മുന്‍ സിഇഒ റബേക്ക ബ്രൂക്സിന്‍റേതെന്ന പേരില്‍ ഇ- മെയിലും പാസ് വേഡും ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തി. സണ്‍ ഓണ്‍ലൈന്‍ എഡിറ്റര്‍ പീറ്റെ പിറ്റിന്‍റെ പേരില്‍ ഫോണ്‍ നമ്പറും നല്‍കി. ഇതേക്കുറിച്ചു ന്യൂസ് ഇന്‍റര്‍നാഷണല്‍ അധികൃതര്‍ പ്രതികരിച്ചില്ല.

തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ഹവാന

2012ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു വെനസ്വെല പ്രസിഡന്‍റ് ഹ്യൂഗൊ ഷാവേസ്. അര്‍ബുദ ചികിത്സയെത്തുടര്‍ന്ന് അടുത്ത തെരഞ്ഞെടുപ്പില്‍ നിന്നു ഷാവേസ് വിട്ടു നില്‍ക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ജൂണ്‍ 20നാണു ഷാവേസ് ക്യൂബയില്‍ അര്‍ബുദത്തിനുളള ആദ്യ ശസ്ത്രക്രിയയ്ക്കു വിധേയനായത്. ചികിത്സയുടെ രണ്ടാം ഘട്ടത്തിനു ഞായറാഴ്ച രാവിലെ ക്യൂബയിലേക്കു മടങ്ങി. വൈസ് പ്രസിഡന്‍റ് ഇലിയാസ് ജാവുഅ, ധനമന്ത്രി ജോര്‍ജ് ജിയോര്‍ഡാനി എന്നിവര്‍ക്കു താത്കാലിക പ്രസിഡന്‍റിന്‍റെ അധികാരങ്ങള്‍ പങ്കുവച്ചു നല്‍കിയിട്ടുണ്ട്.

Sunday, 17 July 2011

ആഗോള ചട്ടക്കൂട് വേണം

Monday, July 18, 2011

ലണ്ടന്‍

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ ആഗോള ചട്ടക്കൂടു രൂപപ്പെടുത്താന്‍ ആഗോള സമൂഹം ഒന്നിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. ഭീകര പ്രവര്‍ത്തനം മാനവരാശിയുടെ പൊതു ആശങ്കയാണ്. അതിന് അതിര്‍ത്തികളില്ല- ബിജെപിയുടെ സുഹൃത്തുക്കളായ ഇന്ത്യക്കാര്‍ക്കായി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനുമായി നല്ല ബന്ധമാണു ബിജെപി ആഗ്രഹിക്കുന്നത്. പക്ഷേ, അവര്‍ ഭീകരത രാജ്യനയമായി സ്വീകരിച്ചിരിക്കുന്നു. തീവ്രവാദ ഗ്രൂപ്പുകള്‍ അവിടെ തഴച്ചു വളരുന്നു. അത് ഇന്ത്യയ്ക്കു ഭീഷണി ഉയര്‍ത്തുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭീകരതക്കെതിരായ യുദ്ധം ജയിക്കാന്‍ ഇന്ത്യയും ബ്രിട്ടനും മുന്തിയ പരിഗണന നല്‍കണം. ഇരു രാജ്യങ്ങളും പൂര്‍ണമായും സഹകരിച്ചു പ്രവര്‍ത്തിക്കണം. ഭീകരത കയറ്റുമതി ചെയ്യുന്നതിനെ പാക്കിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന ബ്രിട്ടന്‍റെ നിലപാട് അഭിനന്ദനാര്‍ഹമെന്നും അദ്ദേഹം.

ചൂട് വര്‍ധിക്കുന്നു

മനാമ
ബഹറിനില്‍ ചൂട് വര്‍ധിക്കുന്നു. ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സൂര്യാഘാതമേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വരും ദിനങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

ബ്രിട്ടീഷ് സേനയ്ക്ക് മുന്നറിയിപ്പ്

ലണ്ടന്‍

ശാശ്വത പരിഹാരം കാണാതെ അഫ്ഗാനിസ്ഥാനില്‍ നിന്നു ബ്രിട്ടീഷ് സേനയെ പിന്‍വലിക്കുന്നത് അപകടകരമെന്നു മുന്നറിയിപ്പ്. പ്രതിരോധ സമിതിയംഗങ്ങളാണു പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനു മുന്നറിയിപ്പു നല്‍കിയത്. ഭീകരവിരുദ്ധ സേന പൂര്‍ണമായി പിന്‍വാങ്ങുന്നതോടെ താലിബാന്‍ സാന്നിധ്യം കടന്നുവരാന്‍ സാധ്യതയുണ്ട്. ഇതു ശേഷിക്കുന്ന സൈനികര്‍ക്കു ഭീഷണിയാണ്. 2006ല്‍ ഹെല്‍മന്ദ് പ്രവിശ്യയില്‍ ടോണി ബ്ലെയര്‍ സര്‍ക്കാര്‍ സേനയെ വിന്യസിച്ചതിനെ പ്രതിരോധ മന്ത്രാലയം രൂക്ഷമായി വിമര്‍ശിച്ചു. ഇതേസമയം സേന ഇറാഖില്‍ പോരാട്ടത്തിലായിരുന്നു. മൂന്നു വര്‍ഷം കൊണ്ടു സേനയ്ക്കു നിരവധി സൈനികരെയും മുതിര്‍ന്ന കമാന്‍ഡോകളെയും യുദ്ധ ഉപകരണങ്ങളും നഷ്ടമായെന്നു പ്രതിരോധ സെക്രട്ടറി ജോണ്‍ റെയ്ഡ് പറഞ്ഞു.

2014ലോടെ സേനാ പിന്മാറ്റം പൂര്‍ത്തിയാക്കാനാണു തീരുമാനം. ജൂലായില്‍ നടത്തിയ അഫ്ഗാന്‍ സന്ദര്‍ശനത്തിലാണു പിന്മാറ്റ പ്രഖ്യാപനം കാമറൂണ്‍ നടത്തിയത്. 2012 സെപ്റ്റംബറോടെ 500 സൈനികരെ പിന്‍വലിക്കും. 9,000 സൈനികരാണ് ഇപ്പോള്‍ അഫ്ഗാനിലുള്ളത്.

പിന്മാറ്റത്തിന്‍റെ ഭാഗമായി അഫ്ഗാന്‍ സേനയ്ക്കു സുരക്ഷാ ചുമതല കൈമാറുന്നത് ഈ ആഴ്ച ആരംഭിക്കും. അഫ്ഗാന്‍ സേനയും പൊലീസും ക്രമസമാധാന ചുമതല തുടര്‍ന്നു നിര്‍വഹിക്കും

മനുഷ്യശരീരതിനുള്ളില്‍ ബോംബു വയ്ക്കുന്ന പുതിയ തീവ്രവാദി തന്ത്രം

മനുഷ്യശരീരതിനുള്ളില്‍ ബോംബു വയ്ക്കുന്ന പുതിയ തീവ്രവാദി തന്ത്രം
കാലത്തിനനുസരിച്ച്‌ മാറാനാണ്‌ തീവ്രവാദികളുടെ നീക്കം. ശരീരത്തിനുള്ളില്‍ ബോംബുകള്‍ സ്‌ഥാപിച്ച്‌ ആക്രമണം നടത്താനാണ്‌ നീക്കം. വിമാനങ്ങള്‍,ട്രെയിനുകള്‍, ബസുകള്‍, ഷോപ്പിംഗ്‌ സെന്ററുകള്‍ എന്നിവ ഇങ്ങനെ ആക്രമിക്കാനാണ്‌ നീക്കം. അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ക്കാണ്‌ ഇതു സംബന്ധിച്ചവിവരം ലഭിച്ചത്‌ . പുരുഷ ചാവേറുകള്‍ ശരീരത്തിന്റെ പുറകിലുംവനിതാ ചാവേറുകള്‍ സ്‌തനങ്ങളിലുമാകും ബോംബുകള്‍ സൂക്ഷിക്കുക. ശരീരം തുറന്ന്‌ പ്ലാസ്‌റ്റിക്കില്‍ പൊതിഞ്ഞാകും ബോംബുകള്‍ സ്‌ഥാപിക്കുക. hypodermic syringe ഉപയോഗിച്ച്‌ Triacetone Triperoxide ശരീരത്തില്‍ കുത്തിവച്ചാകും സ്‌ഫോടനം നടത്തുക. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ആദ്യമായി കുടുങ്ങിയത്‌ ബ്രിട്ടീഷ്‌ അല്‍ ക്വയ്‌ദ പ്രവര്‍ത്തകന്‍ റിച്ചാര്‍ഡ്‌ റീഡാണ്‌ .
ഇന്റര്‍നെറ്റ്‌ മെസേജ്‌ ബോര്‍ഡുകളില്‍ നിന്ന്‌ എംഐ5 ആണ്‌ ആദ്യമായി ഇത്തരം നീക്കം അറിഞ്ഞത്‌ . ഇത്തരം ബോംബുകള്‍ കണ്ടെത്താന്‍ നിലവിലുള്ള ബോഡി സ്‌കാനറുകള്‍ക്കു പകരം Xറേ സ്‌കാനറുകള്‍ ഉപയോഗിക്കാനാണ്‌ നിര്‍ദ്ദേശം.

ഭീകര സംഘടന ഇന്റര്‍‌നെറ്റ് ജിഹാദിലേക്ക് തിരിയുന്നു

ഭീകര സംഘടന ഇന്റര്‍‌നെറ്റ് ജിഹാദിലേക്ക് തിരിയുന്നു
അല്‍-ക്വൊയ്ദ ഭീകര സംഘടന ഇന്റര്‍‌നെറ്റ് ജിഹാദിലേക്ക് തിരിയുന്നതായി റിപ്പോര്‍ട്ടുകള്‍. ഇലക്ട്രോണിക് യുദ്ധമുറയുടെ ഭാഗമായി സാമൂഹിക വെബ്സൈറ്റായ ഫേസ്ബുക്കും ഭീകരര്‍ ലക്‍ഷ്യമിട്ടിരുന്നതായി ദ സണ്‍ റിപ്പോര്‍ട്ട്ചെയ്യുന്നു.ബ്രിട്ടണ്‍ ഉള്‍പ്പെടെ പാശ്ചാത്യ ലോകത്തെ തകര്‍ക്കാനാണ് ഇന്റര്‍നെറ്റ് ജിഹാദിലൂടെ ഭീകരര്‍ ലക്‍ഷ്യമിടുന്നത്. പ്രധാന കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ലക്‍ഷ്യമിട്ട് പ്രത്യേക സംഘങ്ങളെ അല്‍-ക്വൊയ്ദ നിയോഗിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ഗൂഗിള്‍ എര്‍ത്ത്സ്ട്രീറ്റ്‌വ്യൂ തുടങ്ങിയ സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഭീകരര്‍ ആക്രമണ പദ്ധതികള്‍തയ്യാറാക്കുന്നത്. ബ്രിട്ടണിലെ സുരക്ഷാ ഏജന്‍സികള്‍ സൈബര്‍ ഭീകരതയെ എക്കാലത്തെയും വലിയ ഭീഷണിയായാണ് കണക്കാക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ആയിരക്കണക്കിന് ഭീകര വെബ്സൈറ്റുകള്‍ നിലവിലുണ്ട് എങ്കിലും ഇവയില്‍ ചിലതിനു മാത്രമേ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നുള്ളൂ. സാമൂഹിക വെബ്‌സൈറ്റുകളും വീഡിയോ ഷെയറിംഗ് സൈറ്റുകളും ഭീകരര്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു. ഫേസ്ബുക്കില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പലതവണ ശ്രമം നടത്തി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു