Showing posts with label Business. Show all posts
Showing posts with label Business. Show all posts

Friday, 5 August 2011

ഓഹരി വിപണിയില്‍ വന്‍ ഇടിവ്


മുംബൈ
സെന്‍സെക്സ് അറുനൂറ് പോയിന്‍റും നിഫ്റ്റി ഇരുനൂറ് പോയിന്‍റും താഴ്ന്നു. 13 മാസത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായിരിക്കുന്നത്. സെന്‍സെക്സ് 619.49 പോയിന്‍റ് ഇടിഞ്ഞു 17,073.69 ലാണു വ്യാപാരം നടക്കുന്നത്. യുഎസ്, എഷ്യന്‍ വിപണികളിലുണ്ടായ ഇടിവാണ് ഇന്ത്യന്‍ ഓഹരി വിപണിയെയും ബാധിച്ചത്. ഡൗ ജോണ്‍സ് 500 പോയിന്‍റ് നഷ്ടത്തിലാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായതോടെ നിക്ഷേപകര്‍ പിന്‍മാറുന്നതാണു വിപണികളില്‍ ഇടിവ് ഉണ്ടാകാന്‍ കാരണം. യൂറോപ്യന്‍ രാജ്യങ്ങളിലെ കടപ്രതിസന്ധി നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്തതും തിരിച്ചടിയായി. കടം തിരിച്ചടവ് വീഴ്ച ഒഴിവാക്കാന്‍ യുഎസ് നടത്തിയ നിയമ നിര്‍മാണം രാജ്യത്തെ ആഭ്യന്തര നിക്ഷേപത്തെ ഗുരുതരമായി ബാധിക്കുമെന്ന വിലയിരുത്തലും തിരിച്ചടിയായി. യൂറോപ്യന്‍ രാജ്യങ്ങളിലെയും യുഎസിലെയും ഫാക്റ്ററി ഉത്പാദനത്തില്‍ ഉണ്ടായ കുറവും നിക്ഷേപകരെ ആശങ്കയിലാക്കി. ആഗോള വിപണികളില്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ ഇടിവ് ഉണ്ടായി. 

IT വ്യവസായം ഗ്രാമങ്ങളിലേക്കും


തിരുവനന്തപുരം


ഗ്രാമപ്രദേശങ്ങളില്‍ ഐടി അധിഷ്ഠിത തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ഐടി കരട് നയം പ്രഖ്യാപിച്ചു. പ്രധാന നഗരങ്ങള്‍ക്കു പുറത്തു മുന്‍ സര്‍ക്കാര്‍ തുടങ്ങിയ ഐടി പാര്‍ക്കുകളും ടെക്നോലോഡ്ജുകളും വിജയം കണ്ടില്ല. യാത്രാ സംവിധാനങ്ങള്‍ പോലും സൃഷ്ടിക്കാതെ തുടങ്ങിയ പദ്ധതികള്‍ സാമ്പത്തിക നഷ്ടം വരുത്തി. ഈ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണു ഗ്രാമ പ്രദേശങ്ങളില്‍ ഐടി അധിഷ്ഠിത തൊഴില്‍ സംരംഭങ്ങള്‍ക്കു പുതിയ വഴി സര്‍ക്കാര്‍ തേടുന്നത്.

സംസ്ഥാനത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളുടെ ബിപിഒ (ബിസിനസ് പ്രോസസ് ഔട്ട് സോഴ്സിങ് ) കള്‍ ഗ്രാമ പ്രദേശങ്ങളില്‍ തുടങ്ങുന്നതിനാണു പദ്ധതി. വന്‍കിട കമ്പനികളുടെ പ്രവൃത്തികള്‍ ഔട്ട് സോഴ്സ് ചെയ്താണ് ബിപിഒകള്‍ ആരംഭിക്കുന്നത്.

20 മുതല്‍ 50 പേര്‍ക്കു വരെ നേരിട്ടു തൊഴില്‍ നല്‍കാന്‍ ഇതിലൂടെ കഴിയും. ഇതിനു പുറമെ ഗ്രാമങ്ങളില്‍നിന്നു നഗരങ്ങളിലെ പാര്‍ക്കുകളില്‍ തൊഴിലെടുക്കാനെത്തുന്നവര്‍ക്കു സ്വന്തം സ്ഥലങ്ങളില്‍ തൊഴില്‍ ലഭ്യത ഉറപ്പ് വരുത്തും. ബിപിഒയ്ക്കായി പ്രധാനപ്പെട്ട ഐടി സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സഹായത്തോടെയാകും ബിപിഒകള്‍ ആരംഭിക്കുക. തുടര്‍ന്നു സ്വമേധയാ മുന്നോട്ടു വരുന്നവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സഹായങ്ങളും ഒരുക്കും. പുതുക്കിയ ഐടി നയത്തില്‍ ഇതിന് നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റിയും ബ്രോഡ്ബാന്‍ഡ് സംവിധാനങ്ങളും ഗ്രാമപ്രദേശങ്ങളില്‍ വിപുലമാക്കും. ഇ - ഗവേണ്‍സ് പദ്ധതി വൈവിധ്യവത്കരിച്ചു വിപുലപ്പെടുത്തും. കുറഞ്ഞ ചെലവില്‍ ഐടി സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും. സുതാര്യമായി നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. സേവന മേഖലയില്‍ ഐടി അധിഷ്ഠിത പദ്ധതികള്‍ സ്ഥാപിക്കും. ഐടി ഫിനിഷിങ് സ്കൂളുകളില്‍ ഏകീകൃത സിലബസ് ഏര്‍പ്പെടുത്തും. ഇ സാക്ഷരത സമ്പൂര്‍ണമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. യോഗ്യതയുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖലാ പദവി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. മുതല്‍മുടക്കിനു സബ്സിഡി നല്‍കുന്നതിനുള്ള നിര്‍ദേശങ്ങളും കരട് നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ കെട്ടിട, ഭൂമി രജിസ്ട്രേഷനുകള്‍ക്കു മറ്റും സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കും. രജിസ്ട്രേഷന്‍ ഫീസിലും ഇളവ് നല്‍കും. വൈദ്യുതി നിരക്കില്‍ സൗജന്യം നല്‍കും. സ്വകാര്യ ഐടി പാര്‍ക്കുകള്‍ക്കും സൗജന്യങ്ങള്‍ നല്‍കും. അടുത്ത വര്‍ഷങ്ങളില്‍ ഐടി രംഗത്ത് മികച്ച നിക്ഷേപങ്ങള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകും. വിദേശത്തും സ്വദേശത്തും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു കേരളം നിക്ഷേപത്തിനിണങ്ങിയ സംസ്ഥാനമാണെന്ന വസ്തുത ബോധ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നു കരട് ഐടി നയത്തില്‍ വ്യക്തമാക്കുന്നു.

Tuesday, 26 July 2011

ഓഹരി വിപണി ഇടിഞ്ഞു


മുംബൈ

ആര്‍ബിഐ റിപ്പോ നിരക്കുകള്‍ അരശതമാനം വര്‍ധിപ്പിച്ചതോടെ ഓഹരി വിപണി കൂപ്പുകുത്തി. സെന്‍സെക്സ് 259.23 പോയന്‍റിടിഞ്ഞ് 18612.06ലും നിഫ്റ്റി 81.25 പോയന്‍റ് താഴ്ന്നു 5599.05ലുമാണു വ്യാപാരം.

മുന്‍നിര ഓഹരികളില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 3.43%, പിഎന്‍ബി 3%, ഐഡിഎഫ്സി 2.92%, കോട്ടക് മഹീന്ദ്ര 2.18%, ഡിഎല്‍എഫ് 2.05 ശതമാനവും നഷ്ടത്തോടെയാണു വ്യാപാരം. റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ് മേഖലകളാണു തകര്‍ച്ച നേരിട്ടത്

റിപ്പോ നിരക്കുകള്‍ ഉയര്‍ത്തി


ന്യൂഡല്‍ഹി

റിസര്‍വ് ബാങ്കിന്‍റെ വായ്പാ നയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി റിപ്പോ റിവേഴ്സ്, റിപ്പോ നിരക്കുകള്‍ അരശതമാനം വീതം ഉയര്‍ത്തി. ഇതോടെ റിപ്പോ നിരക്ക് എട്ടു ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് ഏഴു ശതമാനവുമാകും.

ഒന്നര വര്‍ഷത്തിനിടെ പതിനൊന്നാം തവണയാണ് ആര്‍ബിഐ നിരക്കുകള്‍ ഉയര്‍ത്തുന്നത്. റിപ്പോ നിരക്ക് 2008 നബംബറിനു ശേഷമുളള ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. റിവേഴ്സ് റിപ്പോ നിരക്കാകട്ടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉയരത്തിലും.

അടിക്കടി നിരക്ക് ഉയര്‍ത്തുന്നതു സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും ഇത്തവണ വര്‍ധന ഒഴിവാക്കണമെന്നും ബാങ്ക് മേധാവികള്‍ ആര്‍ബിഐ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരക്ക് വര്‍ധിപ്പിച്ചാലേ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയൂവെന്ന ധനമന്ത്രാലത്തിന്‍റെ നിലപാടിനോടു യോജിക്കുകയായിരുന്നു ആര്‍ബിഐ.

നിരക്കുകള്‍ ഉയര്‍ത്തിയതോടെ വായ്പാഭാരം കൂടും. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് ബാങ്കുകള്‍ വര്‍ധിപ്പിക്കും.

Wednesday, 20 July 2011

വിപ്രോ അറ്റാദായം 1,335 കോടി


മുംബൈ

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനി വിപ്രോയുടെ അറ്റാദായം തൊട്ടു മുന്‍ ക്വാര്‍ട്ടറിനെ അപേക്ഷിച്ച് ഒന്നാം പാദത്തില്‍ 1.23% വര്‍ധിച്ച് 1,334.9 കോടിയായി. തൊട്ടുമുന്‍ ക്വാര്‍ട്ടറില്‍ 1,318.6 കോടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 1319 കോടിയാ യിരു ന്നു. മൊത്തം വരുമാനം 8,564 കോടിയായി വര്‍ധിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 7,236 കോടി. വര്‍ധന 18.34%.

മാനെജ്മെന്‍റ് പുനഃസംഘടനയ്ക്കു ശേഷം വളരെ നേരത്തെ ശുഭസൂചനകള്‍ കണ്ടു തുടങ്ങിയെന്നു വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി. പുതിയ ഐടി ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ വിപണി സാധ്യതകള്‍ പ്രയോജനപ്പെടുത്തും. വിപണി വിജയം നേടാന്‍ പുതിയ നിക്ഷേപം ആവശ്യമെങ്കില്‍ അതു നടത്തുമെന്നും അസിം പ്രേംജി പറഞ്ഞു.

വരുമാനത്തിന്‍റെ 75 ശതമാനത്തിലധികം ലഭിച്ചത് ഐടി അനുബന്ധ സേവനങ്ങളില്‍ നിന്ന്. 140.8 കോടി ഡോളറാണ് ഈ വിഭാഗത്തിലെ വരുമാനം. മുന്‍വര്‍ഷത്തെക്കാള്‍ 16% കൂടുതലാണിത്.

ഈ സാമ്പത്തിക വര്‍ഷം ഐടി സേവനത്തില്‍ നിന്നുള്ള വരുമാനം 143.6 കോടി ഡോളര്‍ മുതല്‍ 146.4 കോടി ഡോളര്‍ വരെയാകുമെന്നാണു വിലയിരുത്തല്‍. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 4,105 പേര്‍ക്കു കമ്പനി നിയമനം നല്‍കി. മൊത്തം ജീവനക്കാരുടെ എണ്ണം 1,26,490. 49 പുതിയ ഉപയോക്താക്കളെയും കമ്പനിക്കു ലഭിച്ചു.

നാല് ഉപയോക്താക്കളില്‍ നിന്നു മാത്രം 10 കോടി ഡോളറിലധികം വരുമാനം ലഭിച്ചതായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ സുരേഷ് സേനാപതി. കണ്‍സ്യൂമര്‍ കെയര്‍, ലൈറ്റ്നിങ് ബിസിനസില്‍ നിന്നുള്ള വരുമാനം 755 കോടിയായി. മുന്‍വര്‍ഷത്തെക്കാള്‍ 18% കൂടുതലാണിത്.

സമീപഭാവിയിലും ആഗോള സമ്പദ്വ്യവസ്ഥയില്‍ ചാഞ്ചാട്ടം തുടരുമെന്നും ഇതു ഭാവി വളര്‍ച്ചയുടെ സ്ഥിരതയെ ബാധിക്കുമെന്നും പ്രേംജി പറഞ്ഞു. യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി, യുഎസ് സമ്പദ്വ്യവസ്ഥയിലെ ആശങ്കകള്‍ എന്നിവ ഐടി മേഖലയെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം.

ഓഹരി സൂചികകള്‍ക്കു തിരിച്ചടി


മുംബൈ

വില്‍പ്പന സമ്മര്‍ദത്തിനു പുറമേ വിപ്രോയുടെ സാമ്പത്തിക ഫലങ്ങളും നാണയപ്പെരുപ്പം ഡിസംബര്‍ വരെ തുടരുമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രസ്താവനയും ഓഹരി സൂചികകള്‍ക്കു തിരിച്ചടിയായി. സെന്‍സെക്സ് 151 പോയിന്‍റ് നഷ്ടത്തില്‍ 18,502ല്‍ ക്ലോസ് ചെയ്തു. ദേശീയ സൂചിക നിഫ്റ്റി 46.50 പോയിന്‍റ് നഷ്ടത്തില്‍ 5,567.05ല്‍.

പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതിരുന്ന ക്വാര്‍ട്ടര്‍ ഫലം വിപ്രോയ്ക്കു ക്ഷീണമായി. നാലു ശതമാനം നഷ്ടമാണു കമ്പനി ഓഹരികള്‍ക്ക്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ടിസിഎസ്, ഹിന്‍ഡാല്‍കോ, ടാറ്റ പവര്‍, എന്‍ടിപിസി, മഹീന്ദ്ര, ഹീറോ ഹോണ്ട, എസ്ബിഐ, ഭെല്‍, റിലയന്‍സ് ഇന്‍ഫ്ര നഷ്ടത്തില്‍. സെന്‍സെക്സില്‍ 26 ഓഹരികള്‍ റെഡ് സോണില്‍.

സെന്‍സെക്സിലെ 13 സെക്റ്ററല്‍ സൂചികകളില്‍ 12ഉം നെഗറ്റീവ്. ഐടിസി നേട്ടത്തിലായതിനെത്തുടര്‍ന്ന് എഫ്എംസിജി ഗ്രീന്‍. പവര്‍, ഫാര്‍മ, ക്യാപ്പിറ്റല്‍ ഗുഡ്സ്, ഓട്ടോ, ബാങ്കിങ് ഓഹരികള്‍ക്കു തിരിച്ചടി.

നാണയപ്പെരുപ്പം ഡിസംബര്‍ വരെ തുടരുമെന്ന ധന മന്ത്രാലയത്തിന്‍റെ നോട്ട് പുറത്തുവന്നതിനെത്തടുര്‍ന്നു നിക്ഷേപക വിശ്വാസം ഇടിഞ്ഞു. അടുത്ത വാരം നിരക്കുകള്‍ ആര്‍ബിഐ കൂട്ടിയേക്കുമെന്ന ആശങ്കയും വിപണിയില്‍ പ്രകടമായി. ജൂണില്‍ 9.44 ശതമാനമായിരുന്നു നാണയപ്പെരുപ്പം. അഞ്ചു മുതല്‍ ആറു വരെ ശതമാനമാണ് ആര്‍ബിഐയുടെ ആശ്വാസ നിരക്ക്.

സെബിയുടെ കണക്കനുസരിച്ച് ഈ മാസം 18ന് വിദേശ നിക്ഷേപകര്‍ 293.29 കോടിയുടെ ഓഹരികള്‍ വാങ്ങി.

ഏഷ്യന്‍ സൂചികകളില്‍ പൊതുവേ പോസിറ്റീവ് ട്രെന്‍ഡ്. ചൈനീസ് വിപണി നെഗറ്റീവ്. ഹോങ്കോങ്, ജപ്പാന്‍, സിംഗപ്പുര്‍, തെക്കന്‍ കൊറിയ, തായ്വാന്‍ സൂചികകള്‍ 0.46 മുതല്‍ 2.13 വരെ ശതമാനം നേട്ടമുണ്ടാക്കി. യൂറോപ്യന്‍ രാജ്യങ്ങളുടെ ഇന്നത്തെ യോഗത്തിന്‍റെ പശ്ചാത്തലത്തില്‍ യൂറോപ്പില്‍ നേട്ടം. ഗ്രീസിനുള്ള രക്ഷാപാക്കെജ് യോഗത്തില്‍ അനുവദിക്കുമെന്നാണു സൂചന.

Tuesday, 19 July 2011

സ്പിന്നിങ് യന്ത്രം പരിഗണനയില്‍

കൊച്ചി

പുതിയ കയര്‍ സ്പിന്നിങ് യന്ത്രം ബിപിഎല്‍ വിഭാഗത്തില്‍ വരുന്ന തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കുമെന്ന കാര്യം പരിഗണിക്കുമെന്ന് കയര്‍-ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. കുറഞ്ഞ വേതനവും ചകിരിനാരിന്‍റെ ദൗര്‍ലഭ്യ വും കാരണം ഈ മേഖലപ്രതിസ ന്ധി നേരിടുകയാണ്. ഇതിനു പരിഹാരമായാണ് സ്പിന്നിങ് യന്ത്രം നല്‍കാന്‍ ആലോചിക്കുന്നത്.സ്പിന്നിങ് യന്ത്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് യന്ത്രങ്ങള്‍ക്കുള്ള ഓര്‍ഡറുകളും മന്ത്രി ചടങ്ങില്‍ നിര്‍മാതാക്കള്‍ക്കു കൈമാറി. സിഡ്ബിയുടെ ധനസഹായത്തോടെ ആലപ്പുഴ കയര്‍ ക്ലസ്റ്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ബിഡിഎസിന്‍റെ നിര്‍വഹണ ഏജന്‍സിയായ ക്ലസ്റ്റര്‍ പള്‍സിന്‍റെ പ്രൊജക്റ്റ് ഡയറക്റ്റര്‍ ജഗത് ഷായാണ് ഓര്‍ഡറുകള്‍ നല്‍കിയത്.

കയര്‍ സ്പിന്നിങ് യന്ത്രം കയര്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ വി.എസ്. വിജയരാഘവന്‍ പറഞ്ഞു. ചെറുകിട- ഇടത്തരം വ്യവസായ മേഖലയ്ക്ക് ഇതു ഗുണകരമാകും. 50,000 രൂപയാണു യന്ത്രത്തിന്‍റെ വില. ഒരാള്‍ക്കു മാത്രമായി യന്ത്രം പ്രവര്‍ത്തിപ്പിക്കാനാകും. പ്രതിദിനം 23 കിലോ കയര്‍ ഉത്പാദിപ്പിക്കാം.കയര്‍ തൊഴിലാളിക്കു പ്രതിദിനം 300 രൂപ വരുമാനം നേടാം.വിശദപരിശോധയ്ക്കു ശേഷമേ സ്പിന്നിങ് യന്ത്രം വിപണിയിലിറക്കൂവെന്നും ചെയര്‍മാന്‍.

സ്പിന്നിങ് യന്ത്രം കയര്‍ ബോര്‍ഡിന്‍റെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കയര്‍ ടെക്നോളജിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ച ശേഷമാണു യന്ത്രം വിപണിയിലെത്തിക്കുന്നത്.

പ്രമുഖ കയര്‍ മാറ്റ് നിര്‍മാതാക്കളായ ആലപ്പി കമ്പനിയും ട്രാവന്‍കൂര്‍ മാറ്റ്സ് ആന്‍ഡ് മാറ്റിങ്ങ്സ് കമ്പനിയുടെ കൊക്കോടഫ്റ്റും യന്ത്രത്തില്‍ ഉത്പാദിപ്പിക്കുന്ന കയറിന്‍റെ നിലവാരം സാക്ഷ്യപ്പെടുത്തി.\

ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ കയര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ ജോണ്‍ ചാക്കോ, വേണുഗോപാല്‍, മഹാദേവന്‍, തുടങ്ങിയവരും ചടങ്ങില്‍ പങ്കെ ടുത്തു.

സെന്‍സെക്സ് റെഡ് സോണില്‍

മുംബൈ

വില്‍പ്പന സമ്മര്‍ദം പിടിമുറുക്കിയതോടെ ഓഹരി സൂചികകള്‍ റെഡ് സോണിലെത്തി. സെന്‍സെക്സ് 55 പോയിന്‍റ് നഷ്ടത്തില്‍ 18,507ല്‍ ക്ലോസ് ചെയ്തു. ദേശീയ സൂചിക നിഫ്റ്റി 14.05 പോയിന്‍റ് നഷ്ടത്തില്‍

5,567.05ല്‍.

ആര്‍ബിഐ നിരക്കു വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണു നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചത്. ഓട്ടോ, ഐടി, ഫാര്‍മ, റിഫൈനറി ഓഹരികള്‍ക്കു കനത്ത നഷ്ടം.

യൂറോ സോണ്‍ സാമ്പത്തിക പ്രതിസന്ധിയും യുഎസിലെ ആശങ്കകളും വിപണിയില്‍ സ്വാധീനം ചെലുത്തി. എച്ച്ഡിഎഫ്സി ബാങ്ക്, ഭെല്‍, ഹിന്‍ഡാല്‍കോ, ടാറ്റ പവര്‍ എന്നിവയുടെ നേട്ടം എല്‍&ടി, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ കളഞ്ഞുകുളിച്ചു.

നാണയപ്പെരുപ്പവും ഭക്ഷ്യവിലയും ഉയര്‍ന്നതു നിക്ഷേപകരെ സമ്മര്‍ദത്തിലാക്കി. ഈ മാസം 26നാണ് ആര്‍ബിഐയുടെ വായ്പാ അവലോകനം. ഇതില്‍ പലിശ നിരക്കു വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക വിപണിയില്‍ പ്രകടം.

വിദേശ നിക്ഷേപകര്‍ ഓഹരി വാങ്ങുന്നതില്‍ നിന്നു പിന്നോട്ടു പോയി. സെബിയുടെ കണക്കനുസരിച്ചു കഴിഞ്ഞ വെള്ളിയാഴ്ച 73 കോടിയുടെ ഓഹരികള്‍ മാത്രമാണു വിദേശ നിക്ഷേപകര്‍ വാങ്ങിയത്.

ഏഷ്യന്‍ സൂചികകള്‍ മിക്കതും ഡൗണ്‍ ട്രെന്‍ഡില്‍. യുഎസിന്‍റെ ക്രെഡിറ്റ് റേറ്റിങ് കുറച്ചേക്കുമെന്ന അഭ്യൂഹമാണ് ആഗോള സൂചികകള്‍ക്കു തിരിച്ചടിയായത്. ചൈന, ഹോങ്കോങ്, സിംഗപ്പുര്‍, തെക്കന്‍ കൊറിയ, തായ്വാന്‍ സൂചികകള്‍ 0.12 മുതല്‍ 0.69 വരെ ശതമാനം നഷ്ടം രേഖപ്പെടുത്തി. ജാപ്പനീസ് വിപണി അവധി. യൂറോപ്യന്‍ സൂചികകളും റെഡ് സോണില്‍.

സ്വര്‍ണവില പുതിയ റെക്കോഡില്‍

മുംബൈ
സ്വര്‍ണ വില പുതിയ ഉയരങ്ങള്‍ തേടുന്നു. പവന് ഇന്ന് 120 വര്‍ധിച്ചു 17,360 രൂപയായി. ഗ്രാമിനു 2170 രൂപയാണ് ഇന്നു രേഖപ്പെടുത്തിയത്. 15 രൂപയാണു ഗ്രാമിനു വര്‍ധിച്ചത്. മൂന്നു മാസത്തിനുള്ളില്‍ പവന് 1000 രൂപയാണു വര്‍ധിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ സ്വര്‍ണം പവന് 16,000 കടന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണു പവന് 17,000 രൂപ കടന്നത്. പശ്ചാത്യരാജ്യങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങള്‍, പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍, ചൈനയിലെ പണപ്പെരുപ്പം എന്നിവയാണു സ്വര്‍ണവില കുത്തനെ ഉയരാന്‍ കാരണമാകുന്നതെന്നു വിദഗ്ധര്‍.

ബെന്‍സുകള്‍ വാടകയ്ക്ക്

ഗുഡ്ഗാവ്

രാജ്യത്തു ചരിത്രം സൃഷ്ടിച്ചു മെഴ്സിഡസ് ബെന്‍സ് കാര്‍ വില്‍പ്പന. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന "കാര്‍ സോണ്‍റെന്‍റ് ഇന്ത്യ 'എന്ന ടാക്സി കമ്പനി 90 കാറുകള്‍ ഒറ്റയടിക്കു വാങ്ങി. 28 ലക്ഷത്തിലധികം രൂപ വിലവരുന്ന സി- ക്ലാസ് മോഡലുകളാണു ഗുഡ്ഗാവിലെ ഡീലറില്‍ നിന്നു വാങ്ങിയത്. സ്വര്‍ണ നിറത്തിലുള്ളവയാണ് ഇവ. ഒറ്റത്തവണ നടക്കുന്ന രാജ്യത്തെ ആദ്യ വമ്പന്‍ ഇടപാടാണിത്.

ലക്ഷ്വറി ടാക്സി രംഗത്തെ മുന്നേറ്റമാണിതെന്നു കാര്‍ സോണ്‍റെന്‍റ് ഇന്ത്യ എംഡി രാജീവ് വിജ്. 2008ല്‍ കമ്പനി ഇതേ മോഡലിലുള്ള 70 വെള്ളി നിറത്തിലുള്ള കാറുകള്‍ ഇറക്കിയിരുന്നു. ലക്ഷ്വറി വാഹനങ്ങളുടെ വര്‍ധിച്ച ആവശ്യമാണു തങ്ങളെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചത്. തങ്ങളുടെ വരുമാനത്തില്‍ 25 ശതമാനവും ലക്ഷ്വറി വിഭാഗത്തില്‍ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു.

Sunday, 17 July 2011

സെയ്ല്‍ എഫ്പിഒ ദീപാവലിക്ക്

Monday, July 18, 2011

ന്യൂഡല്‍ഹി

സെയ്ലിന്‍റെ 6,000 കോടിയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ ദീപാവലിക്ക് വിപണിയിലെത്തുമെന്നു കേന്ദ്ര സര്‍ക്കാര്‍. ഉരുക്ക് മന്ത്രി ബേനി പ്രസാദ് വര്‍മയാണ് മൂന്നു മാസത്തിനുള്ളില്‍ ഓഹരികള്‍ വിപണിയിലെത്തുമെന്നു വ്യക്തമാക്കിയത്. ഒക്റ്റോബര്‍ മൂന്നാം വാരം ഓഹരി വില്‍പ്പന നടത്താനാണു ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് വിപണി അനുകൂല സാഹചര്യം കണക്കിലെടുത്താവും ഇത്.

കുറഞ്ഞ വിലയ്ക്ക് മഹാരത്ന പദവിയിലുള്ള കമ്പനിയുടെ ഓഹരി വില്‍ക്കാന്‍ താത്പര്യമില്ലെന്നും അതാണു അനുകൂല സാഹചര്യം കാത്തിരിക്കുന്നതെന്നും ബേനി പ്രസാദ് പറഞ്ഞു. സെയ്ലിന്‍റെ ഓഹരി വില്‍പ്പന വഴി 8,000 കോടി സമാഹരിക്കാനാണു ധനമന്ത്രാലയം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഓഹരി വിപണിയില്‍ പ്രതികൂല സാഹചര്യമായതിനാല്‍ പ്രതീക്ഷിത ലക്ഷ്യം 6,000 കോടിയായി കുറയ്ക്കുകയായിരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ കണക്കനുസരിച്ചു ജനുവരി മുതല്‍ സെയ്ലിന്‍റെ ഓഹരി വിലയില്‍ 30 ശതമാനത്തിലധികം ഇടിവുണ്ടായി. ഓഹരി വില്‍ക്കാന്‍ ധനമന്ത്രാലയം സമ്മര്‍ദം ചെലുത്തുന്നില്ലെന്നും ബേനി പ്രസാദ് പറഞ്ഞു. സര്‍ക്കാരിനും കമ്പനിക്കും മികച്ച വരുമാനം നേടിക്കൊടുക്കുകയാണു ലക്ഷ്യം. ഇതാണ് അനുകൂല സാഹചര്യം കാത്തിരിക്കാന്‍ കാരണമെന്നും വര്‍മ പറഞ്ഞു. 

സര്‍ക്കാരിനു 85% പങ്കാളിത്തമുള്ള സെയ്ലിന്‍റെ 5% ഓഹരിയാണു വിറ്റഴിക്കുന്നത്. ഇതിനു ആനുപാതികമായി പുതിയ ഓഹരികളും വിപണിയിലെത്തിക്കും. സെയ്ലിനു പുറമേ ഒഎന്‍ജിസി, ഭെല്‍, എംഎംടിസി, ഹിന്ദുസ്ഥാന്‍ കോപ്പര്‍ എന്നിവയുടെ ഓഹരി വില്‍പ്പനവഴി ഈ സാമ്പത്തിക വര്‍ഷം 40,000 കോടി സമാഹരിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

അടുത്ത മൂന്നു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 95,000 കോടി സമാഹരിക്കാനും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ആഗോള നെറ്റ്വര്‍ക്കിങ് കമ്പനി സിസ്കോ ജീവനക്കാരെ പിരിച്ചുവിടുന്നു.

ആഗോള നെറ്റ്വര്‍ക്കിങ് കമ്പനി സിസ്കോ ജീവനക്കാരെ പിരിച്ചുവിടുന്നു.
ആഗോള നെറ്റ്വര്‍ക്കിങ് കമ്പനി സിസ്കോ പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. ബ്ലൂബെര്‍ഗാണു വാര്‍ത്ത റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കമ്പനിയുടെ മൊത്തം ജീവനക്കാരില്‍ 14% വരും ഇത്. പ്രവര്‍ത്തന ലാഭം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണു ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്. 3,000 ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ് നല്‍കാനും കമ്പനി മാനെജ്മെന്‍റ് തീരുമാനിച്ചു. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 7,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ലോകത്തെമ്പാടുമായി 73,400 ജീവനക്കാരാണ് സിസ്കോയ്ക്കുള്ളത്. ചെലവ് ചുരുക്കലിന്‍റെ വിശദാംശങ്ങള്‍ അടുത്തമാസം കമ്പനി പുറത്തുവിടും

സ്വര്‍ണം പവന് 17,240 രൂപ

സ്വര്‍ണം പവന് 17,240 രൂപ
കൊച്ചി: സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. പവന് 120 രൂപ ഉയര്‍ന്ന് 17,240 രൂപയിലെത്തി പുതിയ റെക്കോഡിട്ടു. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2155 രൂപയായി. വ്യാഴാഴ്ചയാണ് പവന്‍വില ചരിത്രത്തില്‍ ആദ്യമായി 17,000 രൂപ ഭേദിച്ചത്. അന്ന് വില 17,120 രൂപയായി. വെള്ളിയാഴ്ചയും ഈ വില തുടര്‍ന്നു.
അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില കുതിച്ചുയര്‍ന്നത്. ന്യൂയോര്‍ക്ക് വിപണിയില്‍ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 7.10 ഡോളര്‍ ഉയര്‍ന്ന് 1,594.10 ഡോളറിലെത്തി റെക്കോഡിട്ടു. കഴിഞ്ഞ ഒമ്പത് വ്യാപാര ദിനങ്ങള്‍ കൊണ്ട് 108 ഡോളറാണ് കുതിച്ചുയര്‍ന്നത്. 

32,000 രൂപയുടെ നാനോ വീടുമായി ടാറ്റ

32,000 രൂപയുടെ നാനോ വീടുമായി ടാറ്റ
 ഒരു ലക്ഷം രൂപയ്ക്ക് നാനോ കാര്‍ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ച ടാറ്റ ഗ്രൂപ്പ് ഗ്രാമീണ മേഖലയ്ക്കായി 32,000 രൂപയുടെ വീടുകളുമായി വീണ്ടും അത്ഭുതം സൃഷ്ടിക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷത്തോടെ പദ്ധതി യാഥാര്‍ഥ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 
പരീക്ഷണാര്‍ഥം രാജ്യത്ത് 30 മേഖലകളിലായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കയര്‍ ബോര്‍ഡ്, ജൂട്ട് ബോര്‍ഡ്, സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയവരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നതായും ടാറ്റ സ്റ്റീല്‍ ഗ്ലോബല്‍ റിസര്‍ച്ച് പ്രോഗ്രാം മേധാവി സുമിതേഷ് ദാസ് വ്യക്തമാക്കുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ചട്ടക്കൂടിലായിരിക്കും വീടുകള്‍ നിര്‍മിക്കുക. കമ്പനി നല്‍കുന്ന കിറ്റില്‍ മേല്‍ക്കൂരയും വാതിലുകളും ജനലുകളും എല്ലാം ഉള്‍പ്പെടും. ഇവ ഉറപ്പിക്കുകയും കൂട്ടിച്ചേര്‍ക്കുകയും മാത്രം ചെയ്താല്‍ മതി.
ഏഴ് ദിവസത്തിനകം തീര്‍ക്കാവുന്ന രീതിയിലാണ് ഇവ തയ്യാറാക്കുന്നത്. അടിസ്ഥാന മോഡലിന് 20 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ടാകും. പരന്ന മേല്‍ക്കൂരയുള്ള ഇതിന് 32,000 രൂപയായിരിക്കും വിലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 30 ചതുരശ്ര മീറ്ററിന്റെയും മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ചതും മറ്റുമായ ഉയര്‍ന്ന മോഡലുകളും ലഭ്യമായിരിക്കും. 2001 കാനേഷുമാരിയില്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ 1.48 കോടി പേര്‍ ഭവനരഹിതരാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇവര്‍ക്ക് പദ്ധതി ഏറെ സഹായകരമാകും. ഇപ്പോഴത്തെ നിലയില്‍ ഇരുപത് വര്‍ഷമായിരിക്കും ഓരോ വീടിന്റെയും ആയുസ്സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുകേഷ് അംബാനി എയര്‍സെല്ലിനെ ഏറ്റെടുത്തേക്കും

മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെലികോം സേവന ദാതാക്കളായ എയര്‍സെല്ലിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. ഒരു പ്രമുഖ ബിസിനസ് ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടെലികോം രംഗത്ത് സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എയര്‍സെല്ലിനെ ഏറ്റെടുക്കുന്നത്. 

ഏറ്റെടുക്കലിന്റെ ഭാഗമായി എയര്‍സെല്ലിന്റെ മൂല്യനിര്‍ണയവും സാധ്യതകളും പഠിക്കാനായി ഏജന്‍സിയെ റിലയന്‍സ് നിയോഗിച്ചിട്ടുണ്ട്. ഡ്യൂ ഡിലിജന്‍സ് മൂന്ന് വട്ടം പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

എയര്‍സെല്ലില്‍ നിയന്ത്രിത ഓഹരികള്‍ സ്വന്തമാക്കാനാണ് മുകേഷ് ഒരുങ്ങുന്നത്. 1999ല്‍ തമിഴ്‌നാട്ടില്‍ ജിഎസ്എം മൊബൈല്‍ സേവനം നല്‍കിക്കൊണ്ട് പ്രവര്‍ത്തനം തുടങ്ങിയ എയര്‍സെല്ലിന് ഇന്ന് 23 സര്‍ക്കിളുകളിലും സാന്നിധ്യമുണ്ട്. തമിഴ്‌നാട്, ചെന്നൈ ടെലികോം സര്‍ക്കിളുകളില്‍ ഒന്നാം സ്ഥാനത്താണ് കമ്പനി. കേരളത്തിലും സാന്നിധ്യമുണ്ട്. നിലവില്‍ രാജ്യത്തെ ഏഴാമത്തെ വലിയ മൊബൈല്‍ സേവനദാതാവാണ് എയര്‍സെല്‍.