Monday, 18 July 2011

25 പൈസ









മടിപിടിച്ചിരിക്കുന്നവരെക്കുറിച്ച് പറയാറുണ്ട് കാല്‍ക്കാശിനു കൊള്ളില്ലെന്ന്. എന്നാല്‍ കാല്‍ക്കാശ് അഥവാ കാലണ ഇനി കൗതുകത്തിനല്ലാതെ ഒന്നിനും കൊള്ളാത്തതാകുന്നു. ജൂലൈ ഒന്നുമുതല്‍ കേന്ദ്രസര്‍ക്കാര്‍ 25 പൈസ പിന്‍വലിക്കുകയാണ്. അങ്ങനെ പുരാവസ്തുക്കളുടെ കൂട്ടത്തില്‍ 25 പൈസയും സ്ഥാനംപിടിക്കും. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത് സ്റ്റാമ്പ്ശേഖരണം (ഫിലാറ്റലി) ആണെങ്കിലും രാജാക്കന്മാരുടെ ഹോബി എന്നറിയപ്പെടുന്നത് നാണയശേഖരണം(നുമിസ്മാറ്റിക്സ്) തന്നെ. ഇനി 25 പൈസയ്ക്കും നാണയശേഖരത്തില്‍ ഒരിടം കരുതിവയ്ക്കാം. 1478-1545 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഷേര്‍ഷാ സൂരി ചക്രവര്‍ത്തിയാണ് "റുപ്യ" എന്ന നാണയം ഇന്ത്യയില്‍ ആദ്യമായി ഇറക്കിയത്. കേരളത്തിലെ പല രാജാക്കന്മാര്‍ക്കും അവരുടേതായ നാണയങ്ങള്‍ ഉണ്ടായിരുന്നു. വിദേശികളുമായി കച്ചവടബന്ധം സ്ഥാപിച്ചതുമുതലാകണം നാണയങ്ങള്‍ പ്രചരിച്ചത്. പരശുരാമന്‍ രാശി, പൊന്‍പണം തുടങ്ങിയവ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നവയാണ്. തിരുവിതാംകൂര്‍ , കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങള്‍ക്ക് വെവ്വേറെ നാണയങ്ങള്‍ ഉണ്ടായിരുന്നു. കാശ്, ചക്രം, വരാഗം തുടങ്ങിയ നാണയങ്ങള്‍ തിരുവിതാംകൂറിലും ഒറ്റപുത്തന്‍ , ഇരട്ടപുത്തന്‍ എന്നിവ കൊച്ചിയിലും സുല്‍ത്താന്‍ , കാശ്, രാശി, ചെമ്പുകാശ് എന്നിവ മലബാറിലും നാണയങ്ങളായിരുന്നു. 1758-98 കാലത്ത് തിരുവിതാംകൂര്‍ ഭരിച്ച ധര്‍മരാജ എന്നറിയപ്പെടുന്ന കാര്‍ത്തിക തിരുനാളാണ് അനന്തരായന്‍ പണം, ചിന്നപണം, ചക്രം എന്നിവ പുറത്തിറക്കിയത്. 1816ല്‍ പാര്‍വതിബായി 16, 8, 4, 2 എന്നിങ്ങനെയുള്ള നാണയങ്ങളും പുറത്തിറക്കി. ഇതിനുശേഷമാണ് പണത്തിനെ കാശ് എന്നു വിളിച്ചുതുടങ്ങിയത്. 16 കാശ് 1 ചക്രം, 4 ചക്രം 1 പണം, 7 പണം അല്ലെങ്കില്‍ 28 ചക്രം 1 രൂപ എന്നിങ്ങനെയായിരുന്നു അന്നത്തെ വിനിമയനിരക്ക്. 1880-85 വരെ ഭരിച്ച വിശാഖം തിരുന്നാളാണ് വരാഗം എന്ന സ്വര്‍ണനാണയം ഇറക്കിയത്. 1906 മുതല്‍ കോയിനേജ് ആക്ട് അനുസരിച്ചാണ് നാണയങ്ങള്‍ അടിക്കുന്നത്. മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിലാണ് കമ്മട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കാശ്, മുക്കാല്‍ , അണ, അരയണ, ഒരണ, അരക്കാല്‍ രൂപ, കാല്‍ രൂപ, അര രൂപ, ഒരു രൂപ എന്നിവയാണ് ആദ്യം ഇറങ്ങിയ നാണയങ്ങള്‍ . ഇവയില്‍ നടുവില്‍ ദ്വാരമുള്ള ഓട്ടമുക്കാല്‍ എന്ന കൗതുകനാണയവും ഉണ്ടായിരുന്നു. 1956ല്‍ അണസമ്പ്രദായം അവസാനിച്ചപ്പോള്‍ പൈസ നിലവില്‍ വന്നു. 1, 2, 3, 5, 10, 20 തുടങ്ങി എല്ലാ പൈസകളും ഇന്ത്യാ ഗവണ്‍മെന്റ് പുറത്തിറക്കിയിട്ടുണ്ട്. അതിനുമുമ്പ് 25 പൈസയുടെ മൂല്യമുള്ള കാല്‍ അണ വെള്ളിനാണയമാണ് നിലവിലുണ്ടായിരുന്നത്. പിന്നീട് 1957-60ല്‍ നിക്കലില്‍ നിര്‍മിച്ച നാണയങ്ങള്‍ ഇറക്കിയിട്ടുണ്ട്. 1980ല്‍ ഗ്രാമീണ വനിതകളുടെ മുന്നേറ്റം, 1981ലെ ഭക്ഷ്യദിനം, 1982ലെ ഏഷ്യന്‍ ഗെയിംസ്, 1985ലെ വനവല്‍കരണം എന്നീ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിവിധയിനം 25 പൈസകള്‍ പുറത്തിറക്കി. കാണ്ടാമൃഗത്തിന്റെ ചിത്രമുള്ള 25 പൈസയാണ് ഇക്കൂട്ടത്തില്‍ അവസാനത്തേത്. ഇത് സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് നിര്‍മിച്ചിരിക്കുന്നത്. രാജാക്കന്മാരുടെ തലയുടെ ചിത്രമുള്ള നാണയങ്ങള്‍ ധര്‍മരാജയുടെ കാലംമുതലാണ് കേരളത്തില്‍ വന്നുതുടങ്ങിയത്. 1946 മുതല്‍ ദേശീയ നേതാക്കളെയും നവോത്ഥാന നായകരെയും ആദരിച്ച് നാണയങ്ങള്‍ ഇറക്കാന്‍ തുടങ്ങി. ഇതിനകം ഇങ്ങനെ 30 വ്യക്തികളുടെ ചിത്രമുള്ള നാണയങ്ങള്‍ ഇറങ്ങി. മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവര്‍ക്കൊപ്പം ശ്രീനാരായണഗുരുവും അല്‍ഫോന്‍സാമ്മയും നാണയങ്ങളില്‍ ആദരിക്കപ്പെട്ടു. 1-20 പൈസയുടെ നാണയങ്ങള്‍ ഔദ്യോഗികമായി നിര്‍ത്തലാക്കിയിട്ടില്ലെങ്കിലും ഇവ പുരാവസ്തുക്കളില്‍ സ്ഥാനംപിടിച്ചത് നാണയത്തിന്റെ വിലയ്ക്ക് ലഭിക്കുന്ന സാധനങ്ങള്‍ ഇല്ലാതാവുകയും ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സ്റ്റെയിന്‍ലെസ് സ്റ്റീലിന് നാണയത്തിന്റെ മൂല്യത്തേക്കാള്‍ വിലയാവുകയും ചെയ്തതോടെയാണ്. നിരോധം ഏര്‍പ്പെടുത്തുന്നു എന്ന വാര്‍ത്ത പരന്നതോടെ ബസുകളിലും കടകളിലും 25 പൈസ എടുക്കാതെയായി. ക്രയവിക്രയങ്ങളില്‍ 25 പൈസയ്ക്കു പകരം 50 പൈസയും ഒരുരൂപയുമാണ് ഉപയോഗിക്കുന്നത്. നിര്‍ത്തലാക്കുന്ന പൈസകള്‍ ദേശസാല്‍കൃത ബാങ്കുകളില്‍ മാറ്റി വാങ്ങാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കിയിരുന്നു. ജൂലൈ ഒന്നുമുതല്‍ ഇവ എവിടെയും സ്വീകരിക്കില്ല.

No comments:

Post a Comment