Tuesday, 26 July 2011

മന്‍മോഹന്‍ കുടുക്കില്‍


ന്യൂഡല്‍ഹി

2ജി സ്പെക്ട്രം കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും ആഭ്യന്തര മന്ത്രി പി. ചിദംബരത്തെയും ഉള്‍പ്പെടുത്തണമെന്നു മുന്‍ ടെലികോം മന്ത്രി എ. രാജ കോടതിയില്‍ ആവശ്യപ്പെട്ടു. സ്പെക്ട്രം ലൈസന്‍സ് നേടിയവര്‍ ഓഹരി വില്‍ക്കുന്നതിനെക്കുറിച്ച് ഇരുവരുമായും ആലോചിച്ചിരുന്നു എന്നാണ് വാദം. അന്ന് ധനമന്ത്രിയായിരുന്നു ചിദംബരം.

2ജി സ്പെക്ട്രം ലേലം ചെയ്യേണ്ടെന്ന തന്‍റെ തീരുമാനത്തില്‍ ഒരു തെറ്റുമില്ലായിരുന്നു എന്നും, മുന്‍ഗാമികളുടെ നയം അനുവര്‍ത്തിക്കുക മാത്രമാണു ചെയ്തതെന്നും സ്പെഷ്യല്‍ സിബിഐ ജഡ്ജ് ഒ.പി. സെയ്നിക്കു മുന്നില്‍ രാജ വാദിച്ചു.

വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണ് ലൈസന്‍സ് ഉടമകള്‍ ഓഹരി വില്‍ക്കുന്നതെന്നും അതു കമ്പനി കൈമാറ്റമാകുന്നില്ലെന്നുമാണ് ചിദംബരം പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നത്. ഓഹരി വില്‍ക്കുന്നതു ലൈസന്‍സ് മറിച്ചുകൊടുക്കലല്ല. അതില്‍ ലാഭവും ഉണ്ടാകുന്നില്ല. അതിനാല്‍ അഴിമതിക്കു സാധ്യതയുമില്ല. ഈ സാഹചര്യത്തില്‍ രാജ സ്പെക്ട്രം വിതരണത്തില്‍ അഴിമതി കാട്ടിയെന്നു പറയാനാകില്ലെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍ കുമാര്‍ പറഞ്ഞു.

ഒരു നയം പിന്തുടര്‍ന്നതിനാണ് രാജയെ പ്രോസിക്യൂട്ട് ചെയ്യുന്നതെങ്കില്‍ 1993 മുതലുള്ള എല്ലാ ടെലികോം മന്ത്രിമാരെയും അദ്ദേഹത്തിനൊപ്പം ജയിലിലടയ്ക്കണം. അരുണ്‍ ഷൂരി 26 ലൈസന്‍സും ദയാനിധി മാരന്‍ 25 ലൈസന്‍സും രാജ 122 ലൈസന്‍സും വിതരണം ചെയ്തിട്ടുണ്ട്. അക്കങ്ങള്‍ ഇവിടെ പ്രസക്തമല്ല. ഇവയില്‍ ഒന്നു പോലും ലേലം ചെയ്യുകയായിരുന്നില്ല എന്നതാണു പ്രധാനം. ലേലം വേണ്ടെന്ന 2003ലെ ക്യാബിനറ്റ് തീരുമാനം അനുസരിക്കുക മാത്രമാണ് രാജ ചെയ്തത്. നിയമം അനുസരിക്കുന്നവരെ വിചാരണ ചെയ്യുകയല്ല, ആദരിക്കുകയാണു വേണ്ടത്.

സ്പെക്ട്രം വിതരണം വഴി പൊതു ഖജനാവിനു നഷ്ടമുണ്ടായിട്ടുണ്ടോ എന്നു കണക്കാക്കാന്‍ സിബിഐക്ക് അധികാരമില്ല. സര്‍ക്കാരാണ് അതു പറയേണ്ടത്. സ്വാന്‍ ടെലികോമിന് ഡിബി റിയല്‍റ്റി ഓഹരി നല്‍കിയതിനെ വില്‍പ്പനയായാണ് സിബിഐ കണക്കാക്കുന്നത്. യൂണിടെക്കിന്‍റെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിക്കുന്നു. ആ നിലയ്ക്ക്, ടാറ്റാ ടെലി സര്‍വീസസ് വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണ് ഓഹരി കൈമാറിയതെന്നും അതു വില്‍പ്പനയല്ലെന്നും സിബിഐക്ക് എങ്ങനെ പറയാന്‍ കഴിയും.

യൂണിടെക് 6,120 കോടി രൂപയ്ക്ക് 67% ഓഹരി വിറ്റു. ടാറ്റ 13,973 കോടിക്ക് 27% മാത്രം വിറ്റു. ആരാണു മികച്ച വ്യവസായി, രത്തന്‍ ടാറ്റയോ സഞ്ജയ് ചന്ദ്രയോ? ഒരു ലോണ്‍ ട്രാന്‍സാക്ഷന്‍ മാത്രം മുന്‍നിര്‍ത്തിയാണ് ചന്ദ്ര ഗൂഢാലോചന നടത്തിയതായി സിബിഐ ആരോപിക്കുന്നത്. വിദേശത്തു നിന്ന് ബന്ധങ്ങള്‍ ഉപയോഗിച്ച് നിക്ഷേപം നടത്തിച്ചതു മാത്രമാണ് ഡിബി റിയല്‍റ്റിയും യൂണിടെക്കും ചെയ്ത കുറ്റം. യൂണിടെക്കും സ്വാന്‍ ടെലികോമും ലാഭമുണ്ടാക്കിയതിനെ സിബിഐ ചോദ്യം ചെയ്യുമ്പോള്‍ എസ്-ടെല്‍ സമ്പാദിച്ച ലാഭം കണ്ടില്ലെന്നു നടിക്കുന്നു എന്നും രാജയുടെ അഭിഭാഷകന്‍ ആരോപിച്ചു.

അതേസമയം, രാജ അവകാശപ്പെടുന്നതു പോലെ മുന്‍ഗാമികളുടെ നയം അനുവര്‍ത്തിക്കുകയല്ല ചെയ്തിരിക്കുന്നതെന്നു സിബിഐ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. മുന്‍പേ വരുന്നവര്‍ക്കു മുന്‍ഗണനാക്രമമാണ് മുന്‍ഗാമികള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, രാജ ഇത് അട്ടിമറിച്ചു എന്നാണ് സിബിഐയുടെ കണ്ടെത്തല്‍. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനു വേണ്ടി മാത്രം ഓഹരി വിറ്റതായി സിബിഐ വിലയിരുത്തുന്ന കമ്പനികളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, ഡിബി റിയല്‍റ്റിയും യൂണിടെക്കും ഭൂരിപക്ഷം ഓഹരികള്‍ വിദേശ സ്ഥാപനങ്ങള്‍ക്കു വിറ്റതു വഴി കമ്പനി കൈമാറ്റം തന്നെയാണ് ഫലത്തില്‍ സംഭവിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

No comments:

Post a Comment