Tuesday, 19 July 2011

സെന്‍സെക്സ് റെഡ് സോണില്‍

മുംബൈ

വില്‍പ്പന സമ്മര്‍ദം പിടിമുറുക്കിയതോടെ ഓഹരി സൂചികകള്‍ റെഡ് സോണിലെത്തി. സെന്‍സെക്സ് 55 പോയിന്‍റ് നഷ്ടത്തില്‍ 18,507ല്‍ ക്ലോസ് ചെയ്തു. ദേശീയ സൂചിക നിഫ്റ്റി 14.05 പോയിന്‍റ് നഷ്ടത്തില്‍

5,567.05ല്‍.

ആര്‍ബിഐ നിരക്കു വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണു നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചത്. ഓട്ടോ, ഐടി, ഫാര്‍മ, റിഫൈനറി ഓഹരികള്‍ക്കു കനത്ത നഷ്ടം.

യൂറോ സോണ്‍ സാമ്പത്തിക പ്രതിസന്ധിയും യുഎസിലെ ആശങ്കകളും വിപണിയില്‍ സ്വാധീനം ചെലുത്തി. എച്ച്ഡിഎഫ്സി ബാങ്ക്, ഭെല്‍, ഹിന്‍ഡാല്‍കോ, ടാറ്റ പവര്‍ എന്നിവയുടെ നേട്ടം എല്‍&ടി, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ കളഞ്ഞുകുളിച്ചു.

നാണയപ്പെരുപ്പവും ഭക്ഷ്യവിലയും ഉയര്‍ന്നതു നിക്ഷേപകരെ സമ്മര്‍ദത്തിലാക്കി. ഈ മാസം 26നാണ് ആര്‍ബിഐയുടെ വായ്പാ അവലോകനം. ഇതില്‍ പലിശ നിരക്കു വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക വിപണിയില്‍ പ്രകടം.

വിദേശ നിക്ഷേപകര്‍ ഓഹരി വാങ്ങുന്നതില്‍ നിന്നു പിന്നോട്ടു പോയി. സെബിയുടെ കണക്കനുസരിച്ചു കഴിഞ്ഞ വെള്ളിയാഴ്ച 73 കോടിയുടെ ഓഹരികള്‍ മാത്രമാണു വിദേശ നിക്ഷേപകര്‍ വാങ്ങിയത്.

ഏഷ്യന്‍ സൂചികകള്‍ മിക്കതും ഡൗണ്‍ ട്രെന്‍ഡില്‍. യുഎസിന്‍റെ ക്രെഡിറ്റ് റേറ്റിങ് കുറച്ചേക്കുമെന്ന അഭ്യൂഹമാണ് ആഗോള സൂചികകള്‍ക്കു തിരിച്ചടിയായത്. ചൈന, ഹോങ്കോങ്, സിംഗപ്പുര്‍, തെക്കന്‍ കൊറിയ, തായ്വാന്‍ സൂചികകള്‍ 0.12 മുതല്‍ 0.69 വരെ ശതമാനം നഷ്ടം രേഖപ്പെടുത്തി. ജാപ്പനീസ് വിപണി അവധി. യൂറോപ്യന്‍ സൂചികകളും റെഡ് സോണില്‍.

No comments:

Post a Comment