Sunday, 17 July 2011

സെയ്ല്‍ എഫ്പിഒ ദീപാവലിക്ക്

Monday, July 18, 2011

ന്യൂഡല്‍ഹി

സെയ്ലിന്‍റെ 6,000 കോടിയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ ദീപാവലിക്ക് വിപണിയിലെത്തുമെന്നു കേന്ദ്ര സര്‍ക്കാര്‍. ഉരുക്ക് മന്ത്രി ബേനി പ്രസാദ് വര്‍മയാണ് മൂന്നു മാസത്തിനുള്ളില്‍ ഓഹരികള്‍ വിപണിയിലെത്തുമെന്നു വ്യക്തമാക്കിയത്. ഒക്റ്റോബര്‍ മൂന്നാം വാരം ഓഹരി വില്‍പ്പന നടത്താനാണു ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് വിപണി അനുകൂല സാഹചര്യം കണക്കിലെടുത്താവും ഇത്.

കുറഞ്ഞ വിലയ്ക്ക് മഹാരത്ന പദവിയിലുള്ള കമ്പനിയുടെ ഓഹരി വില്‍ക്കാന്‍ താത്പര്യമില്ലെന്നും അതാണു അനുകൂല സാഹചര്യം കാത്തിരിക്കുന്നതെന്നും ബേനി പ്രസാദ് പറഞ്ഞു. സെയ്ലിന്‍റെ ഓഹരി വില്‍പ്പന വഴി 8,000 കോടി സമാഹരിക്കാനാണു ധനമന്ത്രാലയം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഓഹരി വിപണിയില്‍ പ്രതികൂല സാഹചര്യമായതിനാല്‍ പ്രതീക്ഷിത ലക്ഷ്യം 6,000 കോടിയായി കുറയ്ക്കുകയായിരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ കണക്കനുസരിച്ചു ജനുവരി മുതല്‍ സെയ്ലിന്‍റെ ഓഹരി വിലയില്‍ 30 ശതമാനത്തിലധികം ഇടിവുണ്ടായി. ഓഹരി വില്‍ക്കാന്‍ ധനമന്ത്രാലയം സമ്മര്‍ദം ചെലുത്തുന്നില്ലെന്നും ബേനി പ്രസാദ് പറഞ്ഞു. സര്‍ക്കാരിനും കമ്പനിക്കും മികച്ച വരുമാനം നേടിക്കൊടുക്കുകയാണു ലക്ഷ്യം. ഇതാണ് അനുകൂല സാഹചര്യം കാത്തിരിക്കാന്‍ കാരണമെന്നും വര്‍മ പറഞ്ഞു. 

സര്‍ക്കാരിനു 85% പങ്കാളിത്തമുള്ള സെയ്ലിന്‍റെ 5% ഓഹരിയാണു വിറ്റഴിക്കുന്നത്. ഇതിനു ആനുപാതികമായി പുതിയ ഓഹരികളും വിപണിയിലെത്തിക്കും. സെയ്ലിനു പുറമേ ഒഎന്‍ജിസി, ഭെല്‍, എംഎംടിസി, ഹിന്ദുസ്ഥാന്‍ കോപ്പര്‍ എന്നിവയുടെ ഓഹരി വില്‍പ്പനവഴി ഈ സാമ്പത്തിക വര്‍ഷം 40,000 കോടി സമാഹരിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

അടുത്ത മൂന്നു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 95,000 കോടി സമാഹരിക്കാനും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

No comments:

Post a Comment