Wednesday, 20 July 2011

വിപ്രോ അറ്റാദായം 1,335 കോടി


മുംബൈ

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനി വിപ്രോയുടെ അറ്റാദായം തൊട്ടു മുന്‍ ക്വാര്‍ട്ടറിനെ അപേക്ഷിച്ച് ഒന്നാം പാദത്തില്‍ 1.23% വര്‍ധിച്ച് 1,334.9 കോടിയായി. തൊട്ടുമുന്‍ ക്വാര്‍ട്ടറില്‍ 1,318.6 കോടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 1319 കോടിയാ യിരു ന്നു. മൊത്തം വരുമാനം 8,564 കോടിയായി വര്‍ധിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 7,236 കോടി. വര്‍ധന 18.34%.

മാനെജ്മെന്‍റ് പുനഃസംഘടനയ്ക്കു ശേഷം വളരെ നേരത്തെ ശുഭസൂചനകള്‍ കണ്ടു തുടങ്ങിയെന്നു വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി. പുതിയ ഐടി ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ വിപണി സാധ്യതകള്‍ പ്രയോജനപ്പെടുത്തും. വിപണി വിജയം നേടാന്‍ പുതിയ നിക്ഷേപം ആവശ്യമെങ്കില്‍ അതു നടത്തുമെന്നും അസിം പ്രേംജി പറഞ്ഞു.

വരുമാനത്തിന്‍റെ 75 ശതമാനത്തിലധികം ലഭിച്ചത് ഐടി അനുബന്ധ സേവനങ്ങളില്‍ നിന്ന്. 140.8 കോടി ഡോളറാണ് ഈ വിഭാഗത്തിലെ വരുമാനം. മുന്‍വര്‍ഷത്തെക്കാള്‍ 16% കൂടുതലാണിത്.

ഈ സാമ്പത്തിക വര്‍ഷം ഐടി സേവനത്തില്‍ നിന്നുള്ള വരുമാനം 143.6 കോടി ഡോളര്‍ മുതല്‍ 146.4 കോടി ഡോളര്‍ വരെയാകുമെന്നാണു വിലയിരുത്തല്‍. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 4,105 പേര്‍ക്കു കമ്പനി നിയമനം നല്‍കി. മൊത്തം ജീവനക്കാരുടെ എണ്ണം 1,26,490. 49 പുതിയ ഉപയോക്താക്കളെയും കമ്പനിക്കു ലഭിച്ചു.

നാല് ഉപയോക്താക്കളില്‍ നിന്നു മാത്രം 10 കോടി ഡോളറിലധികം വരുമാനം ലഭിച്ചതായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ സുരേഷ് സേനാപതി. കണ്‍സ്യൂമര്‍ കെയര്‍, ലൈറ്റ്നിങ് ബിസിനസില്‍ നിന്നുള്ള വരുമാനം 755 കോടിയായി. മുന്‍വര്‍ഷത്തെക്കാള്‍ 18% കൂടുതലാണിത്.

സമീപഭാവിയിലും ആഗോള സമ്പദ്വ്യവസ്ഥയില്‍ ചാഞ്ചാട്ടം തുടരുമെന്നും ഇതു ഭാവി വളര്‍ച്ചയുടെ സ്ഥിരതയെ ബാധിക്കുമെന്നും പ്രേംജി പറഞ്ഞു. യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി, യുഎസ് സമ്പദ്വ്യവസ്ഥയിലെ ആശങ്കകള്‍ എന്നിവ ഐടി മേഖലയെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം.

No comments:

Post a Comment