Sunday, 17 July 2011

റെയ്നയ്ക്കു സെഞ്ചുറി

Monday, July 18, 2011

ടൗന്‍റണ്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി നടക്കുന്ന ത്രിദിന സന്നാഹ മത്സരത്തില്‍ സോമര്‍സെറ്റിനെതിരേ ഇന്ത്യയ്ക്കു സമനില. അവസാന ദിനമായ ഇന്നലെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 16.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഇരു ക്യാപ്റ്റന്‍മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഗൗതം ഗംഭീറും (36) അഭിനവ് മുകുന്ദും (33) പുറത്താകാതെ നിന്നു. നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 224 റണ്‍സിന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്സില്‍ 425 റണ്‍സ് നേടിയ സോമര്‍സെറ്റ്, രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സിന് രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 എന്ന നിലയില്‍ ഇന്നലെ ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്കായി സുരേഷ് റെയ്ന സെഞ്ചുറി സ്വന്തമാക്കി. വാലറ്റക്കാരെ കൂട്ടുപിടിച്ച് 112 പന്ത് നേരിട്ട് 103 റണ്‍സുമായി പുറത്താകാതെ നിന്നു റെയ്ന. അഞ്ച് കൂറ്റന്‍ സിക്സറുകളും 14 ബൗണ്ടറികളും അടങ്ങുന്ന ഇന്നിങ്സായിരുന്നു ഇത്. 201 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് ഇന്ത്യ വഴങ്ങി. സോമര്‍സെറ്റിനു വേണ്ടി ഓപ്പണര്‍ ആന്‍ഡ്രൂ സ്ട്രൗസ് രണ്ടാമിന്നിങ്സില്‍ 109 റണ്‍സോടെ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റുകളും നേടിയത് അമിത് മിശ്ര.

റെയ്ന സെലക്ഷന്‍ ഉറപ്പിച്ചു?

ഇംഗ്ലണ്ടിനെതിരേ 21ന് ലോര്‍ഡ്സില്‍ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ യുവരാജ് സിങ്ങിനു പകരം സുരേഷ് റെയ്ന ഇടംപിടിക്കാന്‍ സാധ്യത വര്‍ധിച്ചു. സോമര്‍സെറ്റിനെതിരേയുള്ള സന്നാഹ മത്സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും അടങ്ങുന്ന പ്രമുഖര്‍ പരാജയപ്പെട്ടപ്പോള്‍ 103 റണ്‍സോടെ പുറത്താകാതെ നിന്ന് ഇന്ത്യയുടെ മാനം കാത്തത് റെയ്നയാണ്.

യുവരാജിനെക്കാള്‍ അഞ്ച് വയസിന് ഇളപ്പമുള്ള റെയ്ന വെസ്റ്റിന്‍ഡീസില്‍ പുറത്തെടുത്ത പ്രകടനത്തിന്‍റെ അടുത്ത പടിയിലേക്കു കടക്കുന്ന പ്രകടനമാണ് ഇവിടെ പുറത്തെടുത്തത്. യുവരാജ് സോമര്‍സെറ്റിനെതിരേ റണ്‍സൊന്നും സ്കോര്‍ ചെയ്യാതെ പുറത്താകുകയും ചെയ്തു.

ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കെതിരായ ദൗര്‍ബല്യമാണ് ഇതുവരെ റെയ്നയെ വലച്ചത്. 2010-11 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടാതിരുന്നതിനും കാരണം ഇതായിരുന്നു. എന്നാല്‍, വിന്‍ഡീസ് പര്യടനത്തിലും സോമര്‍സെറ്റിനെതിരേയുള്ള സന്നാഹ പോരാട്ടത്തിലും ഈ പ്രശ്നം ഏറെക്കുറെ പരിഹരിച്ചതിന്‍റെ ലക്ഷണങ്ങള്‍ തന്നെയാണ് റെയ്ന കാട്ടുന്നത്. രവി രാംപോളും ഫിഡില്‍ എഡ്വേര്‍ഡ്സും ഉള്‍പ്പെട്ട വിന്‍ഡീസ് ഫാസ്റ്റ് ബൗളിങ് നിരയ്ക്കെതിരേ ഒരിക്കല്‍പ്പോലും ഷോര്‍ട്ട് പിച്ചില്‍ പുറത്തായതുമില്ല റെയ്ന.

ഇതുവരെ അവസരം കിട്ടിയ 34 ടെ സ്റ്റുകളില്‍ നിന്ന് 1639 റണ്‍സാണ് യുവരാജ് സിങ്ങിന്‍റെ നേട്ടം.

No comments:

Post a Comment