Sunday, 17 July 2011

യെദിയൂരപ്പയെ രക്ഷിക്കാന്‍ ശ്രമിച്ചു

Monday, July 18, 2011

ബംഗളൂരു

അഴിമതിക്കേസുകളില്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കു പ്രതികൂലമായ പരാമര്‍ശം ഒഴിവാക്കാന്‍ ബിജെപി നേതാക്കള്‍ തന്നെ സമീപിച്ചുവെന്ന് കര്‍ണാടക ലോകായുക്ത എന്‍. സന്തോഷ് ഹെഗ്ഡെ. അനധികൃത ഖനനമുള്‍പ്പെടെ കര്‍ണാടക സര്‍ക്കാരിനെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണം അന്തിമഘട്ടത്തില്‍ നില്‍ക്കെയാണ് ലോകായുക്തയുടെ ആരോപണം. ഈ മാസം ഒടുവില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.

ബെല്ലാരി ഖനനവുമായി ബന്ധപ്പെട്ട് റെഡ്ഡി സഹോദരന്മാര്‍ക്കെതിരേയും ലോകായുക്ത റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നു സൂചന.

യെദിയൂരപ്പയുടെ വിശ്വസ്തനും മുന്‍ കേന്ദ്ര മന്ത്രിയുമായ വി. ധനഞ്ജയ് കുമാര്‍, കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി വി.എസ്. ആചാര്യ എന്നിവര്‍ക്കെതിരേയാണ് സന്തോഷ് ഹെഗ്ഡെയുടെ വിമര്‍ശനം. ""ഒരിക്കല്‍ എന്‍റെ വീട്ടിലെത്തിയ ധനഞ്ജയ് കുമാര്‍ യെദിയൂരപ്പയ്ക്കെതിരേ പരാമര്‍ശമുണ്ടാകരുതെന്ന് അഭ്യര്‍ഥിച്ചു. യെദിയൂരപ്പയുടെ വിശ്വസ്തനാണ് അദ്ദേഹം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി അറിഞ്ഞു നടത്തിയ നീക്കമാകും ഇതെന്നു കരുതുന്നു. വി.എസ്. ആചാര്യയും ഒപ്പമുണ്ടായിരുന്നു. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഇനി ഒരിക്കലും എന്‍റെ ഓഫിസിലോ വീട്ടിലോ വരരുതെന്ന് ഞാന്‍ കുമാറിനെ താക്കീത് ചെയ്തു''- ഹെഗ്ഡെ പറഞ്ഞു.

ഇതോടെ, ഞാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ലെന്ന പ്രചാരണം തുടങ്ങി കുമാര്‍. ശക്തമായ മുന്നറിയിപ്പു നല്‍കിയശേഷം ധനഞ്ജയ് കുമാര്‍ മാപ്പു പറഞ്ഞെങ്കിലും ബിജെപി ശ്രമം തുടര്‍ന്നുവെന്നും ഹെഗ്ഡെ.

വാജ്പേയി സര്‍ക്കാരില്‍ 1999-2000 കാലത്തു ധനകാര്യ സഹമന്ത്രിയായിരുന്നു ധനഞ്ജയ് കുമാര്‍. ചില ആരോപണങ്ങളെത്തുടര്‍ന്നു പുറത്താക്കപ്പെട്ടു. പിന്നീടു കര്‍ണാടകയില്‍ നിന്നു രാജ്യസഭയിലേക്കു മത്സരിക്കാന്‍ നടത്തിയ ശ്രമം വിഫലമായി. യെദിയൂരപ്പ മുഖ്യമന്ത്രിയായതോടെ അദ്ദേഹത്തിനൊപ്പം ചേര്‍ന്ന ധനഞ്ജയ് കുമാര്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ കര്‍ണാടക സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി.

No comments:

Post a Comment