Sunday, 17 July 2011

മലമ്പനി പ്രതിരോധിക്കാന്‍

ഡോ. തോമസ് മാത്യു

കൊതുകുജന്യ രോഗമാണു മലമ്പനി. 2006ല്‍ ആഗോള തലത്തില്‍ 245 ദശലക്ഷം പേര്‍ക്ക് ഈ രോഗം പിടിപെട്ടതായും ഒരു ദശലക്ഷത്തോളം പേര്‍ മരണമടഞ്ഞതായും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ 2006ല്‍ 1.7 ദശലക്ഷം പേര്‍ക്ക് മലമ്പനി ബാധിക്കുകയും ആയിരത്തോളം പേര്‍ മരണമടയുകയും ചെയ്തു.

അതേവര്‍ഷം കേരളത്തില്‍ രണ്ടായിരത്തില്‍ താഴെ പേര്‍ക്ക് മലമ്പനി ബാധിച്ചു. ഏഴുപേര്‍ മരിച്ചു. 1994-95ല്‍ തിരുവനന്തപുരത്തു വലിയതുറയിലും പ്രാന്തപ്രദേശങ്ങളിലുമായി ആയിരത്തോളം പേര്‍ക്കു മലമ്പനി പിടിപെട്ടിരുന്നു. 1965-66ല്‍ കേരളത്തില്‍നിന്നും നിര്‍മാര്‍ജനം ചെയ്ത ശേഷമുള്ള വലിയ എപ്പിഡമിക്കായിരുന്നു അത്.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന മലമ്പനിയാണു നമുക്കു പ്രശ്നം. തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളിലും മറ്റു ചില ജില്ലകളിലും തദ്ദേശീയ മലമ്പനിയും ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

മലമ്പനി പ്രതിരോധിക്കാനും നിയന്ത്രിക്കാനുമായി നാഷണല്‍ വെക്റ്റര്‍ ബോണ്‍ ഡിസീസസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഊര്‍ജിത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നു.

രോഗലക്ഷണങ്ങള്‍

കുളിരും വിറയലോടും കൂടിയ ഇടവിട്ടുള്ള പനി. ഇത് 48-72 മണിക്കൂര്‍ ഇടവേളയില്‍ ആവര്‍ത്തിക്കുന്നു. രോഗം ഗുരുതരമായാല്‍ നടക്കാനോ സംസാരിക്കാനോ തിരിച്ചറിയാനോ സാധിക്കാത്ത അവസ്ഥയിലാകും. ആവര്‍ത്തിച്ചുള്ള ഛര്‍ദ്ദി, വയറിളക്കം, രക്തസ്രാവം എന്നിവയും ഉണ്ടാകാം.

രോഗകാരണം

പാസ്മോഡിയം എന്ന ഏകകോശ പരജീവി. പാസ്മോഡിയം വൈവാക്സ്, പാസ്മോഡിയം ഫാല്‍സി പാറം, പാസ്മോഡിയം മലേറിയെ, പാസ്മോഡിയം ഒവേല്‍ എന്നീ നാലു സ്പീഷീസുകളാണു മനുഷ്യരില്‍ ഈ രോഗം ഉണ്ടാക്കുന്നത്. ഇതില്‍ 65-70 ശതമാനത്തിലധികവും പാസ്മോജിയം വൈവാക്സ് വഴി. പാസ്മോഡിയം ഫാള്‍സിപാറം വഴിയുണ്ടാകുന്ന മലമ്പനി തലച്ചോറിനെ ബാധിച്ചു കൂടുതല്‍ തീവ്രവും സങ്കീര്‍ണവുമായി മരണത്തിനു വരെ സാധ്യത.

രോഗം പകരുന്നത് എങ്ങനെ

മലമ്പനി ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്കു പരത്തുന്നത് അനോഫെലിസ് വര്‍ഗത്തിലുള്ള പെണ്‍ കൊതുകുകളാണ്. ഇന്ത്യയില്‍ അറുപതിലധികം തരം അനോഫെലിസ് കൊതുകുകള്‍ ഉണ്ടെങ്കിലും പത്തോളം സ്പീഷീസുകളാണു രോഗം പകര്‍ത്താന്‍ കഴിവുള്ളവ. ഇതില്‍ കേരളത്തില്‍ ഇപ്പോള്‍ രോഗപ്പകര്‍ച്ചയ്ക്കു കാരണമായിട്ടുള്ളത് അനോഫെലിസ് സീഫന്‍സി എന്ന ഇനമാണ്.

രോഗ ചികിത്സ

മലമ്പനി മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ പനി ബാധിച്ചവരുടെ രക്ത സ്മിയര്‍ പരിശോധന നടത്തിയാല്‍ മതി. ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി പനിയുള്ളവരെ കണ്ടുപിടിച്ച് അവരുടെ രക്ത സ്മിയര്‍ എടുക്കുന്നു. ആശുപത്രിയില്‍ വരുന്ന പനി ബാധിതരുടെ സ്മിയറുകളും ഇപ്രകാരം എടുക്കുന്നുണ്ട്. ഇതു ലബോറട്ടറി പരിശോധന നടത്തി രോഗം മലമ്പനിയാണെന്ന് ഉറപ്പായാല്‍ സമ്പൂര്‍ണ ചികിത്സ (റാഡിക്കല്‍ ട്രീറ്റ്മെന്‍റ്) നേടണം.

No comments:

Post a Comment