Friday, 5 August 2011

സിങ് വി ചെയ്തത് തെറ്റ്


കൊച്ചി

എന്‍ഡോസള്‍ഫാന്‍ കമ്പനി ഉടമകള്‍ക്കായി കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ് വി സുപ്രീംകോടതിയില്‍ ഹാജരായതു തെറ്റായി പോയെന്നു കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. സിങ് വി കോണ്‍ഗ്രസ് വക്താവാണെന്ന കാര്യം മറക്കുന്നു. അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്ന് ഇത്തരം നടപടിയുണ്ടായതു വേദനാജനകമാണ്. സംഭവത്തിലെ പ്രതിഷേധം നേരിട്ടറിയിക്കുമെന്നു ചെന്നിത്തല പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സംസ്ഥാനത്തിന്‍റെ നിലപാടു വ്യക്തമാണ്. എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം. ഇതിനെ മറികടന്നാണു സിങ് വി കോടതിയില്‍ ഹാജരായത്. അഭിഭാഷകന്‍ എന്ന നിലയില്‍ സിങ് വിക്കു കേസുകള്‍ ഏറ്റെടുക്കാം. ഉത്തരവാദിത്വപ്പെട്ട പദവിയില്‍ ഇരുന്നു കൊണ്ട് ഇതു ചെയ്യരുതെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതേസമയം സിങ് വിയെ വിമര്‍ശിച്ചു കൊണ്ടു കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.ഡി. സതീശന്‍ രംഗത്തെത്തി. അഭിഷേക് സിങ് വിയെ വക്താവു സ്ഥാനത്തു നിന്നു പുറത്താക്കണമെന്നു സതീശന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ വികാരം അറിയാത്ത ആള്‍ വക്താവായി ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

സന്ദര്‍ശനം മനുഷ്യത്വപരം


തിരുവനന്തപുരം

സിപിഎം പുറത്താക്കിയ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചതിനു ന്യായീകരണവുമായ വി.എസ്. അച്യുതാന്ദന്‍ രംഗത്ത്. സന്ദര്‍ശനം മനുഷ്യത്വപരമാണെന്നു വിഎസ് പറഞ്ഞു. മരണം, വിവാഹം, അസുഖം എന്നീ കാര്യങ്ങളില്‍ മനുഷ്യത്വപരമായ പെരുമാറ്റത്തിനു തെറ്റില്ല. പുറത്താക്കിയവരോ അല്ലാത്തവരോ എന്ന വേര്‍തിരിവില്ലാതെ സഹകരിക്കുകയാണു പാര്‍ട്ടിയുടെ പതിവ്. എന്നാല്‍ ഇക്കാര്യങ്ങള്‍ പലരും മറച്ചുവയ്ക്കുന്നു.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ മകളുടെ വിവാഹത്തില്‍ പാര്‍ട്ടി പുറത്താക്കിയ എം.വി. രാഘവനെ ക്ഷണിച്ചിരുന്നു. കൂത്തുപറമ്പില്‍ അഞ്ചുപേരെ വെടിവച്ചു കൊല്ലാന്‍ നേതൃത്വം നല്‍കിയ ആളാണ് എം.വി. രാഘവന്‍. താനും എം.എം ലോറന്‍സും എംവിആറിനൊപ്പം വിവാഹത്തില്‍ പങ്കെടുത്തു. ബിജെപി നേതാവ് സി.കെ. പത്മനാഭനും ക്ഷണമുണ്ടായിരുന്നു. അദ്ദേഹവും പങ്കെടുത്തു. പാര്‍ട്ടിയെ സംബന്ധിച്ച കാര്യങ്ങള്‍ പലരും പല തരത്തിലാണു വിലയിരുത്തിയതെന്ന് അദ്ദേഹം അറിയിച്ചു.

സ്വാശ്രയ മാനെജ്മെന്‍റുമായി ഒളിഞ്ഞും തെളിഞ്ഞും സംസ്ഥാന സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യം കടുത്ത പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓഹരി വിപണിയില്‍ വന്‍ ഇടിവ്


മുംബൈ
സെന്‍സെക്സ് അറുനൂറ് പോയിന്‍റും നിഫ്റ്റി ഇരുനൂറ് പോയിന്‍റും താഴ്ന്നു. 13 മാസത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായിരിക്കുന്നത്. സെന്‍സെക്സ് 619.49 പോയിന്‍റ് ഇടിഞ്ഞു 17,073.69 ലാണു വ്യാപാരം നടക്കുന്നത്. യുഎസ്, എഷ്യന്‍ വിപണികളിലുണ്ടായ ഇടിവാണ് ഇന്ത്യന്‍ ഓഹരി വിപണിയെയും ബാധിച്ചത്. ഡൗ ജോണ്‍സ് 500 പോയിന്‍റ് നഷ്ടത്തിലാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായതോടെ നിക്ഷേപകര്‍ പിന്‍മാറുന്നതാണു വിപണികളില്‍ ഇടിവ് ഉണ്ടാകാന്‍ കാരണം. യൂറോപ്യന്‍ രാജ്യങ്ങളിലെ കടപ്രതിസന്ധി നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്തതും തിരിച്ചടിയായി. കടം തിരിച്ചടവ് വീഴ്ച ഒഴിവാക്കാന്‍ യുഎസ് നടത്തിയ നിയമ നിര്‍മാണം രാജ്യത്തെ ആഭ്യന്തര നിക്ഷേപത്തെ ഗുരുതരമായി ബാധിക്കുമെന്ന വിലയിരുത്തലും തിരിച്ചടിയായി. യൂറോപ്യന്‍ രാജ്യങ്ങളിലെയും യുഎസിലെയും ഫാക്റ്ററി ഉത്പാദനത്തില്‍ ഉണ്ടായ കുറവും നിക്ഷേപകരെ ആശങ്കയിലാക്കി. ആഗോള വിപണികളില്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ ഇടിവ് ഉണ്ടായി. 

IT വ്യവസായം ഗ്രാമങ്ങളിലേക്കും


തിരുവനന്തപുരം


ഗ്രാമപ്രദേശങ്ങളില്‍ ഐടി അധിഷ്ഠിത തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ഐടി കരട് നയം പ്രഖ്യാപിച്ചു. പ്രധാന നഗരങ്ങള്‍ക്കു പുറത്തു മുന്‍ സര്‍ക്കാര്‍ തുടങ്ങിയ ഐടി പാര്‍ക്കുകളും ടെക്നോലോഡ്ജുകളും വിജയം കണ്ടില്ല. യാത്രാ സംവിധാനങ്ങള്‍ പോലും സൃഷ്ടിക്കാതെ തുടങ്ങിയ പദ്ധതികള്‍ സാമ്പത്തിക നഷ്ടം വരുത്തി. ഈ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണു ഗ്രാമ പ്രദേശങ്ങളില്‍ ഐടി അധിഷ്ഠിത തൊഴില്‍ സംരംഭങ്ങള്‍ക്കു പുതിയ വഴി സര്‍ക്കാര്‍ തേടുന്നത്.

സംസ്ഥാനത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളുടെ ബിപിഒ (ബിസിനസ് പ്രോസസ് ഔട്ട് സോഴ്സിങ് ) കള്‍ ഗ്രാമ പ്രദേശങ്ങളില്‍ തുടങ്ങുന്നതിനാണു പദ്ധതി. വന്‍കിട കമ്പനികളുടെ പ്രവൃത്തികള്‍ ഔട്ട് സോഴ്സ് ചെയ്താണ് ബിപിഒകള്‍ ആരംഭിക്കുന്നത്.

20 മുതല്‍ 50 പേര്‍ക്കു വരെ നേരിട്ടു തൊഴില്‍ നല്‍കാന്‍ ഇതിലൂടെ കഴിയും. ഇതിനു പുറമെ ഗ്രാമങ്ങളില്‍നിന്നു നഗരങ്ങളിലെ പാര്‍ക്കുകളില്‍ തൊഴിലെടുക്കാനെത്തുന്നവര്‍ക്കു സ്വന്തം സ്ഥലങ്ങളില്‍ തൊഴില്‍ ലഭ്യത ഉറപ്പ് വരുത്തും. ബിപിഒയ്ക്കായി പ്രധാനപ്പെട്ട ഐടി സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സഹായത്തോടെയാകും ബിപിഒകള്‍ ആരംഭിക്കുക. തുടര്‍ന്നു സ്വമേധയാ മുന്നോട്ടു വരുന്നവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സഹായങ്ങളും ഒരുക്കും. പുതുക്കിയ ഐടി നയത്തില്‍ ഇതിന് നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റിയും ബ്രോഡ്ബാന്‍ഡ് സംവിധാനങ്ങളും ഗ്രാമപ്രദേശങ്ങളില്‍ വിപുലമാക്കും. ഇ - ഗവേണ്‍സ് പദ്ധതി വൈവിധ്യവത്കരിച്ചു വിപുലപ്പെടുത്തും. കുറഞ്ഞ ചെലവില്‍ ഐടി സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും. സുതാര്യമായി നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. സേവന മേഖലയില്‍ ഐടി അധിഷ്ഠിത പദ്ധതികള്‍ സ്ഥാപിക്കും. ഐടി ഫിനിഷിങ് സ്കൂളുകളില്‍ ഏകീകൃത സിലബസ് ഏര്‍പ്പെടുത്തും. ഇ സാക്ഷരത സമ്പൂര്‍ണമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. യോഗ്യതയുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖലാ പദവി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. മുതല്‍മുടക്കിനു സബ്സിഡി നല്‍കുന്നതിനുള്ള നിര്‍ദേശങ്ങളും കരട് നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ കെട്ടിട, ഭൂമി രജിസ്ട്രേഷനുകള്‍ക്കു മറ്റും സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കും. രജിസ്ട്രേഷന്‍ ഫീസിലും ഇളവ് നല്‍കും. വൈദ്യുതി നിരക്കില്‍ സൗജന്യം നല്‍കും. സ്വകാര്യ ഐടി പാര്‍ക്കുകള്‍ക്കും സൗജന്യങ്ങള്‍ നല്‍കും. അടുത്ത വര്‍ഷങ്ങളില്‍ ഐടി രംഗത്ത് മികച്ച നിക്ഷേപങ്ങള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകും. വിദേശത്തും സ്വദേശത്തും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു കേരളം നിക്ഷേപത്തിനിണങ്ങിയ സംസ്ഥാനമാണെന്ന വസ്തുത ബോധ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നു കരട് ഐടി നയത്തില്‍ വ്യക്തമാക്കുന്നു.

സച്ചിന് റേസിങ് ടീം


മുംബൈ

ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും യുവരാജ് സിങ്ങും റേസിങ് ടീം ഫ്രാഞ്ചൈസി സ്വന്തമാക്കും. അഞ്ചു മില്യണ്‍ ഡോളര്‍ വീതം മുടക്കിയാണ് ഇരുവരും ഫ്രാഞ്ചൈസി സ്വന്തമാക്കുന്നത്. ഡിസംബര്‍ 18നു നടക്കുന്ന ഐ 1 സൂപ്പര്‍ സീരിസില്‍ ഇരുവരുടെയും ടീമുകള്‍ മത്സരിക്കും. ടീം ഉടമകളെ വരുന്ന ആഴ്ച പ്രഖ്യാപിക്കും. ലേലത്തിലൂടെയല്ല ടീമിനെ സ്വന്തമാക്കുകയെന്നു പ്രൊമോട്ടര്‍ അറിയിച്ചു.

രണ്ടു കാറുകള്‍ വീതമുള്ള ഒന്‍പതു ടീമുകളാണുള്ളത്. ഏഴ് ആഴ്ചയ്ക്കിടെ 14 മത്സരങ്ങള്‍ നടക്കും. ഏഴ് ഏഷ്യന്‍ സിറ്റികളിലാകും മത്സരം. ചെന്നൈ (ഇന്ത്യ), അബുദാബി, ദോഹ, ദുബായി (അറേബ്യന്‍ മേഖല), ക്വാലലംപുര്‍ (മലേഷ്യ), പാട്യ (തായ് ലന്‍ഡ്) എന്നിവടങ്ങളിലാണു മത്സരം.

ക്രിക്കറ്റ്, ബോളിവുഡ് താരങ്ങള്‍, വന്‍കിട വ്യവസായികള്‍ എന്നിവര്‍ക്കു റേസിങ് ടീം സ്വന്തമാക്കാന്‍ താത്പര്യമുണ്ടെന്നു മച്ച്ദാര്‍ മോട്ടോര്‍സ്പോര്‍ട്സ് സിഇഒ എം. ദര്‍ശന്‍ പറഞ്ഞു. ഇന്ത്യന്‍ നഗരങ്ങള്‍ ആസ്ഥാനമാക്കിയുള്ള ഒന്‍പതു ടീമുകളുടെ ഫ്രാഞ്ചൈസി സ്വന്തമാക്കാനാണ് ഇവര്‍ക്കു താത്പര്യമെന്ന് അദ്ദേഹം അറിയിച്ചു.

ഫോര്‍മുല വണ്‍ റേസിങ്ങിന്‍റെ ആരാധകനും ഫെരാരി കാര്‍ ഉടമയുമാണു സച്ചിന്‍.

വക്താവും അഭിഭാഷകനും രണ്ട്


ന്യൂഡല്‍ഹി
പാര്‍ട്ടി വക്താവും അഭിഭാഷകനും രണ്ടാണെന്നു പി.സി. ചാക്കോ എംപി. വക്താവായി പറയുന്ന കാര്യത്തിനു മാത്രമെ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുള്ളൂ. അഭിഭാഷകനായി പറയുന്ന കാര്യം നേരിട്ടു ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ കമ്പനിക്കു വേണ്ടി മനു അഭിഷേക് സിങ് വി ഹാജരായതിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ചാക്കോയുടെ മറുപടി.

ഇളവുകളെല്ലാം അതിസമ്പന്നര്‍ക്ക്


ഇതു സബ്സിഡി വിരോധത്തിന്‍റെ കാലഘട്ടം. ജനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഇളവുകള്‍ ഒഴിവാക്കുന്നതു പരിഷ്കാര കേമത്തമായി വാഴ്ത്തുന്നവരുടെ ലോകം. ഇന്ധന, ഭക്ഷ്യ, വളം സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നും അങ്ങനെ ധനക്കമ്മി കുറയ്ക്കണമെന്നും സര്‍ക്കാരിനെ ഉപദേശിക്കുന്നവര്‍ക്കു പഞ്ഞമില്ല. ഇവയ്ക്കൊക്കെ ഒറ്റയടിക്ക് എടുത്താല്‍ പൊങ്ങാത്ത വിലയായാല്‍ അധികാരത്തിനു പുറത്താവുമെന്ന ഭീതി കേന്ദ്രം ഭരിക്കുന്നവര്‍ക്ക് ഇല്ലായിരുന്നെങ്കില്‍ എന്നേ നടപ്പായേനേ സബ്സിഡിരഹിത ഇന്ത്യ.

ആറു ലക്ഷത്തിലധികം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സബ്സിഡി നിരക്കില്‍ പാചകവാതകം നല്‍കരുതെന്നാണ് പാര്‍ലമെന്‍ററി പാനലിന്‍റെ ശുപാര്‍ശ. സബ്സിഡി നിരക്കില്‍ 395 രൂപ വിലയുള്ള എല്‍പിജി സിലിണ്ടര്‍ 642 രൂപ നല്‍കി ആറുലക്ഷക്കാര്‍ വാങ്ങട്ടെ. ഓരോ വീടിനും സബ്സിഡി നിരക്കില്‍ വര്‍ഷം നാലു സിലിണ്ടര്‍ നല്‍കിയാല്‍ മതി എന്നു നേരത്തേ നിര്‍ദേശം ഉയര്‍ന്നിരുന്നു. ആദായ നികുതി അടയ്ക്കുന്നവര്‍ക്കു സബ്സിഡി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും പറഞ്ഞു കേട്ടിരുന്നു. ഏതു തലത്തിലൊക്കെയാണ് എല്‍പിജി സബ്സിഡി ഇല്ലാതാവുകയെന്ന് കണ്ടറിയേണ്ട അവസ്ഥ.

അതിനൊപ്പം ഇതാ പുതിയൊരു നിര്‍ദേശം കൂടി വെളിപ്പെടുത്തിയിരിക്കുന്നു സര്‍ക്കാര്‍. സ്വകാര്യ കാര്‍ ഉടമകള്‍ക്കു ഡീസല്‍ സബ്സിഡി ഒഴിവാക്കിയേക്കുമത്രേ. ഒരു ലിറ്റര്‍ ഡീസലിന് 6.08 രൂപ സബ്സിഡി നല്‍കുന്നുണ്ട് സര്‍ക്കാര്‍. രാജ്യത്തെ ഡീസല്‍ ഉപയോഗത്തിന്‍റെ 15 ശതമാനത്തോളവും സ്വകാര്യ ഡീസല്‍ കാറുകളുടേത്. സര്‍ക്കാര്‍ മോഹം നടപ്പായാല്‍ വന്‍ ഭാരമാണു പൊതു ഖജനാവിനൊഴിയുക. ആറു ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവരെപ്പോലെ സമ്പന്നരാണ് ഡീസല്‍ കാര്‍ ഉള്ളവരും എന്നാവുമല്ലോ സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍.

ആറു ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള കുടുബം ഇന്നു സമ്പന്നരുടെ ഗണത്തില്‍ വരുമോ? അതില്ലാത്ത ജനങ്ങള്‍ കോടിക്കണക്കിനുണ്ടെന്നും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അവര്‍ പെടാപ്പാടു പെടുന്നു എന്നുമുള്ള വസ്തുത വിസ്മരിക്കാതെ തന്നെ പരിശോധിക്കേണ്ടതാണ്. പ്രതിമാസം അമ്പതിനായിരം രൂപ വരുമാനമുള്ള വന്‍ നഗരങ്ങളിലെ കുടുംബങ്ങള്‍ക്ക് എന്തുണ്ടാവും ഇന്നത്തെ ജീവിതനിലവാരം വച്ച് മെച്ചം വയ്ക്കാന്‍? ഉപ്പുതൊട്ടു കര്‍പ്പൂരം വരെ കഴുത്തറപ്പന്‍ വില നല്‍കി വാങ്ങേണ്ടവര്‍, വീട്ടുവാടകയ്ക്കും വാഹന ഇന്ധനത്തിനും ആരോഗ്യ പരിപാലനത്തിനും ഓരോ മാസവും നല്ലൊരു തുക നീക്കിവയ്ക്കേണ്ടവര്‍, പലിശയേറിയേറി ബാങ്കുകളുടെ പ്രതിമാസത്തവണകള്‍ കുന്നുപോലെ വളരുന്നവര്‍...ഇത്തരം ഇടത്തരക്കാരെയാണോ ടാറ്റയ്ക്കും ബിര്‍ളയ്ക്കും അംബാനിമാര്‍ക്കുമെല്ലാമൊപ്പം സര്‍ക്കാര്‍ ലിസ്റ്റിടുന്നത്...!

അതിവേഗം തഴച്ചുവളരുകയാണ് ഇന്ത്യന്‍ വാഹന വിപണി. ഒരു കാര്‍ കണ്ടാല്‍ ചുറ്റും കുട്ടികള്‍ ഓടിക്കൂടുന്ന കാലമൊക്കെ എന്നേ പോയ്മറഞ്ഞു. ഏത് ഇടത്തരക്കാരനും പ്രാപ്യമാണിന്നു കാറുകള്‍, പുതിയതല്ലെങ്കില്‍ യൂസ്ഡ്. യുസ്ഡ് കാര്‍ വിപണിയില്‍ കടുത്ത മത്സരം തന്നെയുണ്ടിന്ന്. യാത്രാപ്രശ്നങ്ങളില്‍ നിത്യവും നട്ടം തിരിയുന്നവന്‍ അങ്ങനെയൊരു കാര്‍ വല്ല വിധേനെയും തരപ്പെടുത്തിയാല്‍ അവന്‍ സമ്പന്നനായോ? അവനുള്ള ഡീസലിന് അധികവില നല്‍കണമെന്നു പറയുന്നതില്‍ എന്തു ന്യായം? ആധുനിക നഗരങ്ങളിലെ സാധാരണക്കാരനും ഇടത്തരക്കാരനും എവിടെ, എങ്ങനെ എന്നു കാണാത്തവരും അറിയാത്തവരുമാണോ പട്ടികകള്‍ തയാറാക്കുന്നത്.

ഇനി ഇവരൊക്കെ അതിസമ്പന്നര്‍ എന്നു തന്നെ കരുതുക. അത്യാഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ എന്നും നിര്‍വചിക്കുക. അങ്ങനെയായാലും ഈ വേര്‍തിരിവിനു പ്രസക്തിയുണ്ടോ. ആറു ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ വര്‍ഷം നാല്‍പ്പതിനായിരം രൂപയിലേറെ ആദായ നികുതി നല്‍കുന്നു. ഒരു ലക്ഷം രൂപയുടെ നികുതിയിളവ് നിക്ഷേപങ്ങളും മറ്റ് നികുതി ആനുകൂല്യങ്ങളും ഉപയോഗിച്ചാലും ആയിരക്കണക്കിനു രൂപ സര്‍ക്കാര്‍ ഖജനാവിനു നല്‍കുന്നുണ്ട് അവര്‍. വരുമാനം കൂടുന്നതിനനുസരിച്ച് നികുതിയും കൂടുന്നു. വാഹനങ്ങള്‍ വാങ്ങുമ്പോഴും അത് ഓടിക്കുമ്പോഴുമെല്ലാം നല്‍കുന്നുണ്ട് നികുതി. അതിനു ശേഷവും ഈ വേര്‍തിരിവ് വേണോ. നികുതിദായകനായത് സര്‍ക്കാര്‍ പരിഗണന ലഭിക്കാതിരിക്കാനുള്ള മാനദണ്ഡമാവുന്നത് അനീതിയല്ലേ.

സ്വകാര്യ കാറുകള്‍ക്ക് ഒരു വിലയും മറ്റു വാഹനങ്ങള്‍ക്കു മറ്റൊരു വിലയും എന്ന നയം പെട്രോള്‍ പമ്പുകളില്‍ എങ്ങനെ പ്രായോഗികമായി നടപ്പാക്കും എന്നതും ആലോചിക്കേണ്ട വിഷയം. കരിഞ്ചന്ത വര്‍ധിപ്പിക്കാനും ഉതകും ഇങ്ങനെയൊരു തീരുമാനം നടപ്പായാല്‍. പെട്രോള്‍ വില നിയന്ത്രണം ഉപേക്ഷിച്ച ശേഷം ഡീസല്‍ കാറുകള്‍ക്കു ഡിമാന്‍ഡ് കൂടുന്നു എന്നതു ശരി. മൊത്തം കാര്‍ വില്‍പ്പനയില്‍ മുപ്പതു ശതമാനത്തോളം ഡീസല്‍ കാറുകളായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതെങ്കിലും തരത്തില്‍ ലാഭം നോക്കുന്നവരെ വിടാതെ പിടികൂടുകയാണു ലക്ഷ്യമെന്നു വരുന്നതു ഭൂഷണമല്ല ഒരു സര്‍ക്കാരിനും.

ജനങ്ങളുടെ സബ്സിഡിക്കു പിന്നാലെ പോകാതെ വന്‍ കോര്‍പ്പറേറ്റുകള്‍ക്കു നല്‍കുന്ന ഇളവുകള്‍ വെട്ടിക്കുറയ്ക്കട്ടെ. പ്രമുഖ ഐടി കമ്പനികള്‍ക്കു തന്നെ ബഹുകോടിക്കണക്കിനു രൂപയുടെ ഇളവുകള്‍ നല്‍കുന്നുണ്ട് സര്‍ക്കാര്‍. പൊതുഖജനാവിനു ലഭിക്കേണ്ട സഹസ്ര കോടികള്‍ ഉന്നതതലങ്ങളില്‍ അറിഞ്ഞ് നല്‍കാതിരിക്കുന്നുണ്ട് വന്‍കിട കോര്‍പ്പറേറ്റുകള്‍. റിലയന്‍സിന് ഇളവു നല്‍കിയെന്ന കുറ്റത്തിനാണ് മുരളി ദേവ്റ കേന്ദ്ര മന്ത്രിസഭയില്‍നിന്നു പുറത്താക്കപ്പെട്ടത്. അതേ “സേവന’ത്തിനു പാരിതോഷികമാണ് ദേവ്റയുടെ മകനു സിദ്ധിച്ച കേന്ദ്ര മന്ത്രിസഭാ പ്രവേശം. വമ്പന്‍മാര്‍ക്കുള്ള ഇളവുകള്‍ക്ക് യാതൊരു നിയന്ത്രണവും കൊണ്ടുവരാന്‍ താത്പര്യമോ മനക്കരുത്തോ കാണിക്കുന്നില്ല. ജനങ്ങളുടെ ചുമലില്‍ ഭാരം കയറ്റുന്നതാണ് എളുപ്പം.

പെട്രോളിന്‍റേതു പോലെ ഡീസല്‍, എല്‍പിജി വില നിയന്ത്രണവും ഉപേക്ഷിക്കാന്‍ എണ്ണക്കമ്പനികള്‍ സര്‍ക്കാരില്‍ തുടരെ സമ്മര്‍ദം ചെലുത്തുന്നുണ്ട്. വൈകാതെ ആ ലക്ഷ്യത്തിലേക്ക് എത്താമെന്ന പ്രതീക്ഷയും കാണും കമ്പനികള്‍ക്ക്. അതോടെ ആഗോള വിപണി വിലയ്ക്ക് അനുസൃതമായി ഇവിടെയും വില നിശ്ചയിക്കപ്പെടും. ഇപ്പോള്‍ പെട്രോളിനു കാണുന്നതുപോലെ ഇടക്കിടെ വില വര്‍ധിച്ചുകൊണ്ടിരിക്കും. അതുവരെയേയുള്ളൂ ഇന്ധനക്കാര്യത്തില്‍ സമ്പന്നരും പാവങ്ങളുമെന്ന തരംതിരിവു പോലും. ഇളവുകളില്ലാത്ത ലോകത്തേക്ക് മുണ്ടുമുറുക്കിയുടുത്തു നടന്നുകയറുക തന്നെ.