Sunday, 17 July 2011

കലിയാ...കലിയാ...കൂ ....


ഇടവപ്പാതിയും മിഥുനവും പിന്നിട്ട് മഴ തിമിര്‍ത്ത് പെയ്യുകയാണ്. ഇന്ന് കര്‍ക്കിടകം ഒന്ന്. കര്‍ക്കിടകമാസം ദുര്‍ഘടമാണ്. അതുകൊണ്ടുതന്നെ പഴമക്കാര്‍ കര്‍ക്കിടകത്തെ കള്ളക്കര്‍ക്കിടകമെന്നു വിളിച്ചു. സംക്രമ ദിനമായ ഇന്നലെ മലബാറില്‍ കലിയനെ വരവേല്‍ക്കലായിരുന്നു. കലിയനെ വിളിക്കല്‍ മലബാറില്‍ കാണുന്ന കൗതുകകരമായ ഒരു ആചാരമാണ്. ആണ്‍കുട്ടികള്‍ക്കാണ് കലിയനെ വിളിക്കാനുള്ള അവകാശം. കര്‍ക്കിടക തലേന്ന് സന്ധ്യാനേരത്ത് നിലവിളക്കും പാത്രത്തില്‍ വെള്ളവുമായി, കത്തിച്ച ചൂട്ടും വീശി മൂന്നു പ്രാവശ്യം വീടു ചുറ്റണം. “”കലിയാ കലിയാ കൂ.. കലിയാ കലിയാ കൂ... .. ചക്കയും മാങ്ങയും തേങ്ങയും കൊണ്ടുവാ .. കലിയാ കലിയാ കൂ.. ‘’എന്നിങ്ങനെ കലിയന്‍ വിളികളും വീടു ചുറ്റലുകളും. കര്‍ക്കിടകത്തലേന്ന് അങ്ങനെ ശബ്ദ മുഖരിതമാകുന്നു. കോരിച്ചൊരിയുന്ന മഴയുടെയും ചീവീടിന്‍റേയും ശബ്ദത്തെ തോല്‍പ്പിച്ച് ഉയര്‍ന്നു വരുന്ന കലിയന്‍ വിളികള്‍..... കുട്ടികള്‍ക്കെല്ലാം ഉത്സാ ഹത്തിമിര്‍പ്പായിരിക്കും. അടയും മറ്റു വിഭവങ്ങളും തിന്നാനുള്ള കൊതിയും.

കലിയന്‍ വിളികള്‍ക്കു ശേഷം കലിയനു വെപ്പാണ്. ചക്ക, മാങ്ങ, തേങ്ങ, അട, കറുപ്പും, മഞ്ഞയും വെള്ളയും നിറങ്ങളിലുളള ചോറുരുളകള്‍, ചക്കപ്പുഴുക്ക് എന്നിവയാണ് കലിയനായി വിളമ്പുക. ഏണി, കോണി എന്നിവയും ഒപ്പം വാഴയിലയില്‍ വയ്ക്കും. പറമ്പിലെ തെക്കുഭാഗ ത്തുള്ള പ്ലാവിന്‍ ചുവട്ടിലാണ് കലിയന് വിരുന്നു വയ്ക്കുന്നത്. കോരിച്ചൊരിയുന്ന മഴയില്‍ പ്ലാവിന്‍റെ ഓരത്ത് വിഭവങ്ങള്‍ വച്ച് ഒരിക്കല്‍ക്കൂടി കലിയനെ കൂകി വിളിച്ച് തിരിച്ചു പോരും.

കലിയനെ വരവേല്‍ക്കുന്നതോടൊപ്പം പൊട്ടിയെ അകറ്റുന്ന ചടങ്ങുമുണ്ട്. ചേട്ട ഭഗവതിയാണ് പൊട്ടി പൊട്ടിയെ തെളിച്ച് ശ്രീഭഗവതിയെ വീട്ടില്‍ കുടിയിരുത്തലാണ് ഈ ചടങ്ങ്. “”പൊട്ടിയും മക്കളും പോ.. പോ... ശ്രീപോതിയും (ഭഗവതി) മക്കളും വാ.. വാ.. എന്നുവിളിച്ചു വീടും പറമ്പും ചുറ്റും. പൊട്ടിയ കലവും കുറ്റിച്ചൂലുമൊക്കെയായി ചേട്ടയെ അകറ്റി പറമ്പിലെ കുറ്റിക്കാടുകളില്‍ നിക്ഷേപി ക്കും. തുടര്‍ന്ന് വീടും പരിസരവുമെല്ലാം അടിച്ചു തളിച്ചു ശുദ്ധമാക്കും. കര്‍ക്കിടകം ഒന്നു മുതല്‍ ശ്രീഭഗവതിക്കായി പൂമുഖത്ത് നിലവിളക്കും ഭസ്മം കൊണ്ടു വരച്ച പാത്രത്തില്‍ തുളസിക്കതിരും തുമ്പയുമിട്ട് വെള്ളവും വെയ്ക്കും. കര്‍ക്കിടകം മൂന്നു വരെ ഇതു തുടരും. ഇതോടെ ദേവിയുടെ കൃപ യാല്‍ ഐശ്വര്യം വീട്ടില്‍ ഉണ്ടാകുമെന്നാണു സങ്കല്‍പ്പം.

ഉത്തര മലബാറില്‍ കലിയനെ വരവേല്‍ക്കലും പൊട്ടിയെ തെളിക്കലുമെല്ലാം പരക്കെ കാണാമായിരുന്നു. എന്നാല്‍ ഇന്ന് ഇത് ഒറ്റപ്പെട്ട കാഴ്ച. കലിയനും ശ്രീഭഗവതിയും എന്താണെന്നും പൊട്ടിയേതാണെന്നുമൊക്കെ പുതിയ തലമുറയില്‍ പലര്‍ക്കുമറിയില്ല. കോഴിക്കോട് ജില്ലയി ലെ കൊയിലാണ്ടിയില്‍ ഇപ്പോഴും കലിയനെ സ്നേഹിക്കുന്ന ഒരുപാടു കുടുംബങ്ങളുണ്ട്. ഗോത്രകാലം മുതലുള്ള ആചാരമാണ് കലിയനെ തെളിക്കല്‍. കൃഷിയെ ആശ്രയി ച്ചു ജീവിച്ചിരുന്ന പഴയകാലം. ആ കാര്‍ഷിക സമൂഹത്തിന്‍റെ ആചാരങ്ങളാ ണ് ഇവ. ശൈവ സങ്കല്‍പ്പവുമായി ബന്ധപ്പെട്ടു കിടക്കുന്നു ഇത്. വിഗ്രഹാരാധനയും അമ്പലങ്ങളും വ്യാപകമാവുന്നതിനു മുമ്പ് ശൈവ സങ്കല്‍പ്പത്തിലുള്ള ഇത്തരം ആചാരങ്ങള്‍ കാര്‍ഷിക സമൂഹത്തില്‍ വ്യാപകമായിരുന്നു. കലിയന്‍ പരമശിവനും കലിച്ചി ശ്രീ ഭഗവതിയുമായിട്ടാണ് സങ്കല്‍പ്പിച്ചിരുന്നത്. കര്‍ക്കിടകത്തിലെ ദുര്‍ഘടം മാറ്റാനും കൃഷിയെ സംരക്ഷിച്ചു നിര്‍ത്തി കൂടുതല്‍ വിളവു ലഭ്യമാക്കാനുമാണ് കലിയനെ വിളിക്കുന്നത്. കലിയന്‍റേ യും കൂട്ടാളികളുടേയും വേഷം കെട്ടി നാടു ചുറ്റുന്ന ആചാരവുമുണ്ട്.

കര്‍ക്കിടകം കഴിഞ്ഞു ചിണുങ്ങിയുള്ള മഴയുമായി ചിങ്ങമെത്തുന്നതോടെ വിളവെടുപ്പുല്‍സവമായി. കലിയന്‍റെ കനിവില്‍ പത്തായം നിറയുമെന്നായിരുന്നു സങ്കല്‍പ്പം. കാലം മാറി. കഥയും മാറി. ഒപ്പം കലിയന്‍ വിളികളും കാണാമറയത്തേക്കു പേകുകയാണ്.

No comments:

Post a Comment