Sunday, 17 July 2011

വിഴിഞ്ഞം പദ്ധതി ഫ്രീസറിലേക്കോ


കേരളത്തിന്‍റെ അഭിമാന പദ്ധതിയാണു വിഴിഞ്ഞം തുറമുഖം. കേന്ദ്രം ഭരിക്കുന്ന കക്ഷിയും കേരളം ഭരിച്ച കക്ഷിയും രണ്ടായതിന്‍റെ പ്രശ്നങ്ങളായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷവും അനുഭവിച്ചത്. എന്നാലിപ്പോള്‍ കേരളത്തിലും കേന്ദ്രത്തിലും ഭരണം നിയന്ത്രിക്കുന്നതു കോണ്‍ഗ്രസായതോടെ വിഴിഞ്ഞം പദ്ധതിക്കു ജീവന്‍ വച്ചതായി കേരളം പ്രതീക്ഷിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിഴിഞ്ഞം സ്വപ്നപദ്ധതിയെന്നു പ്രഖ്യാപിക്കുകയും ചെയ്തു. പാരിസ്ഥിതികാനുമതിയ്ക്കു കേരളം ഡല്‍ഹിയിലേക്കു പോകുന്ന പതിവിനു വിരുദ്ധമായി കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് തലസ്ഥാനത്തെത്തി. പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. പാരിസ്ഥിതികാനുമതിയ്ക്കു വേണ്ടതെല്ലാം ചെയ്യാമന്ന ഉറപ്പു ലഭിക്കുകയും ചെയ്തു.

മന്ത്രിസഭാ പുനഃസംഘടനയില്‍ ജയറാം രമേശ് മാറിയെങ്കിലും പകരം വന്നതു ജയന്തി നടരാജന്‍. കേരളത്തിലെ സംഘടനാകാര്യങ്ങളില്‍ പലതവണ വാര്‍ത്തകളില്‍ നിറഞ്ഞ പേര്. കോണ്‍ഗ്രസിലെ വിശ്വസ്ത. ജയറാം രമേശിന്‍റെ പ്രഖ്യാപനങ്ങള്‍ തള്ളാന്‍ സാധ്യതയില്ലാത്തവര്‍. പദ്ധതി സംബന്ധിച്ച ഷെഡ്യൂള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടതു കഴിഞ്ഞ ദിവസമാണ്. നിയമസഭയില്‍ തന്നെ പ്രഖ്യാപനം. പ്രവര്‍ത്തനം അടുത്ത മണ്‍സൂണില്‍ ആരംഭിക്കുമെന്നായിരുന്നു മന്ത്രി കെ. ബാബുവിന്‍റെ പ്രഖ്യാപനം. ഇന്നത്തെ നിലയില്‍ പ്രവര്‍ത്തനം മുന്നോട്ടു പോകുകയാണെങ്കില്‍ വിഴിഞ്ഞം തുറമുഖം 2015ല്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും മന്ത്രിക്കു പ്രതീക്ഷ. മന്ത്രിയുടെ പ്രതീക്ഷ ഇങ്ങനെ- പദ്ധതി നിര്‍വഹണത്തിനുള്ള കര്‍മ പദ്ധതി തയാറായി. പദ്ധതി പ്രദേശത്തെ സ്ഥലം ഏറ്റെടുക്കല്‍ 2012 മാര്‍ച്ചിനു മുന്‍പു പൂര്‍ത്തിയാക്കും. റെയ്ല്‍വേയുടെ സ്ഥലമേറ്റെടുക്കല്‍ അടുത്തവര്‍ഷം ജൂലൈയ്ക്കു മുന്‍പു പൂര്‍ത്തിയാക്കും. പരിസ്ഥിതി ആഘാതപഠനം അടുത്ത വര്‍ഷം മാര്‍ച്ചിലും പദ്ധതിയുടെ പൂര്‍ണ രൂപരേഖ വരുന്ന ഒക്റ്റോബറിലും പൂര്‍ത്തിയാവും. ഇപിസി ടെന്‍ഡറിന്‍റെ ടെന്‍ഡര്‍ ഡോക്യുമെന്‍റ് പൂര്‍ത്തിയാക്കല്‍ ഈ നവംബറിലും കോണ്‍ട്രാക്റ്ററെ തെരഞ്ഞെടുക്കല്‍ അടുത്ത വര്‍ഷം ഏപ്രിലിലും പൂര്‍ത്തിയാക്കും. പദ്ധതിക്ക് ആവശ്യമായ വൈദ്യുതി, ശുദ്ധജലം തുടങ്ങിയ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ അടുത്ത ജൂണിലും വായ്പയിലൂടെയുള്ള സാമ്പത്തിക സമാഹരണവും ബാങ്ക് വായ്പയും ജൂലൈയിലും ലഭ്യമാക്കും. ധന സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ ജനുവരിയിലും കടപത്രം വഴിയുള്ള ധന സമാഹരണം വരുന്ന ഡിസംബറിലും പൂര്‍ത്തിയാക്കാനാണു ലക്ഷ്യം. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി നിര്‍വഹിക്കാനാണു സര്‍ക്കാരിന്‍റെ ശ്രമം. പൊതുജനങ്ങള്‍ക്കു കാര്യങ്ങള്‍ ബോധ്യമാകുന്നതിനു നവീകരിച്ച വെബ്സൈറ്റ് ഉടന്‍ ആരംഭിക്കും. എല്ലാ പഠന റിപ്പോര്‍ട്ടും സ്ഥല വിവര കണക്കുകളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പ്രൊജക്റ്റ് സമയ ബന്ധിതമായി നടപ്പാക്കുന്നതിന് ഒരു പ്രൊഫഷണല്‍ ടീമിനെ വിസിലില്‍ കൊണ്ടുവരും.

പ്രവര്‍ത്തനങ്ങള്‍ ഇത്രവേഗം പുരോഗമിക്കുമെന്നു കരുതുമ്പോഴാണു കഴിഞ്ഞ ദിവസം സര്‍ക്കാരിന്‍റെ തീരുമാനം പുറത്തുവരുന്നത്. പദ്ധതിയുടെ ഓപ്പറേറ്ററെ കണ്ടെത്താനുള്ള ഓപ്പറേറ്റര്‍ ടെന്‍ഡറില്‍ റിക്വസ്റ്റ് ഫൊര്‍ പ്രൊപ്പോസല്‍ (ആര്‍എഫ്പി) സമര്‍പ്പിക്കാനുള്ള തീയതി ഓഗസ്റ്റ് 17ലേക്കു നീട്ടി. ഇതു നാലാം വട്ടമാണ് ടെന്‍ഡര്‍ നടപടി നീട്ടുന്നത്. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയ്ക്കു പദ്ധതിയില്‍ താത്പര്യമുണ്ടെന്നും അവര്‍ക്കുകൂടി ടെന്‍ഡറില്‍ പങ്കെടുക്കാനാണ് അധിക സമയം അനുവദിക്കുന്നതെന്നുമാണു സര്‍ക്കാര്‍ വിശദീകരണം. കാരണം ന്യായം. ഷിപ്പിങ് മേഖലയിലെ ചരക്കുനീക്കത്തിന്‍റെ 75%വും കൈകാര്യം ചെയ്യുന്നതു ഷിപ്പിങ് കോര്‍പ്പറേഷനാണ്. വിഴിഞ്ഞത്തിന്‍റെ നടത്തിപ്പ് അവരുടെ കൈകളിലെത്തിച്ചാല്‍ വിഴിഞ്ഞം തുറമുഖം അവരുടെ മദര്‍ പോര്‍ട്ടായി മാറാനും സാധ്യതയുണ്ട്. ദുബായ്, കൊളംബോ, സിങ്കപ്പൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ചരക്കുനീക്കത്തിന്‍റെ കേന്ദ്രം വിഴിഞ്ഞമാകുമെന്നും പ്രതീക്ഷിക്കാം. രാജ്യാന്തര കപ്പല്‍ ചാലിനോട് അടുത്തുകിടക്കുന്ന തുറമുഖമെന്ന ആനുകൂല്യവും വിഴിഞ്ഞത്തിന്‍റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ പിന്നെന്താണു പ്രശ്നമെന്ന ചോദ്യം പ്രസക്തം. ഓപ്പറേറ്ററെ തെരഞ്ഞെടുക്കുന്ന ടെന്‍ഡറാണിപ്പോള്‍ നീട്ടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 25നാണ് ഓപ്പറേറ്റര്‍ ടെന്‍ഡറിന്‍റെ നടപടിക്രമങ്ങള്‍ തുടങ്ങിയത്. 19 കമ്പനികള്‍ വിഴിഞ്ഞം ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനു രണ്ടു ലക്ഷം രൂപ വീതം നല്‍കി റിക്വസ്റ്റ് ഫൊര്‍ ക്വാളിഫിക്കേഷന്‍ ( ആര്‍എഫ്ക്യു) അപേക്ഷ വാങ്ങി. 14 കമ്പനികള്‍ ആര്‍എഫ്ക്യു സമര്‍പ്പിച്ചു. ഇതില്‍ 12 കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ,സ്കില്‍ ആന്‍ഡ് എച്ച്സിസിഎല്‍ കണ്‍സോര്‍ഷ്യം, ജിഎംആര്‍, ജിവികെ, റിലയന്‍സ്, മുന്‍ദ്ര പോര്‍ട്ട്, എസാര്‍, ഗ്ലോബല്‍ യത്രിം ആന്‍ഡ് എസ്ടിഎഫ്എ കണ്‍സോര്‍ഷ്യം, ജയ് പ്രകാശ് അസോസിയേറ്റ്സ്, പട്ടേല്‍ എന്‍ജിനീയേഴ്സ് ആന്‍ഡ് ലിമാര്‍ക്ക് കണ്‍സോര്‍ഷ്യം, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, വെല്‍സ്പന്‍ ഇന്‍ഫ്രസ്ട്രക്ചര്‍ ആന്‍ഡ് ലെയ്ട്ടന്‍ കോണ്‍ട്രാക്റ്റേഴ്സ് കണ്‍സോര്‍ഷ്യം, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ എന്നീ കമ്പനികളാണു ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. ഏപ്രില്‍ 17നകം ആര്‍എഫ്പി സമര്‍പ്പിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ നിബന്ധന. ടെന്‍ഡര്‍ രേഖ സമര്‍പ്പണ തീയതി മേയ് 17ലേക്ക് നീട്ടി. തുടര്‍ന്ന് അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജൂണ്‍ 17ലേക്കും പിന്നീടു ജൂലൈ 15ലേക്കും നീട്ടി. ഈ ഡെഡ് ലൈനാണ് ഓഗസ്റ്റ് 17ലേക്കു നീട്ടിയത്. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ആവശ്യപ്രകാരമാണു ലേലരേഖ സമര്‍പ്പണ തീയതി നീട്ടിയതെന്നായിരുന്നു നാലു വട്ടവവും തുറമുഖ കമ്പനി അറിയിച്ചത്. നടത്തിപ്പുകാരനെ കണ്ടെത്തുന്നത് ഇക്കൊല്ലം തീരുമാനമായാലേ സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം കാര്യങ്ങള്‍ മുന്നോട്ടു പോകൂ. നടത്തിപ്പുകാരനെ തെരഞ്ഞെടുത്ത ശേഷം വേണം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു ടെന്‍ഡര്‍ നല്‍കാന്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെങ്കില്‍ പദ്ധതിയുടെ അന്തിമ രൂപരേഖ വേണം. നടത്തിപ്പുകാരനും സംസ്ഥാന സര്‍ക്കാരുംകൂടി തീരുമാനിച്ചശേഷം മാത്രമേ പദ്ധതിയുടെ അന്തിമ രൂപരേഖ തയാറാവുകയുള്ളൂ. അതിനിടയില്‍ പാരിസ്ഥിതിക അനുമതി തേടുകയും വേണം. ഓപ്പറേറ്റര്‍ ടെന്‍ഡറിനുള്ള കാലതാമസം മറ്റെല്ലാ പ്രവൃത്തികളെയും വൈകിപ്പിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തു പദ്ധതി തീരില്ല. സമയ കലണ്ടര്‍ പാഴ്വാക്കാവും. ഈ സമയത്തു മറ്റു സംസ്ഥാനങ്ങളോ കൊളംബോ ഉള്‍പ്പടെയുള്ള തുറമുഖങ്ങളോ കൂടുതല്‍ മെച്ചപ്പെട്ട തുറമുഖ സംവിധാനങ്ങള്‍ സജ്ജമാക്കിയാല്‍ വിഴിഞ്ഞത്തിന് അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെന്നും വരാം.

കേരളത്തിന്‍റെ മറ്റു സ്വപ്ന പദ്ധതികള്‍ക്കു സംഭവിക്കുന്ന ദുര്യോഗം വിഴിഞ്ഞത്തിനുമുണ്ടാകുമോ എന്ന സന്ദേഹമാണിപ്പോള്‍ ഉയരുന്നത്. സ്മാര്‍ട്ട്സിറ്റി ഉദാഹരണമായി നമുക്കു മുന്‍പിലുണ്ട്. അതില്‍ നിന്നു പാഠം പഠിക്കാന്‍ തയാറായില്ലെങ്കില്‍ വിഴിഞ്ഞം പദ്ധതി ഫ്രീസറിലേക്കു മാറും. പിപിപി മാതൃകയില്‍ വികസിപ്പിക്കാനുദ്ദേശിക്കന്ന വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാരിന്‍റെ പങ്കാളിത്തം ലാന്‍ഡ് ലോഡ് മാതൃകയിലാണ്. നിര്‍മിച്ചു നടത്തിപ്പുകാരനെ ഏല്‍പ്പിക്കുമെങ്കിലും ഭൂവുടമ സര്‍ക്കാര്‍. ഒന്നാം ഘട്ട പരിഷ്കരിച്ച നിര്‍മാണത്തിനു മാത്രം മതിപ്പു ചെലവ് 4040 കോടി രൂപ. പദ്ധതി വൈകുന്തോറും നിര്‍മാണചെലവ് ഉയരും. റോഡ്, റെയ്ല്‍, കണക്റ്റിവിറ്റി, കണ്ടെയ്നര്‍ ടെര്‍മിനല്‍, ബാക്ക് അപ്, ട്രക് ടെര്‍മിനല്‍, വെയര്‍ ഹൗസ്, പുനരധിവാസം എന്നിവയ്ക്കു 120 ഹെക്റ്റര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 41 ഹെക്റ്റര്‍ ഭൂമി ഇതുവരെ ഏറ്റെടുത്തു. 86 ഹെക്റ്റര്‍ ഭൂമി ഏറ്റെടുക്കാനുള്ള ഡിഎല്‍പിസി കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഉണ്ടാകാനിടയുള്ള കോടതി കേസുകളും കാലതാമസം ഉണ്ടാക്കും. അതെല്ലാം മുന്‍കൂട്ടികണ്ടാണു സര്‍ക്കാര്‍ പദ്ധതി ഷെഡ്യൂള്‍ തയാറാക്കിയത്. അതു സര്‍ക്കാര്‍ തന്നെ ലംഘിച്ചാല്‍ വിഴിഞ്ഞം എന്ന സ്വപ്നത്തിനു കേരളം കാത്തിരിക്കേണ്ടിവരും. അതിനു നല്‍കേണ്ടിവരുന്ന വില വലുതായിരിക്കും. ഫ്രീസറില്‍ നിന്നു പദ്ധതി പുറത്തെടുത്ത് അതിവേഗം ബഹുദൂരം മുന്നോട്ടു നയിക്കാനുള്ള ഇച്ഛാശക്തിയാണു വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്‍റെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു വേണ്ടത്.

No comments:

Post a Comment