Sunday, 17 July 2011

32,000 രൂപയുടെ നാനോ വീടുമായി ടാറ്റ

32,000 രൂപയുടെ നാനോ വീടുമായി ടാറ്റ
 ഒരു ലക്ഷം രൂപയ്ക്ക് നാനോ കാര്‍ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ച ടാറ്റ ഗ്രൂപ്പ് ഗ്രാമീണ മേഖലയ്ക്കായി 32,000 രൂപയുടെ വീടുകളുമായി വീണ്ടും അത്ഭുതം സൃഷ്ടിക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷത്തോടെ പദ്ധതി യാഥാര്‍ഥ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 
പരീക്ഷണാര്‍ഥം രാജ്യത്ത് 30 മേഖലകളിലായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കയര്‍ ബോര്‍ഡ്, ജൂട്ട് ബോര്‍ഡ്, സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയവരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നതായും ടാറ്റ സ്റ്റീല്‍ ഗ്ലോബല്‍ റിസര്‍ച്ച് പ്രോഗ്രാം മേധാവി സുമിതേഷ് ദാസ് വ്യക്തമാക്കുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ചട്ടക്കൂടിലായിരിക്കും വീടുകള്‍ നിര്‍മിക്കുക. കമ്പനി നല്‍കുന്ന കിറ്റില്‍ മേല്‍ക്കൂരയും വാതിലുകളും ജനലുകളും എല്ലാം ഉള്‍പ്പെടും. ഇവ ഉറപ്പിക്കുകയും കൂട്ടിച്ചേര്‍ക്കുകയും മാത്രം ചെയ്താല്‍ മതി.
ഏഴ് ദിവസത്തിനകം തീര്‍ക്കാവുന്ന രീതിയിലാണ് ഇവ തയ്യാറാക്കുന്നത്. അടിസ്ഥാന മോഡലിന് 20 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ടാകും. പരന്ന മേല്‍ക്കൂരയുള്ള ഇതിന് 32,000 രൂപയായിരിക്കും വിലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 30 ചതുരശ്ര മീറ്ററിന്റെയും മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ചതും മറ്റുമായ ഉയര്‍ന്ന മോഡലുകളും ലഭ്യമായിരിക്കും. 2001 കാനേഷുമാരിയില്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ 1.48 കോടി പേര്‍ ഭവനരഹിതരാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇവര്‍ക്ക് പദ്ധതി ഏറെ സഹായകരമാകും. ഇപ്പോഴത്തെ നിലയില്‍ ഇരുപത് വര്‍ഷമായിരിക്കും ഓരോ വീടിന്റെയും ആയുസ്സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment