
1931 ഡിസംബര്‍ ആറിന് നിലവറകളില്‍ ഒന്ന് തുറന്നു. സാക്ഷിയായ ഹിന്ദുലേഖകന്‍ ഇതു റിപ്പോര്‍ട്ട് ചെയ്തു. രാജാവ് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ മേല്‍നോട്ടത്തിലാണ് നിലവറ തുറന്നത്. ഒരു ആംബുലന്‍സ് ക്ഷേത്രത്തിന് പുറത്ത് സജ്ജമാക്കി നിര്‍ത്തിയിരുന്നു. തുറക്കുന്നവര്‍ക്ക് എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു ഇത്. രണ്ടര മണിക്കൂര്‍ ശ്രമിച്ചിട്ടും അറ തുറക്കാനാവാത്തതിനാല്‍ വാതില്‍ തല്ലിപ്പൊളിച്ചു. ഇലക്ട്രിക് ഫാനുകള്‍ വച്ചാണ് നിലവറയിലേക്ക് വായുസഞ്ചാരം ഉറപ്പാക്കിയത്. പെട്ടികളില്‍ സ്വര്‍ണ്ണ നാണയങ്ങള്‍, രത്നങ്ങള്‍, സ്വര്‍ണ്ണപാത്രങ്ങള്‍ തുടങ്ങിയവ നിലവറയില്‍ നിന്നുകിട്ടി. 300 സ്വര്‍ണ്ണപ്പാത്രങ്ങളും നാല് പണപ്പെട്ടികളും കിട്ടി.
രാവിലെ പത്തുമണിക്ക് വിശേഷാല്‍ പൂജയ്ക്കു ശേഷം തുടങ്ങിയ ദൌത്യം വൈകുന്നേരം 3.30 ന് അവസാനിച്ചു. നാലു പണപ്പെട്ടികള്‍ കൊട്ടാരം ട്രഷറിയിലേക്കു കൊണ്ടുപോയി. നിലവറ തുറന്നതായി എമിലി ഗില്‍ക്രിസ്റ്റ് ഹാച്ചിന്റെ ട്രാവന്‍കൂര്‍: എ ഗൈഡ് ബുക്ക് ഫോര്‍ ദി വിസിറ്റര്‍ എന്ന പുസ്തകത്തിലും പറയുന്നു. നിലവറ തുറക്കുന്ന കാലത്തു എമിലി തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.
1908 ല്‍ നിലവറ തുറക്കാന്‍ ശ്രമമുണ്ടായെങ്കിലും അകത്ത് പാമ്പുകളെ കണ്ടതിനാല്‍ ദൌത്യമുപേക്ഷിച്ചു. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ നിലവറ തുറന്ന് സ്വര്‍ണ്ണവും മറ്റും എടുത്തുപയോഗിച്ചിരുന്നുവെന്നും എമിലി പറയുന്നു. 1930 കളിലെ ആഗോളതലത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി തിരുവിതാംകൂറിനെയും ബാധിച്ചിരുന്നുവെന്നും അതാകാം ക്ഷേത്രത്തിലെ സ്വത്ത് എടുക്കാന്‍ കാരണമെന്നും പുസ്തകം പറയുന്നു.
ക്ഷേത്രത്തില്‍ കാണിക്ക അര്‍പ്പിക്കാന്‍ കൂറ്റന്‍ മരപ്പെട്ടികളുണ്ടായിരുന്നുവെന്നും ഇവ നിറയുമ്പോള്‍ നിലവറയിലേക്ക് മാറ്റിയിരുന്നുവെന്നും എമിലിയുടെ ഗ്രന്ഥം പറയുന്നു

No comments:
Post a Comment