Sunday, 17 July 2011

അപാകത പരിഹരിക്കാന്‍ നടപടി

Monday, July 18, 2011

തിരുവനന്തപുരം

മരുന്നു വിതരണത്തിലെ അപാകത പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. മരുന്നുകള്‍ക്ക് ഗുണനിലവാര മുദ്ര ഏര്‍പ്പെടുത്തും. മരുന്നുകളുടെ വില്‍പ്പന നിയന്ത്രിക്കുന്നതിനുള്ള ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്റ്റില്‍ ഗുണനിലവാരം നിര്‍ബന്ധമാക്കുന്ന വകുപ്പ് ഏര്‍പ്പെടുത്താനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനം.

മറ്റ് ഉത്പന്നങ്ങള്‍ക്കു നല്‍കുന്ന ഐഎസ്ഐ മാര്‍ക്കിന് സമാനമായ ഗുണനിലവാര മുദ്രയായിരിക്കും മരുന്നുകള്‍ക്കു നല്‍കുക. വ്യാജ മരുന്നുകളുടെ വില്‍പ്പന വ്യാപകമാകുന്ന പശ്ചാത്തലത്തിലാണു തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ നിര്‍ദേശം നല്‍കും.

അംഗീകൃത മരുന്നു കമ്പനികളുടെ ഉത്പന്നങ്ങള്‍ കര്‍ശന നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയ ശേഷമായിരിക്കും വിതരണത്തിന് അനുമതി നല്‍കുക. പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കും മുന്‍പ് ബന്ധപ്പെട്ട വകുപ്പിന്‍റെ അനുവാദം നേടണമെന്നും നിര്‍ദേശിക്കും. ഇതോടെ മരുന്നു വിതരണത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാനായേക്കുമെന്നാണു പ്രതീക്ഷ.

നിയമം ലംഘിച്ച് വ്യാജ മരുന്നുകളും നിലവാരം കുറഞ്ഞ മരുന്നുകളും വ്യാപകമായി വിറ്റഴിക്കുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതിയും നിര്‍ദേശിച്ചിട്ടുണ്ട്. മരുന്നുകള്‍ വിറ്റഴിക്കുന്നതിന് ഇപ്പോള്‍ കാര്യമായ നിയന്ത്രണങ്ങളില്ല. മരുന്ന് വ്യാപാരികള്‍ തങ്ങളുടെ ഇഷ്ടാനുസരണമാണ് മരുന്നു വിറ്റഴിക്കുന്നത്. തോന്നുംപോലെ വില നിശ്ചയിക്കുന്നതു വഴി സാധാരണക്കാര്‍ക്കുണ്ടാകുന്ന നഷ്ടവും ഭീമമാണ്.

ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ക്വാളിറ്റി ടെസ്റ്റ് നടത്തിയ ഉത്പന്നം മാത്രമേ വിപണിയില്‍ വിറ്റഴിക്കാവൂ എന്ന് നിര്‍ദേശമുണ്ട്. ഇത്തരത്തില്‍ ഓരോ ഉത്പന്നങ്ങളും പരിശോധനയ്ക്കു വിധേയമാക്കണമെന്ന് നിയമമുണ്ടെങ്കിലും ഇവയൊന്നും പാലിക്കപ്പെടുന്നില്ല. മരുന്നു വിതരണത്തില്‍ നിയന്ത്രണം വരുന്നതോടെ ഉത്പാദന ചെലവും ലാഭവും കണക്കാക്കി സര്‍ക്കാരിനു പരമാവധി വില നിശ്ചയിക്കാനാകും.

No comments:

Post a Comment