Sunday, 17 July 2011

അടിച്ചമര്‍ത്തിയാല്‍ അമരില്ല, മാധ്യമ പ്രവര്‍ത്തനം

മാധ്യമ പ്രവര്‍ത്തകരുടെ നേര്‍ക്ക് ഇന്നലെ തിരുവനന്തപുരത്തുണ്ടായ അക്രമങ്ങള്‍ എത്രയും അപലപനീയം. കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളെജ് -എല്‍എംഎസ് സെക്യൂരിറ്റി ജീവനക്കാരും അവരുടെ സഹായത്തിനെത്തിയ ചില പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏതാനും മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ടു മര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമ സംഭവങ്ങള്‍ ചിത്രീകരിച്ച ടെലിവിഷന്‍ ക്യമറമാനെ അടിച്ചു വീഴ്ത്തി ക്യാമറ തട്ടിയെടുത്തു നിലത്തടിച്ചു നശിപ്പിച്ചു. സംഭവത്തിന്‍റെ ഏറ്റവും പ്രധാന തെളിവായിരുന്ന ടേപ്പ് തട്ടിയെടുത്ത അക്രമികള്‍, അതിലെ ദൃശ്യങ്ങള്‍ മായ്ച്ചു കളയുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ആറു മണിക്കൂറോളം മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തിയിട്ടും അക്രമികള്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല എന്നതു ഗുരുതരമായ വീഴ്ചയാണ്.

ലെജിസ്ലേറ്റിവ്, എക്സിക്യൂട്ടിവ്, ജുഡീഷ്യറി എന്നീ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ സ്ഥാനം. രാജ്യത്തെ ഗ്രസിച്ചിട്ടുള്ള പുഴുക്കുത്തുകള്‍ക്കെതിരേ മുന്‍പറഞ്ഞ എല്ലാ നെടുംതൂണുകളും പരാജയപ്പെടുകയോ മൗനം പാലിക്കുകയോ ചെയ്തപ്പോഴൊക്കെ ഇവിടത്തെ മാധ്യമങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. അതെല്ലാം ഉദ്ദേശിച്ച ഫലം ചെയ്തിട്ടുമുണ്ട്. രാജ്യത്തിന്‍റെ മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രമേ വരൂ മലയാളികള്‍. പക്ഷേ, ലോകത്തു തന്നെ മറ്റേതു സമൂഹത്തെക്കാള്‍ വേഗത്തില്‍ മാധ്യമസ്വാധീനത്തിനു വഴിപ്പെടുന്നവരാണു മലയാളികള്‍ എന്ന കാര്യവും മറക്കരുത്. ജനങ്ങളില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന വാര്‍ത്താശേഖരണരീതിയല്ല കേരളത്തിലുള്ളത്. ഓരോ മലയാളിയും വാര്‍ത്തയുടെ പങ്കാളിയാണ്. ഭരണകൂടത്തോടും ജുഡീഷ്യറിയോടും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളോടും പറയാന്‍ മടിക്കുന്നത് ജനങ്ങള്‍ മാധ്യമശ്രദ്ധയില്‍ കൊണ്ടു വരും. പലചരക്കുകടയിലെ കൊള്ളലാഭം മുതല്‍ സ്വാശ്രയ കോളെജുകളിലെ തീവെട്ടിക്കൊള്ള വരെ വാര്‍ത്തകള്‍ക്കു വിഭവങ്ങളാണ്. സ്ത്രീ പീഡനങ്ങള്‍ മുതല്‍ മണി ചെയ്ന്‍ തട്ടിപ്പു വരെയുള്ള കൊള്ളരുതായ്മകള്‍ മാധ്യമ ചര്‍ച്ചയിലൂടെ തിരുത്താന്‍ കഴിയുന്നു. കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളെജിലെ മുഴുവന്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നു പ്രവേശനം നടത്താന്‍ ഇന്നലെ വൈകുന്നേരം കോളെജ് മാനെജ്മെന്‍റ് കൈക്കൊണ്ട തീരുമാനത്തിനു പിന്നിലെ വാര്‍ത്താമൂല്യവും അതുതന്നെ.

സാമൂഹിക നീതിയുടെ പേരു പറഞ്ഞാണു കാരക്കോണമടക്കമുള്ള സ്വകാര്യ സ്വാശ്രയ പ്രൊഫഷനല്‍ കെളെജുകള്‍ സ്ഥാപിതമായത്. എന്നാല്‍, പ്രവേശന പരീക്ഷ പോലും നടത്താതെ അവിടെ മുഴുവന്‍ സീറ്റുകളും ലക്ഷങ്ങള്‍ കോഴ വാങ്ങി മറിച്ചു വിറ്റു എന്ന വാര്‍ത്ത ഒരു ചാനല്‍ പുറത്തു കൊണ്ടുവന്നു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പരിയാരം സഹകരണ മെഡിക്കല്‍ കോളെജിലെ മെഡിക്കല്‍ പിജി പ്രവേശനത്തിനു പിന്നിലെ തട്ടിപ്പ് പുറത്തു കൊണ്ടു വന്നതും മാധ്യമങ്ങള്‍ തന്നെ. കഴിഞ്ഞ ആറേഴു വര്‍ഷങ്ങളായി സര്‍ക്കാരും നീതിപീഠങ്ങളും ശ്രമിച്ചിട്ടു പരിഹരിക്കാന്‍ കഴിയാതിരുന്ന സാമൂഹിക പ്രശ്നങ്ങളാണ് ഇപ്പോള്‍ ശക്തമായ മാധ്യമ ഇടപെടലിലൂടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളെജ് അര്‍ഹതപ്പെട്ട സീറ്റുകള്‍ സര്‍ക്കാരിനു വിട്ടു കൊടുക്കാന്‍ തീരുമാനിച്ചു. കാരക്കോണം മെഡിക്കല്‍ കോളെജില്‍ 15% എന്‍ആര്‍ഐ സീറ്റ് ഒഴികെയുള്ള സീറ്റുകളില്‍ പൊതുപ്രവേശന കമ്മിഷണര്‍ നടത്തിയ പരീക്ഷയിലെ റാങ്ക് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാനും തീരുമാനമെടുത്തിരിക്കുന്നു. ഈ രണ്ടു തിരുത്തലുകളും എല്ലാവര്‍ക്കും പാഠമാകേണ്ടതാണ്.

അതിശക്തമായ മാധ്യമ മത്സരമാണു കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. അത്യാധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളും മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തിനുണ്ട്. പാശ്ചാത്യ നാടുകളിലെ പാപ്പരാസി പത്രപ്രവര്‍ത്തനവും മഞ്ഞപ്പത്ര പ്രവര്‍ത്തനവും കേരളത്തില്‍ അധികം വിലപ്പോകില്ല. ആ വഴിക്കു നീങ്ങുന്നവരെ വളരെ വേഗം കണ്ടെത്താനും പിടികൂടാനും കുറ്റവിചാരണ നടത്താനും ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും കഴിയുമെന്നും തെളിയക്കപ്പെട്ടിട്ടുണ്ട്. ജനാധിപത്യ സംരക്ഷണത്തിനു മാധ്യമ സ്വാതന്ത്ര്യം നിലനിന്നേ തീരൂ, അത് ആര്‍ക്കു തന്നെ രുചിച്ചാലും ഇല്ലെങ്കിലും. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ രാജ്യത്തിന്‍റെ ജനാധിപത്യം ഏതു പടുപാതാളത്തിലേക്ക് ആണ്ടുപോകുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് അടിയന്തരാവസ്ഥ. ഈ യാഥാര്‍ഥ്യം ഭരണാധികാരികള്‍ തിരിച്ചറിയണം. അപ്രിയ വാര്‍ത്തകളോട് അസഹിഷ്ണുത പുലര്‍ത്തുന്നവര്‍ 2ജി സ്പെക്ട്രം മുതല്‍ കാരക്കോണം വരെയുള്ള അഴിമതികളെക്കുറിച്ചും അവയ്ക്കു മാധ്യമ ഇടപെടലുകളിലൂടെ ഉണ്ടാകുന്ന പരിഹാരങ്ങളെക്കുറിച്ചും ഓര്‍ക്കുന്നതു നന്ന്. ഇന്നലെ തിരുവനന്തപുരത്തു മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേയുണ്ടായ അക്രമങ്ങള്‍ക്ക് ഉത്തരവാദികളായവരെ എത്രയും പെട്ടെന്നു നിയമത്തിന്‍റെ മുന്നില്‍ കൊണ്ടു വന്ന് പരമാവധി ശിക്ഷ ഉറപ്പു വരുത്തണം. ഒരു പരാതിക്കുവേണ്ടി കാത്തു നില്‍ക്കാതെ നേരിട്ട് ചെയ്യാവുന്ന നടപടി, ഒരു നിമിഷം പോലും വച്ചു താമസിപ്പിക്കാതെ പൂര്‍ത്തിയാക്കട്ടെ, സംസ്ഥാന സര്‍ക്കാര്‍.

No comments:

Post a Comment